വയനാട് ജില്ലയിലെ നടവയൽ മേഖലയിൽ വന്യജീവി ആക്രമണം രൂക്ഷമാകുന്നു. പൂതാടി പഞ്ചായത്തിലെ നെയ്ക്കുപ്പയിൽ കാട്ടാനകൾ ക്രാഷ് ഗാർഡ് വേലി തകർത്ത് ജനവാസ മേഖലയിലേക്ക് കടന്നതായി റിപ്പോർട്ട്.
കഴിഞ്ഞദിവസം പാതിരി സൗത്ത് സെക്ഷൻ വനത്തിലെ മണൽവയൽ വനമേഖലയിൽ നിന്നാണ് കാട്ടാന വേലിയുടെ തൂൺ ചവിട്ടിവളച്ച് പുറത്തിറങ്ങിയത്. ഈ പ്രദേശത്ത് കോടികൾ ചെലവഴിച്ച് ക്രാഷ് ഗാർഡ് വേലിയുടെ പണികൾ പൂർത്തീകരിക്കുകയും തൂക്കുവേലി സ്ഥാപിക്കുകയും ചെയ്തിരുന്നുവെങ്കിലും ഇവയെല്ലാം മറികടന്നാണ് കാട്ടാന കൃഷിയിടത്തിൽ എത്തിയത്.
കോടികൾ മുടക്കി നിർമിച്ച ക്രാഷ് ഗാർഡ് വേലിയിൽ നിലവാരം കുറഞ്ഞ ഉൽപന്നങ്ങളാണ് ഉപയോഗിച്ചതെന്നും ഇതിന് പിന്നിൽ അഴിമതിയുണ്ടെന്നും നാട്ടുകാർ ആരോപിക്കുന്നു. നിർമാണത്തിലെ പാകപ്പിഴ കാരണം കാട്ടാനയുടെ ചെറിയ ചവിട്ടിൽ പോലും തൂണുകൾ വളയുകയും ഒടിയുകയും ചെയ്യുന്ന സ്ഥിതിയാണുള്ളത്.
നിലവാരം കുറഞ്ഞ തൂണുകൾ അടിയന്തരമായി മാറ്റി സ്ഥാപിച്ചില്ലെങ്കിൽ വന്യജീവികൾ കൂടുതൽ സജീവമാകാനും കർഷകർക്ക് കനത്ത നഷ്ടം നേരിടേണ്ടി വരികയും ചെയ്യും. വേലി നിർമാണം പൂർത്തിയായ ഘട്ടത്തിൽ കാട്ടാനശല്യം കുറഞ്ഞിരുന്നെങ്കിലും, പിന്നീട് അധികൃതരുടെ ഭാഗത്തുനിന്ന് വേണ്ടത്ര ശ്രദ്ധ ഉണ്ടാകാതിരുന്നതാണ് പ്രതിസന്ധിയായത്.
നേരം വെളുത്ത ശേഷമാണ് രാത്രിയിൽ കാട്ടാന കൃഷിയിടത്തിലെത്തിയ വിവരം കർഷകർ അറിയുന്നത് തന്നെ. വനത്തിൽ നിന്നിറങ്ങിയ കാട്ടാന പ്രദേശത്തെ കർഷകരുടെ വാഴ, കമുക്, കാപ്പി, തെങ്ങ് തുടങ്ങിയ വിളകൾ പൂർണ്ണമായി നശിപ്പിച്ചു.
കോടികൾ ചെലവഴിച്ചുള്ള നിർമാണം പരാജയപ്പെട്ട സാഹചര്യത്തിൽ പ്രദേശത്ത് കാവൽക്കാരെ നിയമിക്കണമെന്നും പട്രോളിങ് ശക്തമാക്കണമെന്നുമാണ് നാട്ടുകാരുടെ ശക്തമായ ആവശ്യം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

