ഉത്തരാഖണ്ഡിൽ 2022-ൽ കൊല്ലപ്പെട്ട അങ്കിത ഭണ്ഡാരിയുടെ (19) കുടുംബത്തോടൊപ്പം ചേർന്ന് ന്യൂഡൽഹിയിലെ ഇന്ത്യ ഗേറ്റിനു മുന്നിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും മിന്നൽ സമരം നടത്തി.
ബിജെപി നേതാക്കൾ പ്രതിയായ ഈ കൊലപാതക കേസിൽ നീതി ആവശ്യപ്പെട്ടാണ് കുടുംബം ഇന്ത്യ ഗേറ്റിലെത്തിയത്. സംഭവസ്ഥലത്തേക്ക് കൂടുതൽ പാർട്ടി പ്രവർത്തകർ എത്തിച്ചേരുന്നുണ്ട്.
കൊലപാതക കേസിൽ സിബിഐ അന്വേഷണം പൂർത്തിയാകുന്നതുവരെ ബിജെപി നേതാവ് ദുഷ്യന്ത് കുമാർ ഗൗതമിനെ സിക്കിം ഗവർണറായി നിയമിക്കുന്നത് തടയണമെന്ന് ആവശ്യപ്പെട്ടാണ് അങ്കിതയുടെ മാതാപിതാക്കൾ പ്രതിഷേധം സംഘടിപ്പിച്ചത്. അന്വേഷണം അവസാനിക്കുന്നതുവരെ ഗൗതമിനെ ഗവർണറായി നിയമിക്കരുതെന്ന് അങ്കിതയുടെ പിതാവ് വീരേന്ദ്ര സിങ് ഭണ്ഡാരിയും മാതാവ് സോണി ദേവിയും രാഷ്ട്രപതി ദ്രൗപതി മുർമുവിനോട് അഭ്യർഥിച്ചു.
ഋഷികേശിലെ റിസോർട്ടിൽ റിസപ്ഷനിസ്റ്റായി ജോലി ചെയ്തിരുന്ന അങ്കിത 2022 സെപ്റ്റംബർ 18നാണ് കൊല്ലപ്പെട്ടത്. നാല് ദിവസത്തിന് ശേഷം കനാലിൽ നിന്നാണ് മൃതദേഹം കണ്ടെടുത്തത്.
മുൻ ബിജെപി നേതാവ് വിനോദ് ആര്യയുടെ മകനും റിസോർട്ട് ഉടമയുമായ പുൽകിത് ആര്യയും മറ്റ് രണ്ട് കൂട്ടാളികളും കേസിൽ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ടിരുന്നു. കേസിൽ ഗൗതമിന്റെ പേരും ഉയർന്നു വന്നിരുന്നു.
ആരോപണം ഉന്നയിച്ചവർക്കെതിരെ ദുഷ്യന്ത് കുമാർ ഗൗതം മാനനഷ്ടക്കേസ് ഫയൽ ചെയ്തിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

