രഞ്ജി ട്രോഫി ക്രിക്കറ്റിൽ ജാർഖണ്ഡ് ടീമിനെതിരെ നിർണായകമായ 192 റണ്സിന്റെ കൂറ്റൻ ഒന്നാം ഇന്നിംഗ്സ് ലീഡ് കേരളം വഴങ്ങി. മത്സരത്തിന്റെ നാലാം ദിനം ലഞ്ചിന് ശേഷം കേരളം 395 റണ്സിന് പുറത്താവുകയായിരുന്നു.
ജാര്ഖണ്ഡിന്റെ ഒന്നാം ഇന്നിംഗ്സ് സ്കോറായ 587 റൺസിന് മറുപടിയായാണ് കേരളം ഈ സ്കോർ നേടിയത്. ബാറ്റിംഗിൽ മികച്ച ചെറുത്തുനിൽപ്പ് നടത്തിയ ആദിത്യ സര്വാതെ 95 റണ്സും, സല്മാന് നിസാര് 43 റണ്സും നേടി കേരളത്തിനായി പൊരുതി.
ഏഴാം വിക്കറ്റില് സെഞ്ചുറി കൂട്ടുകെട്ടുയര്ത്തി സല്മാന് നിസാറും ആദിത്യ സര്വാതെയും ടീമിന് വലിയ പ്രതീക്ഷ നല്കിയെങ്കിലും, സല്മാന് നിസാര് പുറത്തായതോടെ കേരളത്തിന്റെ ചെറുത്തുനിൽപ്പ് അവസാനിക്കുകയായിരുന്നു. ജാര്ഖണ്ഡിനായി പന്തെറിഞ്ഞ മനീഷിയും ഉത്കര്ഷ് സിംഗും നാലു വിക്കറ്റ് വീതം വീഴ്ത്തി ബൗളിംഗില് തിളങ്ങി.
ആറ് വിക്കറ്റ് നഷ്ടത്തിൽ 269 റൺസ് എന്ന സ്കോറിലാണ് കേരളം നാലാം ദിനം ബാറ്റിംഗ് പുനരാരംഭിച്ചത്. സല്മാന് നിസാർ – ആദിത്യ സര്വാതെ സഖ്യം ടീമിനെ 353 റണ്സിലെത്തിച്ച് ഭേദപ്പെട്ട
നിലയിലെത്തിച്ചെങ്കിലും ഒടുവിൽ 395 റണ്സിന് കേരളം ഓള് ഔട്ടായി. സല്മാന് നിസാര് പുറത്തായശേഷം വാലറ്റത്ത് 11 റണ്സെടുത്ത വൈശാഖ് ചന്ദ്രൻ മാത്രമാണ് രണ്ടക്കം കടന്ന മറ്റ് താരം.
മത്സരത്തിന്റെ ആദ്യഘട്ടങ്ങളിൽ ബാറ്റിങ്ങിനെ പിന്തുണയ്ക്കുന്ന പിച്ചിൽ ഓപ്പണർ അഭിഷേക് നായർ നേടിയ സെഞ്ചുറിയാണ് (126) കേരളത്തിന് കരുത്തായത്. മൂന്നാം ദിനം രണ്ട് വിക്കറ്റിന് 224 റൺസ് എന്ന ശക്തമായ നിലയിലായിരുന്ന കേരളത്തിന് എന്നാൽ അവസാന സെഷനിൽ തുടരെ വിക്കറ്റുകൾ നഷ്ടമായത് കനത്ത തിരിച്ചടിയായി.
വെറും 45 റൺസിനിടെയാണ് കേരളത്തിന് നാല് വിക്കറ്റുകൾ നഷ്ടപ്പെട്ടത്. അഭിഷേക് നായരും രോഹൻ കുന്നുമ്മലും (44) ചേർന്ന് മികച്ച ഓപ്പണിംഗ് കൂട്ടുകെട്ടാണ് നൽകിയത്.
തുടർന്നെത്തിയ സച്ചിൻ ബേബി (35) അഭിഷേകിന് മികച്ച പിന്തുണ നല്കിയെങ്കിലും സച്ചിന്റെ മടക്കം തകർച്ചയ്ക്ക് കാരണമായി. ക്യാപ്റ്റൻ വിഷ്ണു വിനോദ് (15), മുഹമ്മദ് അസ്ഹറുദ്ദീൻ (0) എന്നിവർക്ക് പ്രതീക്ഷയ്ക്കൊത്ത് ഉയരാനായില്ല.
അസ്ഹറുദ്ദീൻ റൺസൊന്നുമെടുക്കാതെയാണ് പവലിയനിലേക്ക് മടങ്ങിയത്. മത്സരത്തിൽ ഇനി രണ്ട് സെഷൻ മാത്രം ശേഷിക്കെ ഒന്നാം ഇന്നിംഗ്സ് ലീഡ് നേടിയ ജാര്ഖണ്ഡിന് 3 പോയിന്റും കേരളത്തിന് ഒരു പോയിന്റും മാത്രമാണ് ഇനി പരമാവധി നേടാനാവുക.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

