സെർബിയയിലേക്ക് വർക്ക് വിസ വാഗ്ദാനം ചെയ്ത് പുത്തൻവേലിക്കര സ്വദേശിയായ യുവാവിലും സഹോദരിയിലും നിന്ന് എട്ട് ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ പ്രതി അറസ്റ്റിൽ. പൂമംഗലം വില്ലേജിൽ കൈപ്പറമ്പ് ചീനക്കുഴി റോഡ് സ്വദേശിയും കല്യാശ്ശേരി വീട്ടിൽ താമസിക്കുന്നയാളുമായ സനീഷ് (38) ആണ് പോലീസിന്റെ പിടിയിലായത്.
തൃശൂർ റൂറൽ ജില്ലാ പോലീസ് മേധാവി മുഹമ്മദ് നദീമിന്റെ കർശന നിർദ്ദേശപ്രകാരം രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘമാണ് ഇയാളെ ബെംഗളൂരു വിമാനത്താവളത്തിൽ വെച്ച് പിടികൂടിയത്. വിദേശത്തായിരുന്ന പ്രതി നാട്ടിലേക്ക് മടങ്ങിയെത്തുന്നതിനിടെ അബുദാബിയിൽ നിന്ന് ബെംഗളൂരുവിൽ വന്നിറങ്ങിയപ്പോഴാണ് കുടുങ്ങിയത്.
തുടർന്ന് പ്രതിയെ ഇരിങ്ങാലക്കുട പോലീസ് സ്റ്റേഷനിലെത്തിക്കുകയും നിയമപരമായ നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം കോടതിയിൽ ഹാജരാക്കുകയും ചെയ്യും.
ഇരിങ്ങാലക്കുടയിൽ പ്രവർത്തിക്കുന്ന ‘ഇൻഡോ-യുഎസ് ഐടി എഡ്യുകേഷൻ’ എന്ന സ്ഥാപനത്തിന്റെ ഡയറക്ടറാണ് അറസ്റ്റിലായ സനീഷ്. പരാതിക്കാരനും സഹോദരിക്കും സെർബിയയിൽ വർക്ക് വിസ ശരിയാക്കി നൽകാമെന്ന് വിശ്വസിപ്പിച്ചായിരുന്നു തട്ടിപ്പ് അരങ്ങേറിയത്.
പണമിടപാട് നടന്നത് ഇങ്ങനെ:
2025 ജൂലൈ 18 മുതൽ സെപ്റ്റംബർ 27 വരെയുള്ള വിവിധ തീയതികളിൽ പ്രതിയുടെ ബാങ്ക് അക്കൗണ്ടിലേക്ക് ഗൂഗിൾ പേ മുഖേന മൂന്ന് ലക്ഷം രൂപയും, 2025 സെപ്റ്റംബർ 27ന് ഇരിങ്ങാലക്കുടയിലെ ഓഫീസിൽ വെച്ച് നേരിട്ട് അഞ്ച് ലക്ഷം രൂപയും ഉൾപ്പെടെ ആകെ എട്ട് ലക്ഷം രൂപയാണ് പരാതിക്കാരനിൽ നിന്നും കൈപ്പറ്റിയത്. എന്നാൽ പണം കൈപ്പറ്റിയ ശേഷം വിസ നൽകുകയോ വാഗ്ദാനം പാലിക്കുകയോ ചെയ്യാതെ ഇയാൾ കബളിപ്പിക്കുകയായിരുന്നു.
തൃശൂർ റൂറൽ ജില്ലാ പോലീസ് മേധാവി മുഹമ്മദ് നദീം ഐ.പി.എസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പ്രതിക്കായി ഊർജിതമായ അന്വേഷണം നടത്തിയത്. ഇരിങ്ങാലക്കുട
ഡി.വൈ.എസ്.പി ഷാജി എം.കെ, ഇരിങ്ങാലക്കുട ഇൻസ്പെക്ടർ എസ്.എച്ച്.ഒ പ്രദീപ് കെ.ഒ, എസ്.ഐമാരായ ജാക്സൺ, സൗമ്യ ഇ.യു, എ.എസ്.ഐമാരായ മുരുകദാസ്, രാജേഷ്, സി.പി.ഒ അജിത്ത് സി.എസ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

