കോഴിക്കോട്: അനധികൃതമായി മത്സ്യബന്ധനം നടത്തി എത്തുന്ന ബോട്ടുകളിൽ നിന്നും ചീഞ്ഞഴുകിയ വളമത്സ്യങ്ങൾ കോരിയെടുക്കുന്നതിനിടയിൽ വിഷവാതകം ശ്വസിച്ച് തൊഴിലാളികൾ മരണപ്പെടുന്ന സംഭവങ്ങൾ ആവർത്തിക്കുന്നു. കഴിഞ്ഞ ദിവസങ്ങളിൽ കോഴിക്കോട് ബേപ്പൂർ ഹാർബറിൽ ബോട്ടിന്റെ അറയിൽ ഇറങ്ങിയതിനെ തുടർന്ന് ഗുരുതരാവസ്ഥയിൽ ചികിത്സയിലായിരുന്ന അതിഥി തൊഴിലാളിയാണ് ഒടുവിൽ മരണത്തിന് കീഴടങ്ങിയത്.
ബംഗാൾ സ്വദേശിയായ സച്ചിൻ ദാസ് ആണ് ചികിത്സയിലിരിക്കെ ജീവൻ വെടിഞ്ഞത്. ഈ ദാരുണ സംഭവം നടന്ന് തൊട്ടടുത്ത ദിവസവും സമാനമായ രീതിയിൽ ടൺ കണക്കിന് ചെറുമത്സ്യങ്ങളുടെ ശേഖരം വിവിധയിടങ്ങളിലേക്ക് കയറ്റി അയക്കുകയുണ്ടായി.
അധികൃതരുടെ ഭാഗത്തുനിന്നും കർശനമായ പരിശോധനകൾ ഉണ്ടാകാത്തതാണ് ഇത്തരം നിയമവിരുദ്ധ പ്രവർത്തനങ്ങൾ തുടരാൻ കാരണമാകുന്നത് എന്ന ആക്ഷേപം ശക്തമാണ്. ഭക്ഷ്യാവശ്യത്തിനുള്ള മത്സ്യങ്ങളുമായി എത്തുന്ന ബോട്ടുകളിലെ അറകളിൽ സാധാരണ തൊഴിലാളികൾ പണിക്ക് ഇറങ്ങാറില്ല.
എന്നാൽ വൻ ദുർഗന്ധം വമിക്കുന്ന ഇത്തരം വളമത്സ്യ ബോട്ടുകളിൽ ജോലി ചെയ്താൽ 5,000 രൂപ മുതൽ 10,000 രൂപ വരെ അധിക വരുമാനം ലഭിക്കുമെന്നത് അതിഥി തൊഴിലാളികളെ ഈ അപകടകരമായ തൊഴിലിലേക്ക് ആകർഷിക്കുന്നു. ബോട്ടുകളുടെ അറകളിൽ അടങ്ങിയിരിക്കുന്ന അമോണിയയുടെയും മറ്റ് മാരക രാസലായനികളുടെയും ഉയർന്ന സാന്നിധ്യമാണ് തൊഴിലാളികൾക്ക് ജീവഹാനിയായി മാറുന്നത്.
കൂടുതൽ കൂലി മാത്രം ലക്ഷ്യമാക്കി യാതൊരുവിധ സുരക്ഷാ മുൻകരുതലുകളും സ്വീകരിക്കാതെ ബോട്ടുകളിലേക്ക് ഇറങ്ങുന്ന തൊഴിലാളികൾ വലിയ ദുരന്തങ്ങളിലേക്കാണ് എത്തിപ്പെടുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

