ന്യൂഡൽഹി: ഒക്ടോബർ 10 ന് നടന്ന പ്രതിഷേധങ്ങൾക്കു പിന്നാലെ പൊലീസ് അഴിച്ചുവിട്ട അക്രമങ്ങളെയും തടങ്കൽ നടപടികളെയും ശക്തമായി അവലോകനം ചെയ്തതായും, കൂടുതൽ വീര്യത്തോടെ പുതിയ സമരതന്ത്രങ്ങളുമായി തങ്ങൾ തിരിച്ചുവരുമെന്നും പാർട്ടി സഹ കൺവീനർ അശുതോഷ് റാങ്ക വ്യക്തമാക്കി.
മാധ്യമങ്ങളോട് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. വിമാനം ലാൻഡ് ചെയ്ത ഉടൻ മുപ്പതോളം പൊലീസുകാർ ചേർന്നാണ് തങ്ങളെ കസ്റ്റഡിയിലെടുത്തതെന്ന് അശുതോഷ് റാങ്ക വെളിപ്പെടുത്തി.
വെവ്വേറെ രഹസ്യ കേന്ദ്രങ്ങളിലേക്ക് മാറ്റുകയും അഭിഭാഷകരുമായി സംസാരിക്കാൻ പോലും അനുവദിക്കാതെ രാത്രി മുഴുവൻ മാനസികമായി പീഡിപ്പിക്കുകയും ചെയ്തു. വൈകിട്ട് സുപ്രീം കോടതിയിൽ ഹേബിയസ് കോർപ്പസ് ഹർജി ഫയൽ ചെയ്തതിനു ശേഷമാണ് പൊലീസ് തങ്ങളുടെ അറസ്റ്റ് ഔദ്യോഗികമായി രേഖപ്പെടുത്താൻ പോലും തയാറായതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സിജെപിയും പ്രതിപക്ഷ കക്ഷികളും തമ്മിൽ ഭിന്നതയുണ്ടെന്ന പ്രചാരണം അദ്ദേഹം തള്ളി. ഒരേ വേദിയിൽ ഒന്നിച്ച് വന്നാൽ മാത്രമേ ഒത്തൊരുമയാകൂ എന്നില്ലെന്നും, ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെടുന്ന എല്ലാ സമരങ്ങളെയും തങ്ങൾ പിന്തുണയ്ക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
പ്രതിപക്ഷവും തങ്ങളും വ്യത്യസ്ത കോണുകളിൽ നിന്ന് സർക്കാരിനു മേൽ സമ്മർദം ചെലുത്തുകയാണ് ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു. മാധ്യമപ്രവർത്തകരെ കൂട്ടത്തോടെ അറസ്റ്റ് ചെയ്യുന്നതും പ്രതിഷേധക്കാരെ ക്രൂരമായി മർദിക്കുന്നതുമായ നിലവിലെ സാഹചര്യങ്ങൾ 1975 ലെ അടിയന്തരാവസ്ഥയേക്കാൾ ഭീകരമാണെന്ന് അശുതോഷ് റാങ്ക ആരോപിച്ചു.
ഗ്യാനേഷ് കുമാറിനെ സംരക്ഷിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും അമിത് ഷായും നേരിട്ടാണ് പൊലീസ് ക്രൂരതയ്ക്ക് നേതൃത്വം നൽകുന്നത്. പൊലീസ് അനുമതി നിഷേധിച്ചാലും സമാധാനപരമായ മേഖലകളിൽ ജനാധിപത്യപരമായ സമരങ്ങളുമായി തങ്ങൾ ശക്തമായി തെരുവിൽ തിരിച്ചെത്തുമെന്നും, അടുത്ത 24 മണിക്കൂറിനുള്ളിൽ പുതിയ സമര പ്രഖ്യാപനം ഉണ്ടാകുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

