സംസ്ഥാനത്തെ സർവകലാശാലകളിൽ നിലവിൽ ഉപയോഗിച്ചുവരുന്ന ഏകീകൃത സോഫ്റ്റ്വെയറായ കെ–റീപ് (കേരള റിസോഴ്സസ് ഫോർ എജ്യുക്കേഷൻ ആൻഡ് പ്ലാനിങ്) പൂർണ്ണമായും ഉപേക്ഷിക്കാൻ കണ്ണൂർ സർവകലാശാല തീരുമാനമെടുത്തു. സ്വന്തമായി സോഫ്റ്റ്വെയറുകൾ വികസിപ്പിച്ച് നടപ്പിലാക്കാനുള്ള സാധ്യതകൾ പരിശോധിക്കണമെന്ന് ഉന്നത വിദ്യാഭ്യാസ കൗൺസിൽ യോഗം നിർദ്ദേശിച്ചിരുന്നു.
ഇതിന്റെ ചുവടുപിടിച്ചാണ് കണ്ണൂർ സർവകലാശാല ഈ സുപ്രധാന തീരുമാനത്തിലേക്ക് കടന്നിരിക്കുന്നത്. നേരത്തെ കേരള സർവകലാശാലയും സ്വന്തം നിലയിൽ സോഫ്റ്റ്വെയർ ഉപയോഗിക്കാൻ തീരുമാനിച്ചിരുന്നു.
വരുന്ന അക്കാദമിക് വർഷം മുതൽ തന്നെ പുതിയ സോഫ്റ്റ്വെയർ യാഥാർത്ഥ്യമാക്കാനാണ് സിൻഡിക്കേറ്റിന്റെ തീരുമാനം. പുതിയ സംവിധാനം സജ്ജമാകുന്ന മുറയ്ക്ക് കെ–റീപ് പൂർണ്ണമായി ഒഴിവാക്കുമെന്ന് വൈസ് ചാൻസലർ ഡോ.കെ.കെ.സാജു വ്യക്തമാക്കി.
കേരളത്തിലെ സർവകലാശാലകളിലെയും വിവിധ കോളജുകളിലെയും വിദ്യാർഥി പ്രവേശനം മുതൽ പരീക്ഷാ നടത്തിപ്പും സർട്ടിഫിക്കറ്റ് വിതരണവും ഉൾപ്പെടെയുള്ള എല്ലാ പ്രവർത്തനങ്ങളും ഒറ്റ കുടക്കീഴിൽ ഏകോപിപ്പിക്കുക എന്ന ലക്ഷ്യത്തോടെ 2022 ലാണ് കെ–റീപ് നിലവിൽ വന്നത്. മഹാരാഷ്ട്ര ആസ്ഥാനമായുള്ള എംകെസിഎൽ കമ്പനിയാണ് ഈ സോഫ്റ്റ്വെയർ വികസിപ്പിച്ചെടുത്തത്.
എന്നാൽ തുടക്കം മുതൽ തന്നെ സർവകലാശാലകൾ ഇതിനോട് എതിർപ്പ് പ്രകടിപ്പിച്ചിരുന്നു. സോഫ്റ്റ്വെയറിന്റെയും അതോടൊപ്പം സൂക്ഷിക്കുന്ന ഡേറ്റകളുടെയും യഥാർത്ഥ ഉടമസ്ഥാവകാശത്തിന്റെ കാര്യത്തിൽ വ്യക്തത വേണമെന്നായിരുന്നു പ്രധാന ആവശ്യം.
കൂടാതെ സോഫ്റ്റ്വെയർ കൈമാറുന്ന ഏജൻസിയുമായി സർവകലാശാലകൾ നേരിട്ട് ധാരണാപത്രത്തിൽ ഒപ്പുവെക്കണമെന്നും ആവശ്യമുയർന്നിരുന്നു. നിലവിൽ കേരള, കണ്ണൂർ, മലയാളം, കാലിക്കറ്റ്, സംസ്കൃതം സർവകലാശാലകളിലാണ് കെ–റീപ് ഉപയോഗിക്കുന്നത്.
കെ–റീപ് സംവിധാനത്തിൽ നിന്നും പൂർണ്ണമായി പിന്മാറി സ്വന്തം സോഫ്റ്റ്വെയർ നിർമ്മിക്കാനാണ് ഉന്നത വിദ്യാഭ്യാസ കൗൺസിലിന്റെ നിർദ്ദേശം. എന്നാൽ കണ്ണൂർ സർവകലാശാലയെ സംബന്ധിച്ച് സ്വന്തമായി ഒരു സോഫ്റ്റ്വെയർ വികസിപ്പിച്ചെടുക്കാനുള്ള ആവശ്യമായ സാങ്കേതിക സൗകര്യങ്ങളോ വിപുലമായ ഐടി സംവിധാനങ്ങളോ ഇവിടെ ലഭ്യമല്ല.
അതിനാൽ തന്നെ ഉയർന്ന തുക നൽകി പുറത്തുനിന്നും പുതിയ സോഫ്റ്റ്വെയർ വാങ്ങേണ്ടി വരുന്ന സാഹചര്യത്തിലേക്കാണ് കാര്യങ്ങൾ നീങ്ങുന്നത്. കെ–റീപ് നടപ്പിലാക്കുന്നതിന് തൊട്ടുമുമ്പ് സ്വന്തമായി സോഫ്റ്റ്വെയർ വാങ്ങാൻ കണ്ണൂർ സർവകലാശാല തീരുമാനിച്ച ഘട്ടത്തിൽ വിവിധ കമ്പനികൾ 3 കോടി രൂപയാണ് ആവശ്യപ്പെട്ടിരുന്നത്.
എന്നാൽ കരാർ ഒപ്പിടുന്നതിന് മുൻപ് തന്നെ സംസ്ഥാനത്താകെ കെ–റീപ് നടപ്പിലാക്കുകയായിരുന്നു. ഇപ്പോൾ പുതിയ സോഫ്റ്റ്വെയർ സ്വന്തമാക്കാൻ ശ്രമിക്കുമ്പോൾ ഇതിനേക്കാളും വലിയ തുക മുടക്കേണ്ടി വരും.
ഇത് സർവകലാശാലയ്ക്ക് വലിയ തോതിലുള്ള സാമ്പത്തിക ബാധ്യത വരുത്തിവെക്കുന്ന തീരുമാനമാണെന്നാണ് വിലയിരുത്തപ്പെടുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

