ബാങ്ക് ലോക്കറുകളിൽ സൂക്ഷിക്കുന്നതിനേക്കാൾ ആഭരണങ്ങൾ എപ്പോഴും കൈയെത്തും ദൂരത്തുണ്ടാകണമെന്ന് ആഗ്രഹിക്കുന്നവരാണോ നിങ്ങൾ? എങ്കിൽ ഇത്തരം വിലപിടിപ്പുള്ള വസ്തുക്കൾ കൈവശം വയ്ക്കുമ്പോഴുള്ള സുരക്ഷാ ആശങ്കകൾ ഒഴിവാക്കാൻ ജ്വല്ലറി ഇൻഷുറൻസ് പരിഗണിക്കാവുന്നതാണ്. പല ഹോം ഇൻഷുറൻസ് പോളിസികളിലും ആഭരണങ്ങളെ പ്രത്യേകം ഉൾപ്പെടുത്താറുണ്ട്.
കൂടാതെ ഇതിനായി പ്രത്യേക പോളിസികളും ലഭ്യമാണ്. ലഭിക്കുന്ന പരിരക്ഷകൾ:
മോഷണം, കവർച്ച, തീപിടിത്തം എന്നിവമൂലമുണ്ടാകുന്ന നഷ്ടങ്ങൾ, പോളിസിയിൽ വ്യക്തമാക്കിയിട്ടുള്ള വിവിധ അപകടങ്ങളിൽ ആഭരണങ്ങൾക്ക് സംഭവിക്കുന്ന കേടുപാടുകൾ, കൂടാതെ വീട്ടിൽനിന്ന് പുറത്തേക്ക് കൊണ്ടുപോകുമ്പോഴുള്ള നഷ്ടങ്ങൾ എന്നിവയെല്ലാം ഈ ഇൻഷുറൻസ് പരിധിയിൽ വരുന്നു.
ആർക്കൊക്കെ പ്രയോജനപ്പെടാം?:
വീടുകളിൽ വലിയ അളവിൽ സ്വർണം സൂക്ഷിക്കുന്നവർ, വിവാഹ ആവശ്യങ്ങൾക്കായി മുൻകൂട്ടി ആഭരണങ്ങൾ വാങ്ങി വെക്കുന്നവർ, വിലകൂടിയ ആഭരണങ്ങൾ പതിവായി ഉപയോഗിക്കുന്നവർ എന്നിവർക്ക് ഈ ഇൻഷുറൻസ് മികച്ചൊരു സുരക്ഷാ മാർഗമാണ്. പരിരക്ഷ ലഭിക്കാത്ത സാഹചര്യങ്ങൾ:
ആഭരണം നഷ്ടപ്പെട്ടതുമായി ബന്ധപ്പെട്ട് കൃത്യമായ വിശദീകരണമോ ആധികാരിക തെളിവുകളോ നൽകാൻ സാധിക്കാത്ത ഘട്ടങ്ങളിൽ ഇൻഷുറൻസ് ആനുകൂല്യം ലഭിക്കില്ല.
കൂടാതെ, ഉടമകളുടെ ഭാഗത്തുനിന്നുള്ള ശ്രദ്ധക്കുറവുമൂലമുണ്ടാകുന്ന നഷ്ടങ്ങൾ, തേയ്മാനം, പോളിസിയിൽ വ്യക്തമായി ഒഴിവാക്കിയിട്ടുള്ള അപകടങ്ങൾ എന്നിവയ്ക്കും പരിരക്ഷ ലഭ്യമല്ല. പ്രീമിയം തുക കണക്കാക്കുന്ന രീതി:
ആഭരണങ്ങളുടെ ആകെ വിപണി മൂല്യം, ഇൻഷുറൻസ് പരിരക്ഷയുടെ പരിധി, ആഭരണങ്ങൾ സൂക്ഷിക്കുന്ന സ്ഥലം, വീട്ടിലെ സുരക്ഷാ ക്രമീകരണങ്ങൾ എന്നിവയെ അടിസ്ഥാനമാക്കിയാണ് പ്രീമിയം നിശ്ചയിക്കുന്നത്.
നിലവിൽ ആകെ ആഭരണ മൂല്യത്തിന്റെ ഒരു ശതമാനം വരെയാണ് പ്രീമിയം തുകയായി വരുന്നത്. ക്ലെയിം ലഭിക്കാൻ ആവശ്യമായ രേഖകൾ:
ആഭരണങ്ങൾ വാങ്ങിയതിന്റെ ഒറിജിനൽ ബിൽ, അംഗീകൃത മൂല്യനിർണയ സർട്ടിഫിക്കറ്റ്, ഈ ആഭരണങ്ങൾ ധരിച്ചുനിൽക്കുന്ന ഫോട്ടോ, പൊലീസിൽ നൽകിയ എഫ്ഐആർ പകർപ്പ്, ഒപ്പം ഇൻഷുറൻസ് പോളിസി രേഖകൾ എന്നിവ ക്ലെയിം സമയത്ത് സമർപ്പിക്കേണ്ടതാണ്.
(വിവരങ്ങൾ തയാറാക്കിയത്: ശ്രീപ്രസാദ്)
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

