സംസ്ഥാന സർക്കാരിന്റെ ഡല്ഹിയിലെ പ്രത്യേക പ്രതിനിധിയായി 2023-ൽ ചുമതലയേറ്റ കെ.വി.തോമസിന്റെ ഓണറേറിയം ഉൾപ്പെടെയുള്ള ചെലവുകളുടെ കണക്കുകൾ പുറത്തുവന്നു. പ്രതിമാസം ഒരു ലക്ഷം രൂപ നിരക്കിലാണ് അദ്ദേഹത്തിന് ഓണറേറിയം അനുവദിച്ചിരുന്നത്.
ഇതുപ്രകാരം ആകെ 39.51 ലക്ഷം രൂപയാണ് ഓണറേറിയമായി നൽകിയത്. 2026 മേയ് 4 വരെയായിരുന്നു നിയമന കാലാവധി നിശ്ചയിച്ചിരുന്നത്.
ഓണറേറിയത്തിന് പുറമെ അദ്ദേഹത്തിന്റെ ഓഫീസിലെ 5 സ്റ്റാഫുകളുടെ ശമ്പള ഇനത്തിൽ ആകെ 61.96 ലക്ഷം രൂപയും സർക്കാർ അനുവദിച്ചിട്ടുണ്ട്. ഇതോടെ ഈ രണ്ട് പ്രധാന ഇനങ്ങളിൽ മാത്രമായി ഖജനാവിൽ നിന്ന് ഏകദേശം ഒരു കോടിയോളം രൂപയാണ് ചെലവഴിച്ചത്.
ഇതിനുപുറമേ ഔദ്യോഗിക വാഹനത്തിന്റെ ഇന്ധനച്ചെലവായി 2,20,429 രൂപയും ഹോസ്പിറ്റാലിറ്റി വിഭാഗത്തിൽ 1,59,459 രൂപയും വന്നിട്ടുണ്ട്. 2023-ൽ നടത്തിയ ഔദ്യോഗിക യാത്രകളുടെ ഭാഗമായി ഇൻസിഡെന്റൽ ചെലവായി 39,000 രൂപയും യാത്രാ ടിക്കറ്റുകൾക്കായി 13.04 ലക്ഷം രൂപയും അനുവദിച്ചതായി കണക്കുകൾ വ്യക്തമാക്കുന്നു.
കോൺഗ്രസ് പാർട്ടിയിൽനിന്ന് പുറത്താക്കപ്പെട്ട മുൻ കേന്ദ്രമന്ത്രിയായ കെ.വി.തോമസ് കാബിനറ്റ് പദവിയോടെ 2023 ജനുവരി 20 നാണ് ഡല്ഹിയിലെ പ്രത്യേക പ്രതിനിധിയായി നിയമിതനാകുന്നത്.
ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് എ.സമ്പത്ത് ആയിരുന്നു ഈ സ്ഥാനത്ത് പ്രവർത്തിച്ചിരുന്നത്. തൃക്കാക്കരയിലെ എൽ.ഡി.എഫ് പ്രചാരണ കൺവെൻഷനിൽ പങ്കെടുത്തതിനെ തുടർന്നാണ് കെ.വി.തോമസിനെ കോൺഗ്രസിൽനിന്ന് പുറത്താക്കിയത്.
കേന്ദ്ര സർക്കാരിന് സമർപ്പിക്കുന്ന വിവിധ പദ്ധതികളും നിവേദനങ്ങളും തമ്മിലുള്ള ഏകോപനം നടത്തുക, വിദേശ രാജ്യങ്ങളിലെ പ്രവാസി മലയാളികൾ നേരിടുന്ന വിവിധ പ്രശ്നങ്ങൾക്ക് പരിഹാരം കാണുക തുടങ്ങിയവയായിരുന്നു പ്രത്യേക പ്രതിനിധിയുടെ പ്രധാന ചുമതലകൾ.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

