സംസ്ഥാനത്ത് റെയിൽവേ ഗതാഗതത്തിലുണ്ടായ സാങ്കേതിക തകരാർ യാത്രക്കാരെ മണിക്കൂറുകളോളം വലച്ചു. എറണാകുളം ഭാഗത്തേക്കുള്ള ട്രെയിൻ ഗതാഗതമാണ് വൈദ്യുത ലൈനിലെ തകരാറിനെ തുടർന്ന് സ്തംഭിച്ചത്.
ഇന്നലെ വൈകിട്ട് ഓച്ചിറയ്ക്കും കൃഷ്ണപുരത്തിനും ഇടയിൽ ഹൈടെൻഷൻ ഓവർഹെഡ് വൈദ്യുത ലൈനിലുണ്ടായ തകരാറാണ് സർവീസുകളെ ബാധിച്ചത്. ഈ തടസ്സത്തെത്തുടർന്ന് വന്ദേഭാരത് ഉൾപ്പെടെയുള്ള പ്രധാന ട്രെയിനുകൾ കൊല്ലം, പരവൂർ, ശാസ്താംകോട്ട, ഓച്ചിറ, കായംകുളം സ്റ്റേഷനുകളിലായി വഴിയിൽ പിടിച്ചിട്ടു.
പത്തിലേറെ ട്രെയിനുകളാണ് ഇത്തരത്തിൽ വൈകിയോടിയതെന്ന് റെയിൽവേ അധികൃതർ വ്യക്തമാക്കി. ഓഫീസുകളിലും മറ്റ് ആവശ്യങ്ങൾക്കും പോയി മടങ്ങുന്നവരുടെ തിരക്കേറിയ സമയത്തായിരുന്നു സംഭവം.
കായംകുളം ഭാഗത്തേക്ക് സഞ്ചരിച്ച അമൃത് ഭാരത്, നാഗർകോവിൽ–കോട്ടയം, ഇന്റർസിറ്റി, വഞ്ചിനാട്, മൈസൂരു എക്സ്പ്രസ്, വന്ദേഭാരത്, മെമു തുടങ്ങിയ ട്രെയിനുകളാണ് വിവിധ സ്റ്റേഷനുകളിൽ പിടിച്ചിട്ടത്. ഇതിനുപുറമെ, കൊല്ലം ഭാഗത്തേക്ക് വരികയായിരുന്ന മെമു, പരശുറാം എക്സ്പ്രസ്, ശബരി എക്സ്പ്രസ് തുടങ്ങിയ സർവീസുകളും വൈകിയാണ് സർവീസ് നടത്തിയത്.
കരുനാഗപ്പള്ളിയിൽ നിന്ന് ഓച്ചിറ ഭാഗത്തേക്കുള്ള വൈദ്യുത ലൈനിലാണ് തകരാറ് കണ്ടെത്തിയത്. പിന്നീട് കൊല്ലം ഭാഗത്തേക്കുള്ള ഗതാഗതം പുനഃസ്ഥാപിച്ചെങ്കിലും ഈ റൂട്ടിലെ സർവീസുകളും മണിക്കൂറുകളോളം വൈകുകയുണ്ടായി.
വൈകിട്ട് 4.15 ന് പാളത്തിന് മുകളിലൂടെ പോകുന്ന ഹൈടെൻഷൻ ഓവർഹെഡ് വൈദ്യുത ലൈനിലാണ് തകരാർ ഉണ്ടായത്. ട്രെയിൻ എൻജിനിലേക്ക് വൈദ്യുതി എത്തിക്കുന്ന പാന്റോഗ്രഫ്, ഹൈടെൻഷൻ ലൈനിൽ കുരുങ്ങിയതാണ് ഈ പ്രതിസന്ധിക്ക് കാരണമെന്ന് റെയിൽവേ അധികൃതർ വിശദീകരിച്ചു.
അറ്റകുറ്റപ്പണികൾ സുരക്ഷിതമായി പൂർത്തിയാക്കുന്നതിന്റെ ഭാഗമായി ലൈനിലേക്കുള്ള വൈദ്യുതി വിഛേദിച്ചതോടെ സിഗ്നൽ സംവിധാനങ്ങളും പ്രവർത്തനരഹിതമായി. ഇത് ട്രെയിൻ ഗതാഗതത്തെ പൂർണ്ണമായും തടസ്സപ്പെടുത്തി.
തുടർന്ന് യുദ്ധകാല അടിസ്ഥാനത്തിൽ നടത്തിയ പരിഹാരനടപടികൾക്ക് ശേഷം വൈകിട്ട് 6.25 ന് ലൈനിലേക്കുള്ള വൈദ്യുതി പുനഃസ്ഥാപിച്ചു. തുടർന്ന് വൈകിട്ട് ഏഴോടെ ട്രെയിൻ സർവീസുകൾ പൂർണ്ണമായി സാധാരണ നിലയിലാക്കാൻ സാധിച്ചു.
തിരുവനന്തപുരം ഭാഗത്തേക്ക് പോയ ശബരി എക്സ്പ്രസും പരശുറാം എക്സ്പ്രസും ഇരുപത് മിനിറ്റോളം കായംകുളം റെയിൽവേ സ്റ്റേഷനിൽ പിടിച്ചിട്ട ശേഷമാണ് യാത്ര പുനരാരംഭിച്ചത്.
എന്നാൽ, ട്രെയിൻ ഗതാഗതം നിലച്ചതിനെ തുടർന്ന് മണിക്കൂറുകളോളം പ്ലാറ്റ്ഫോമിലും ട്രെയിനുകളിലും കുടുങ്ങിയ യാത്രക്കാർ കടുത്ത ദുരിതമാണ് നേരിട്ടത്. സർവീസുകൾ മുടങ്ങിയതിനെക്കുറിച്ചോ ഇവ എപ്പോൾ പുനരാരംഭിക്കുമെന്നതിനെക്കുറിച്ചോ കൃത്യമായ വിവരങ്ങൾ നൽകാൻ സ്റ്റേഷൻ അധികൃതർ തയാറായില്ലെന്നും യാത്രക്കാർക്കിടയിൽ പരാതി ഉയർന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

