ഔദ്യോഗിക തിരക്കുകളും ഗൗരവങ്ങളും മാറ്റിവെച്ച് കളിചിരികളുടെയും സൗഹൃദ സംഭാഷണങ്ങളുടെയും വേദിയായി മാറി കോഴിക്കോട് ജില്ലാ കലക്ടറുടെ ചേംബർ. ജില്ലാ ഭരണകൂടത്തിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച വരുന്ന ‘കുട്ട്യോളും കലക്ടറും’ സംവാദ പരിപാടിയുടെ അഞ്ചാം പതിപ്പാണ് കുട്ടികളുടെ സജീവ സാന്നിധ്യംകൊണ്ട് ശ്രദ്ധേയമായത്.
കിനാലൂർ ഗവ. യുപി സ്കൂളിലെ അഞ്ച്, ആറ്, ഏഴ് ക്ലാസുകളിൽ പഠനം പൂർത്തിയാക്കുന്ന വിദ്യാർഥികളാണ് ജില്ലാ കലക്ടർ എം.എസ്.മാധവിക്കുട്ടിയുമായി സംവദിക്കാനായി കലക്ടറേറ്റിൽ എത്തിയത്.
കുട്ടികളുമായി വളരെ സൗഹൃദപരമായി ഇടപെട്ട കലക്ടർ, അവരുടെ വിശേഷങ്ങൾ ചോദിച്ചറിയുകയും ഒപ്പം ഒത്തുകൂടിയ സന്തോഷം പങ്കിടുകയും ചെയ്തു.
തങ്ങളുടെ വിദ്യാലയത്തിൽ മികച്ചൊരു കളിസ്ഥലം വേണമെന്ന ആഗ്രഹം കുട്ടികൾ കലക്ടറുടെ മുന്നിൽ അവതരിപ്പിച്ചു. വിഷയത്തിൽ തികച്ചും അനുഭാവപൂർവമായ സമീപനമാണ് കലക്ടറുടെ ഭാഗത്തുനിന്നും ഉണ്ടായത്.
കൂടാതെ, ഭാവിയിൽ ജില്ലാ കലക്ടറാകാൻ ആഗ്രഹിക്കുന്ന കൊച്ചുമിടുക്കർക്ക് അതിനായി സ്വീകരിക്കേണ്ട പഠന രീതികളെക്കുറിച്ചും ആവശ്യമായ തയാറെടുപ്പുകളെക്കുറിച്ചും അവർ ലളിതമായി വിശദീകരിച്ചു നൽകി.
കുട്ടികളിൽ ആത്മവിശ്വാസം വളർത്തുക, ഭരണസംവിധാനങ്ങളുടെ പ്രവർത്തനരീതികൾ അടുത്തറിയാൻ അവസരമൊരുക്കുക, വിദ്യാർഥികളുടെ ആശയങ്ങളും ആവശ്യങ്ങളും നേരിട്ട് മനസ്സിലാക്കുക എന്നീ ലക്ഷ്യങ്ങളെ മുൻനിർത്തിയാണ് ഈ സംവാദ പരിപാടി സംഘടിപ്പിച്ചു വരുന്നത്. ഈ ഔദ്യോഗിക ഒത്തുചേരലിൽ സ്കൂൾ പ്രധാനാധ്യാപിക കെ.ബി.ശ്രീജ, അധ്യാപകരായ പി.എം.സോമൻ, സി.സന്ധ്യ, ശോഭ എന്നിവരും സന്നിഹിതരായിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

