ജീവിതത്തിന്റെ പ്രയാസഘട്ടങ്ങളിൽ താങ്ങായവരുടെയും സ്നേഹം പകർന്നവരുടെയും കൈപിടിച്ച് നൂറോളം പേർ കടപ്പുറത്തെത്തി. നടക്കാനും ഇരിക്കാനും കഴിയാത്ത ശാരീരിക ബുദ്ധിമുട്ടുകൾ നേരിടുന്നവരുൾപ്പെടെയുള്ളവരാണ് തിരമാലകളുടെ സൗന്ദര്യം നുകർന്നും ഗാനങ്ങൾ ആസ്വദിച്ചും കോഴിക്കോട് കടപ്പുറത്ത് ഒത്തുകൂടിയത്.
ചക്രക്കസേരയിലിരുന്ന് ഇവർ അവതരിപ്പിച്ച ഒപ്പന മേളത്തിന് സാക്ഷിയാകാൻ എത്തിയവരും ആവേശത്തോടെ ഒപ്പം ചേർന്നു. നരിക്കുനി കേന്ദ്രമായി പ്രവർത്തിക്കുന്ന അത്താണി പെയ്ൻ ആൻഡ് പാലിയേറ്റീവ് കെയറിന്റെ 20 –ാം വാർഷികാഘോഷ സമാപനത്തോടനുബന്ധിച്ചാണ് ഈ സംഗമം സംഘടിപ്പിച്ചത്.
സ്ഥാപനത്തിലും വിവിധ വീടുകളിലുമായി പരിചരണത്തിൽ കഴിയുന്ന കിടപ്പുരോഗികളാണ് പരിപാടിയിൽ പങ്കെടുക്കാനെത്തിയത്. 60 ആംബുലൻസുകളിലായാണ് ഇവരെ നരിക്കുനിയിൽ നിന്നും കോഴിക്കോട് കടപ്പുറത്ത് എത്തിച്ചത്.
കടപ്പുറത്ത് നടന്ന ‘കടലോളം സംഗമം’ മേയർ ഒ.സദാശിവൻ ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു. ജീവിത പ്രതിസന്ധികൾ അനുഭവിക്കുന്നവരെ ചേർത്തുപിടിക്കുന്നതിൽ അത്താണി നടത്തുന്ന സേവനങ്ങൾ മാതൃകാപരമാണെന്ന് അദ്ദേഹം തന്റെ ഉദ്ഘാടന പ്രസംഗത്തിൽ വ്യക്തമാക്കി.
വാർഷികാഘോഷത്തിന്റെ ഭാഗമായി ഇരുപത് കോടി രൂപയിലധികം ചെലവിൽ നടപ്പിലാക്കുന്ന ‘ഹാർമണി വില്ലേജ്’ പദ്ധതി ഏറെ പ്രയോജനപ്രദമാകുമെന്നും മേയർ കൂട്ടിച്ചേർത്തു. ചടങ്ങിൽ കാരാടൻ സുലൈമാൻ അധ്യക്ഷത വഹിച്ചു.
ജനറൽ സെക്രട്ടറി വി.പി.അബ്ദുൽ ഖാദർ, വി.ഹുസൈൻ, കെ.സി.ഖാദർ, ടി.പി.അബൂബക്കർ തുടങ്ങിയവർ ചടങ്ങിൽ സംസാരിച്ചു. പരിപാടികൾക്ക് കെ.കബീർ, നൗഷാദ് നരിക്കുനി, മുജീബ് പുറായിൽ, ഒ.സുലൈമാൻ തുടങ്ങിയവർ നേതൃത്വം നൽകി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

