ദക്ഷിണ കൊറിയൻ വാഹന നിർമാതാക്കളായ ഹ്യുണ്ടായ് മോട്ടോർ ഗ്രൂപ്പ് ഇന്ത്യയിൽ വൻകിട നിക്ഷേപ പദ്ധതിക്ക് കളമൊരുക്കുന്നു.
2032 വരെയുള്ള കാലയളവിൽ രാജ്യത്ത് 15.5 ബില്യൺ ഡോളറിന്റെ നിക്ഷേപം നടത്തുമെന്നാണ് കമ്പനി ഔദ്യോഗികമായി പ്രഖ്യാപിച്ചിരിക്കുന്നത്. പ്രധാനമന്ത്രിയുടെ ഓഫിസിൽ വെച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഹ്യുണ്ടായ് മോട്ടർ ഗ്രൂപ്പ് എക്സിക്യൂട്ടീവ് ചെയർമാൻ യൂസുൻ ചുങ്ങും തമ്മിൽ നടത്തിയ നിർണായക കൂടിക്കാഴ്ചയ്ക്ക് പിന്നാലെയാണ് ഈ പ്രഖ്യാപനം പുറത്തുവന്നിരിക്കുന്നത്.
ഇന്ത്യ ഹ്യുണ്ടായിയുടെ സുപ്രധാനവും തന്ത്രപ്രധാനവുമായ വിപണിയാണെന്ന് യൂസുൻ ചുങ് വ്യക്തമാക്കി. വരുന്ന ഏഴ് വർഷം കൊണ്ട് നടപ്പിലാക്കാൻ ഉദ്ദേശിക്കുന്ന ഈ ബൃഹത്തായ പദ്ധതിയിൽ നിർമാണ വിപുലീകരണം, ഗവേഷണ-വികസന അടിസ്ഥാനസൗകര്യ വികസനം എന്നിവയ്ക്കാണ് മുൻഗണന നൽകുന്നത്.
കൂടാതെ, ഘടകഭാഗങ്ങളുടെ പ്രാദേശിക ഉൽപാദനത്തിനായി വിതരണക്കാരെ പ്രോത്സാഹിപ്പിക്കുക, ഭാവി സാങ്കേതിക നവീകരണം എന്നിവയും ഇതിന്റെ ഭാഗമായി നടപ്പിലാക്കും. ഈ പദ്ധതിയുടെ സുഗമമായ നടത്തിപ്പിനായി ഇന്ത്യയിൽ പ്രത്യേകമായൊരു നിക്ഷേപ സ്ഥാപനം രൂപീകരിക്കുമെന്നും ഗ്രൂപ്പ് കൂട്ടിച്ചേർത്തു.
ഈ വർഷങ്ങളിൽ ഇന്ത്യൻ കാർ വിപണി വലിയ വളർച്ചയാണ് രേഖപ്പെടുത്തുന്നത്. കഴിഞ്ഞ ഓഗസ്റ്റിൽ 36% വാർഷിക വളർച്ചയോടെ 4.39 ലക്ഷം പുതിയ കാറുകളാണ് രാജ്യത്ത് വിറ്റഴിഞ്ഞത്.
വാഹന നിർമാതാക്കളുടെ കൂട്ടായ്മയായ സൊസൈറ്റി ഓഫ് ഇന്ത്യൻ ഓട്ടോമൊബൈൽ മാനുഫാക്ചറേഴ്സിന്റെ (സിയാം) കണക്കുകൾ പ്രകാരം മാരുതി സുസുക്കിയാണ് വിപണിയിൽ ഒന്നാം സ്ഥാനത്ത്. ഏപ്രിൽ-ഓഗസ്റ്റ് കാലയളവിലെ കണക്കുകൾ പരിശോധിക്കുമ്പോൾ മഹീന്ദ്ര ആൻഡ് മഹീന്ദ്ര രണ്ടാമതും ഹ്യുണ്ടായ് മൂന്നാം സ്ഥാനത്തുമാണ് നിൽക്കുന്നത്.
കഴിഞ്ഞ 2024-ലാണ് ഹ്യുണ്ടായ് മോട്ടോർ ഇന്ത്യ തങ്ങളുടെ പ്രാരംഭ ഓഹരി വിൽപന (ഐപിഒ) വഴി ഇന്ത്യൻ ഓഹരി വിപണിയിൽ എത്തിയത്. ഇന്ത്യൻ കോർപ്പറേറ്റ് ചരിത്രത്തിലെ ഏറ്റവും വലിയ ഐപിഒ വഴി 27,800 കോടി രൂപയാണ് കമ്പനി സമാഹരിച്ചത്.
പുതിയ നിക്ഷേപ പ്രഖ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഇന്ന് വിപണിയിൽ ഹ്യുണ്ടായ് ഓഹരികൾ മികച്ച മുന്നേറ്റമാണ് കാഴ്ചവെക്കുന്നത്. ഉച്ചയ്ക്കത്തെ വ്യാപാര സെഷനിൽ എൻഎസ്ഇയിൽ 1.79% നേട്ടത്തോടെ 2000.10 രൂപയിലാണ് ഓഹരി വില തുടരുന്നത്.
(Disclaimer: ഈ ലേഖനം ഓഹരി/കടപ്പത്രം/മ്യൂച്വൽഫണ്ട്/ക്രിപ്റ്റോകറൻസി/ഐപിഒ/സ്വർണം മുതലായവ വാങ്ങാനോ വില്ക്കാനോ ഉള്ള നിര്ദേശമോ ഉപദേശമോ അല്ല. ഓഹരി/കടപ്പത്രം/മ്യൂച്വൽഫണ്ട് മുതലായ നിക്ഷേപങ്ങൾ വിപണിയിലെ റിസ്കുകൾക്ക് വിധേയമാണ്.
നിക്ഷേപം നടത്തുന്നതിന് മുമ്പ് നിങ്ങള് സ്വയം പഠനങ്ങൾ നടത്തുകയോ ഒരു വിദഗ്ധന്റെ ഉപദേശം തേടുകയോ ചെയ്യുക)
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

