രാജ്യത്തിന്റെ തീരസുരക്ഷ കൂടുതൽ ശക്തമാക്കുന്നതിന്റെ ഭാഗമായി കോസ്റ്റ് ഗാർഡിനായി തദ്ദേശീയമായി നിർമ്മിച്ച ഹോവർക്രാഫ്റ്റുകൾ തിരുവനന്തപുരം തീരത്ത് എത്തിച്ചേർന്നു. കേരളത്തിലെ വിവിധ തീരപ്രദേശങ്ങൾ സന്ദർശിച്ചതിനു ശേഷം കൊച്ചിയിൽ നിന്നാണ് ഇവ വിഴിഞ്ഞം സമീപമുള്ള അടിമലത്തുറയിൽ എത്തിയത്.
കടലിലൂടെ വേഗത്തിൽ സഞ്ചരിച്ച ശേഷം നിമിഷങ്ങൾക്കകം കരയിലേക്ക് കയറാൻ കഴിയുന്ന ഈ അത്യാധുനിക യാനങ്ങളെ നേരിൽ കാണാൻ നൂറുകണക്കിന് ആളുകളാണ് എത്തിച്ചേർന്നത്. മണിക്കൂറിൽ 96 കിലോമീറ്റർ വേഗതയിൽ സഞ്ചരിക്കാൻ ശേഷിയുള്ള ഈ ഹോവർക്രാഫ്റ്റുകൾക്ക് 8 ടൺ വരെ ഭാരം വഹിക്കാനും ഒരേസമയം 42 സൈനികരെ ഉൾക്കൊള്ളാനും സാധിക്കും.
അടിമലത്തുറ തീരത്തെത്തിയ യാനങ്ങൾക്ക് വിഴിഞ്ഞം സ്റ്റേഷൻ കമാൻഡിങ് ഓഫിസർ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ ഊഷ്മളമായ സ്വീകരണമാണ് നൽകിയത്. എച്ച്-561, എച്ച്-562 എന്നീ പേരുകളിലുള്ള ഈ ഹോവർക്രാഫ്റ്റുകൾ തീരദേശ പട്രോളിങ്, രക്ഷാപ്രവർത്തനങ്ങൾ, ആഴം കുറഞ്ഞ ജലാശയങ്ങളിലെ നിരീക്ഷണം എന്നിവയ്ക്കയാണ് പ്രധാനമായും ഉപയോഗിക്കുന്നത്.
ഗോവയിലെ ചൗഗുലെ ഷിപ്യാർഡിൽ നിർമാണം പൂർത്തിയാക്കി നീറ്റിലിറക്കിയ ഇവയുടെ പരീക്ഷണ യാത്ര കൊൽക്കത്തയിലെ ഹൽദിയയിൽ സമാപിക്കും. ഇതിനുശേഷമുള്ള തുടർയാത്ര തൂത്തുക്കുടിയിലേക്കാണ് നിശ്ചയിച്ചിരിക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

