മലപ്പുറം ജില്ലയില് റോഡില് വെച്ച് കുടുംബത്തിന് നേരെ അക്രമം അഴിച്ചുവിട്ട സംഭവത്തില് യുവാവ് അറസ്റ്റിലായി.
ഏഴൂര് സ്വദേശിയായ പൊട്ടച്ചോലപ്പടി അജിത്ത് (30) ആണ് തിരൂർ പൊലീസ് പിടിയിലായത്. തിരൂര് വിഷുപ്പാടത്ത് കഴിഞ്ഞ ദിവസമായിരുന്നു നാടിനെ ഞെട്ടിച്ച സംഭവം അരങ്ങേറിയത്.
ബൈക്കില് സഞ്ചരിക്കുകയായിരുന്ന കുടുംബത്തിന്റെ വഴി തടഞ്ഞ് പ്രതി അക്രമം അഴിച്ചുവിടുകയായിരുന്നുവെന്നാണ് പരാതി. ഈ അതിക്രമം കണ്ട് തടയാന് മുന്നോട്ട് വന്ന മറ്റൊരാളെയും ഇയാള് ക്രൂരമായി മര്ദ്ദിച്ചു.
അക്രമണത്തിനിടയില് ഇവര് സഞ്ചരിച്ചിരുന്ന ബൈക്കും പൂര്ണ്ണമായും തകര്ത്തു. സംഭവത്തില് പരിക്കേറ്റ സ്ത്രീയുടെ പരാതിയെ തുടര്ന്ന് തിരൂര് പൊലീസ് കേസെടുത്ത് അന്വേഷണം ഊര്ജ്ജിതമാക്കിയിരുന്നു.
തുടര്ന്ന് നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രതിയെ പിടികൂടാന് സാധിച്ചത്. ലഹരിക്ക് അടിമയായ പ്രതിയുടെ പേരില് ഇതിനുമുന്പും നിരവധി അടിപിടി കേസുകള് നിലവിലുണ്ടെന്ന് അന്വേഷണ ഉദ്യോഗസ്ഥര് വ്യക്തമാക്കി.
രാത്രികാലങ്ങളില് ഇതുവഴി യാത്ര ചെയ്യുന്ന സ്ത്രീകളുടെ മുന്നിലേക്ക് ചാടിവീണ് വഴിതടയുന്നതും, അസഭ്യം പറയുന്നതും ഇയാളുടെ പതിവായിരുന്നുവെന്ന് നാട്ടുകാര് ആരോപിക്കുന്നു. പൊതുസ്ഥലങ്ങളില് യാത്രക്കാര്ക്ക് നേരെ തുടര്ച്ചയായി ഉണ്ടാകുന്ന ഇത്തരം അതിക്രമങ്ങള്ക്കെതിരെ കര്ശന നിയമനടപടികള് സ്വീകരിക്കണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്.
തിരൂര് ഇന്സ്പെക്ടര് ജലീല് കറുത്തേടത്തിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്. സംഘത്തില് എസ്ഐമാരായ അനുഷ, പി മിഥുന്, നസീര് തിരൂര്ക്കാട്, സീനിയര് സിവില് പൊലീസ് ഓഫീസര് ശശി, സിവില് പൊലീസ് ഓഫീസര്മാരായ ആശിഷ്, ടോണി, അനന്തു, ദില്ജിത്ത്, പ്രദീപ് എന്നിവരും ഉള്പ്പെട്ടിരുന്നു.
തുടര്ന്ന് കോടതിയില് ഹാജരാക്കിയ പ്രതിയെ തിരൂര് സബ് ജയിലിലേക്ക് മാറ്റി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

