മഹാരാഷ്ട്രയിലെ കൊലാപൂർ ജില്ലയിൽ വിവാഹം കഴിക്കാൻ വിസമ്മതിച്ചതിനെ തുടർന്ന് യുവതിയെ ക്രൂരമായി കൊലപ്പെടുത്തിയ സംഭവത്തിൽ കാമുകൻ പിടിയിൽ. ഗാർഗോട്ടി സ്വദേശിനിയും മൂന്നാം വർഷ എൻജിനിയറിങ് വിദ്യാർഥിനിയുമായ തരംനു നായിക്കാണ് (23) കൊല്ലപ്പെട്ടത്.
ഈ ദാരുണ സംഭവവുമായി ബന്ധപ്പെട്ട് യുവതിയുടെ കാമുകനായ ശ്രീപദ് വഡാറിനെ (25) പോലീസ് അറസ്റ്റ് ചെയ്യുകയുണ്ടായി. നായക്വാഡി വെള്ളച്ചാട്ടത്തിന് സമീപമുള്ള 1000 അടി താഴ്ചയുള്ള കൊക്കയിലേക്കാണ് പ്രതി യുവതിയെ തള്ളിയിട്ടത്.
ഒക്ടോബർ 9-ന് ഉച്ചകഴിഞ്ഞാണ് ഈ നാടകീയവും ഞെട്ടിക്കുന്നതുമായ സംഭവം അരങ്ങേറുന്നത്. ഇരുവരും ഗാർഗോട്ടി സ്വദേശികളാണെന്നും കഴിഞ്ഞ അഞ്ച് വർഷമായി പ്രണയത്തിലായിരുന്നുവെന്നും അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്.
എന്നാൽ നാലു മാസം മുൻപ് മറ്റൊരു വ്യക്തിയുമായി യുവതിയുടെ വിവാഹം നിശ്ചയിച്ചിരുന്നു. ഇതിനുപിന്നാലെ ശ്രീപദിൽ അകലം പാലിക്കാനും ബന്ധത്തിൽ നിന്ന് പിന്മാറാനും തരംനു ശ്രമം തുടങ്ങിയിരുന്നു.
യുവതിയുടെ പെരുമാറ്റത്തിൽ പ്രകടമായ മാറ്റം കണ്ടതോടെ, വിവാഹത്തിന് മുൻപുള്ള അവസാന കൂടിക്കാഴ്ചയെന്ന് വിശ്വസിപ്പിച്ചാണ് പ്രതി അവളെ ഒരു വിനോദസഞ്ചാര കേന്ദ്രത്തിലേക്ക് വരുത്തിയത്. ഭൂദർഗഡ് താലൂക്കിലെ പാട്ഗാവ് ഗ്രാമത്തിനടുത്തുള്ള പ്രദേശത്തുവെച്ച് ഇവർ തമ്മിൽ വീണ്ടും കാണുകയും ബന്ധം തുടരാനാവില്ലെന്ന് യുവതി വ്യക്തമാക്കുകയും ചെയ്തു.
ഇത് വലിയ വാക്കുതർക്കത്തിലേക്കും ഒടുവിൽ കൊലപാതകത്തിലേക്കും നയിക്കുകയായിരുന്നു. കൃത്യത്തിനുശേഷം വീട്ടിൽ തിരിച്ചെത്തിയ പ്രതി, തരംനുവിനെ കാണാനില്ലെന്ന വ്യാജ കഥയാണ് കുടുംബാംഗങ്ങളോട് പറഞ്ഞത്.
താൻ വെള്ളമെടുക്കാൻ പോയ തക്കത്തിനാണ് അവളെ കാണാതായത് എന്നാണ് യുവതിയുടെ വീട്ടുകാരോടും പിന്നീട് പോലീസിനോടും ഇയാൾ ആവർത്തിച്ചത്. എന്നാൽ മൊഴികളിലെ വൈരുദ്ധ്യവും സംശയകരമായ പെരുമാറ്റവും പോലീസിനെ കുഴപ്പിച്ചു.
തുടർന്ന് നടത്തിയ കസ്റ്റഡിയിലെ ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിക്കുകയായിരുന്നു. ഇയാളുടെ മൊഴിയുടെ അടിസ്ഥാനത്തിൽ നടത്തിയ തെരച്ചിലിലാണ് കൊക്കയിൽ നിന്ന് യുവതിയുടെ മൃതദേഹം കണ്ടെടുത്തത്.

