കൊച്ചി വിമാനത്താവള റോഡിലെ വാഹനങ്ങളുടെ വേഗത നിയന്ത്രിക്കുന്നതിന് റോഡിൽ ഓട്ടമാറ്റിക് നമ്പർ പ്ലേറ്റ് റെകഗ്നിഷൻ (എഎൻപിആർ) ക്യാമറകൾ സ്ഥാപിക്കണമെന്ന ആവശ്യം ശക്തമാകുന്നു. വീതിയുള്ള വിശാലമായ റോഡായതിനാൽ ഇവിടെ വാഹനങ്ങൾ ചീറിപ്പായുകയാണ്.
അതുകൊണ്ടു തന്നെ പൊലീസിന് വാഹനങ്ങൾ തടഞ്ഞു നിർത്തി പരിശോധിക്കുന്നതിന് പരിമിതികളുണ്ട്. എഎൻപിആർ ക്യാമറകൾ സ്ഥാപിച്ചാൽ നിശ്ചിത പരിധിയിൽ കൂടുതൽ വേഗതയിൽ വാഹനങ്ങൾ പാഞ്ഞാൽ ക്യാമറയിൽ പതിയും.
പൊലീസിന്റെയും മോട്ടർ വാഹന വകുപ്പിന്റെയും സഹകരണത്തോടെയാണ് ക്യാമറ പ്രവർത്തിക്കുകയെന്നതിനാൽ പിഴ ഈടാക്കാനും കഴിയും. ഇപ്പോൾ സിയാലാണ് ഈ റോഡ് പരിപാലിക്കുന്നത്.
സിയാലിന്റെ ക്യാമറ സംവിധാനങ്ങളുമുണ്ട്. ഇതിൽ ആവശ്യമെങ്കിൽ മാത്രം വാഹനങ്ങൾ നിരീക്ഷിക്കുന്നതിനുള്ള സംവിധാനങ്ങളാണുള്ളത്.
ദേശീയപാതയിൽ അത്താണിയിൽ ദേശീയപാതയിൽ നിന്ന് വിമാനത്താവള റോഡിലേയ്ക്ക് പ്രവേശിക്കുന്നിടത്ത് സിഗ്നൽ മാറുമ്പോൾ പലപ്പോഴും വാഹനങ്ങൾ മത്സരിച്ചാണ് കുതിക്കുന്നത്. ഇടതടവില്ലാതെയാണ് പുലർച്ചെയും മറ്റും വാഹനങ്ങൾ പായുന്നത്.
ഇത്തരം ക്യാമറകൾ സ്ഥാപിച്ചാൽ അമിത വേഗതയും ട്രാഫിക് നിയമങ്ങൾ ലംഘിക്കുന്നതും പിടികൂടി പിഴയടയ്ക്കേണ്ടി വരുമെന്നായാൽ ഡ്രൈവർമാർ വാഹനങ്ങളുടെ വേഗത കുറയ്ക്കാനും ട്രാഫിക് നിയമങ്ങൾ പാലിക്കാനും നിർബന്ധിതരാകും. വിമാനത്താവള റോഡിൽ ഡ്രൈവിങ് പഠനവും മത്സരയോട്ടവും തടയാൻ പൊലീസും മോട്ടർ വാഹന വകുപ്പും പരിശോധനകൾ ശക്തമാക്കണമെന്നും ആവശ്യമുയർന്നിട്ടുണ്ട്.
നെടുമ്പാശേരിയിൽ 3 പേരുടെ അപകടമരണം: 2 യുവാക്കൾകൂടി പിടിയിൽ മദ്യലഹരിയിൽ യുവാവ് ഓടിച്ച ആഡംബര കാറിടിച്ചു സ്കൂട്ടർ യാത്രക്കാരായ 3 യുവാക്കൾ മരിച്ച സംഭവത്തിൽ 2 പേർ കൂടി പൊലീസ് കസ്റ്റഡിയിൽ. ആലപ്പുഴ സ്വദേശികളായ ജോയൽ (19), അമീൻ (19) എന്നിവരെയാണു നെടുമ്പാശേരി പൊലീസ് കസ്റ്റഡിയിലെടുത്തത്.
കാർ ഓടിച്ചിരുന്ന ആലപ്പുഴ ആലിശേരി സുഹൈൽ സജീവിനൊപ്പം ഇവരും കാറിലുണ്ടായിരുന്നു. ഞായറാഴ്ച പുലർച്ചെ വിമാനത്താവള റോഡിൽ അത്താണിയിലായിരുന്നു അപകടം.
അമിതവേഗത്തിലെത്തിയ കാർ, സ്കൂട്ടർ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു അപകടത്തിൽ കർണാടക സുള്ള്യ സ്വദേശി ഇയാസ് ഇബ്രാഹിം (21), വയനാട് കൽപറ്റ സ്വദേശി കെ.വി.ദേവിക (21), പാലക്കാട് മണ്ണാർക്കാട് സ്വദേശി എം.പി.ഗോപിക (21) എന്നിവരാണു കൊല്ലപ്പെട്ടത്. സുഹൈലിനൊപ്പം പിടിയിലായ നിനവിനെ ചോദ്യം ചെയ്തപ്പോഴാണു മറ്റു 2 പേർ കൂടി വാഹനത്തിൽ ഉണ്ടായിരുന്നതായി വ്യക്തമായത്.
ഇവർ അപകടശേഷം സംഭവസ്ഥലത്തു നിന്നു മറ്റൊരു വാഹനത്തിൽ സ്ഥലംവിട്ടിരുന്നു. തുടർന്ന് ഇന്നലെ രാവിലെ ജോയലിനെയും അമീനെയും ആലപ്പുഴയിൽ നിന്നാണു കസ്റ്റഡിയിലെടുത്തത്.
ഇവർക്കെതിരെയും പ്രേരണക്കുറ്റമാണ് ചുമത്തിയിരിക്കുന്നത്. ഇവരെ ഇന്നലെ രാത്രി കോടതിയിൽ ഹാജരാക്കി.
അപകടത്തിനു കാരണം കാറിന്റെ അമിതവേഗം തന്നെയെന്നു മോട്ടർ വാഹന വകുപ്പു കണ്ടെത്തി. സുഹൈലിന്റെ ഡ്രൈവിങ് ലൈസൻസ് സസ്പെൻഡ് ചെയ്യും.
അപകടം സംബന്ധിച്ച പ്രാഥമിക റിപ്പോർട്ട് വകുപ്പു സർക്കാരിനു സമർപ്പിച്ചു. കാറിലെ ഇലക്ട്രോണിക്സ് കൺട്രോൾ മൊഡ്യൂൾ പരിശോധിച്ച് ഉടൻ റിപ്പോർട്ട് സമർപ്പിക്കാൻ കമ്പനിയോടു നിർദേശിച്ചിട്ടുണ്ട്.
അപകടസമയത്തു കാർ എത്ര വേഗത്തിലായിരുന്നു എന്നു കണ്ടെത്താൻ ഇതിലൂടെ കഴിയും. റിമാൻഡിൽ പാർപ്പിച്ചിരിക്കുന്ന ബോസ്റ്റൽ ഹോമിൽ നിന്നു സുഹൈൽ പുറത്തിറങ്ങിയാലുടൻ ഹിയറിങ് പൂർത്തിയാക്കി ലൈസൻസ് സസ്പെൻഡ് ചെയ്യാനാണു തീരുമാനം.
സുഹൈലിന്റെ മോചനം വൈകിയാൽ ലൈസൻസ് സസ്പെൻഷനു നിയമപ്രകാരമുള്ള മറ്റു നടപടികൾ കൈക്കൊള്ളും. അപകടം സൃഷ്ടിച്ച കാർ സെക്കൻഡ് ഹാൻഡായാണു സുഹൈലിന്റെ പിതാവു വാങ്ങിയത്.
പ്രതിയുടെ രക്തത്തിന്റേതുൾപ്പെടെ സാംപിളുകൾ ശേഖരിച്ചു പരിശോധനയ്ക്ക് അയച്ചിട്ടുണ്ടെന്നും വാഹനങ്ങളുടെ ഫൊറൻസിക് പരിശോധന പൂർത്തിയാക്കിയതായും റൂറൽ എസ്പി കെ.എസ്.സുദർശൻ പറഞ്ഞു. കേസിന്റെ അന്വേഷണം ആലുവ ഡിവൈഎസ്പിയുടെ മേൽനോട്ടത്തിലാണ്.
ആവശ്യമെങ്കിൽ പ്രത്യേക അന്വേഷണസംഘം രൂപീകരിക്കുമെന്നും എസ്പി പറഞ്ഞു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

