പശ്ചിമേഷ്യയിൽ നിലനിൽക്കുന്ന സംഘർഷാവസ്ഥ കൂടുതൽ സങ്കീർണ്ണമാകുന്നു. സൗദി അറേബ്യയിൽ ആക്രമണം ശക്തമാക്കിയ ഹൂതി വിമതർക്കെതിരെ അമേരിക്കൻ സൈന്യം നേരിട്ട് രംഗത്തിറങ്ങുമെന്ന് യുഎസ് പ്രഡിസന്റ് ഡോണൾഡ് ട്രംപ് സൂചന നൽകി.
കഴിഞ്ഞ ദിവസം റിയാദിലെ വിമാനത്താവളത്തിലുണ്ടായ ഹൂതികളുടെ ആക്രമണത്തിൽ ഒരു അമേരിക്കൻ പൗരൻ അടക്കം നിരവധി പേർ കൊല്ലപ്പെട്ടിരുന്നു. ഇതിനു പിന്നാലെയാണ് ട്രംപിന്റെ നിർണായക ഇടപെടൽ.
അമേരിക്കൻ സൈനിക നടപടി പരിഗണിക്കുമെന്നും ഇക്കാര്യത്തിൽ സൗദി അധികൃതരുമായി ചർച്ച നടത്തുമെന്നും ട്രംപ് വ്യക്തമാക്കിയിട്ടുണ്ട്. ഇറാൻ പിന്തുണയുള്ള ഹൂതികൾക്കെതിരെ അമേരിക്ക കൂടി സൈനിക നീക്കം നടത്തിയാൽ മേഖലയിലെ സംഘർഷം പുതിയ തലത്തിലേക്ക് എത്തും.
രാജ്യാന്തര വ്യാപാരത്തിൽ നിർണായകമായ ‘ബാബൽ മന്ദബിൽ’ സമുദ്രപാതയിൽ ഹൂതികൾ കപ്പലുകൾ തടയാനും സാധ്യതയുണ്ട്. ഹോർമുസിനു പുറമെ മറ്റൊരു പ്രധാന കപ്പൽ പാത കൂടി അടയുന്നത് ആഗോള തലത്തിൽ വലിയ വ്യാപാര പ്രതിസന്ധിയുണ്ടാക്കും.
അതേസമയം, യുദ്ധം അവസാനിപ്പിക്കാൻ ട്രംപിനു മുന്നിൽ റഷ്യൻ പ്രസിഡന്റ് വ്ളാദ്മിർ പുട്ടിൻ പുതിയ നിർദേശം സമർപ്പിച്ചതായും വിവരമുണ്ട്. നിലവിലെ സംഘർഷങ്ങൾ അവസാനിപ്പിക്കാൻ ഇറാൻ മുന്നോട്ടു വച്ച വാദങ്ങളാണ് പുട്ടിൻ ട്രംപിനു മുന്നിൽ അവതരിപ്പിച്ചതെന്നാണ് റഷ്യൻ മാധ്യമങ്ങളുടെ റിപ്പോർട്ട്.
യുഎസ് അടക്കമുള്ള വിപണികളിലേക്ക് ഡീസൽ നൽകാമെന്ന് റഷ്യ സമ്മതിച്ചതിനു പിന്നാലെയാണിത്. ഇറാൻ പ്രസിഡന്റ് മസൂദ് പെസഷ്കിയാനുമായി തുർക്മെനിസ്ഥാനിൽ നടത്തിയ ചർച്ചകൾക്ക് ശേഷമാണ് പുട്ടിൻ ട്രംപുമായി ഫോണിൽ സംസാരിച്ചത്.
എന്നാൽ യുദ്ധം അവസാനിപ്പിക്കാൻ ഇറാൻ മുന്നോട്ടു വച്ച നിർദേശങ്ങൾ എന്തൊക്കെയാണെന്ന് വ്യക്തമല്ല. ഹോർമുസിലെ നിയന്ത്രണം, മരവിപ്പിച്ച ആസ്തികൾ വിട്ടുനൽകൽ, നാവിക ഉപരോധം പിൻവലിക്കൽ തുടങ്ങിയ നിർദേശങ്ങളാണ് നേരത്തെ ഇറാൻ ഉന്നയിച്ചിരുന്നത്.
ഇതിൽ എന്തെങ്കിലും മാറ്റമുണ്ടോയെന്നും വ്യക്തതയില്ല. എണ്ണവില വീണ്ടും കത്തുന്നു
സൗദി അറേബ്യയിലെ വിവിധ കേന്ദ്രങ്ങളിൽ ഹൂതി വിമതർ ആക്രമണം ശക്തമാക്കിയതും ഐസയാസ് കൊടുങ്കാറ്റിനെ തുടർന്ന് വിവിധ കമ്പനികൾ ഉൽപാദനം കുറച്ചതും അടുത്ത ദിവസങ്ങളിൽ എണ്ണവിലയെ സാരമായി ബാധിക്കും.
നിലവിൽ ബ്രെന്റ് ക്രൂഡോയിൽ ബാരലിന് 104.7 ഡോളറിലാണ് വ്യാപാരം നടക്കുന്നത്. കഴിഞ്ഞ ആഴ്ച 2.4 ശതമാനമാണ് വില വർധിച്ചത്.
തുടക്കത്തിൽ താഴേക്ക് പോകുമെന്ന് തോന്നിച്ച വില അവസാന ദിവസങ്ങളിൽ തിരികെ കയറുകയായിരുന്നു. അടുത്ത ദിവസങ്ങളിലും വില ഉയരാനാണ് സാധ്യത.
110 ഡോളറിലാണ് നിലവിൽ പ്രതിരോധമുള്ളത്. ഇത് മറികടന്നാൽ വില 115 ഡോളറിലേക്ക് കുതിക്കും.
എന്നാൽ വില 100 ഡോളറിനും താഴെ എത്തിയാൽ 86 ഡോളർ വരെ ഇടിയാനുമുള്ള സാധ്യതയും തള്ളിക്കളയാനാകില്ല. ക്രൂഡോയിൽ വില വർധിക്കുന്നത് രാജ്യാന്തര തലത്തിൽ ഓഹരി വിപണികൾക്ക് വലിയ തിരിച്ചടിയാണ്.
ആവശ്യമായതിന്റെ 90 ശതമാനം എണ്ണയും ഇറക്കുമതി ചെയ്യുന്ന ഇന്ത്യയ്ക്ക് ഇത് വലിയ സാമ്പത്തിക ബാധ്യതയാണ് സൃഷ്ടിക്കുന്നത്. ഇറക്കുമതി ചെലവ് വർധിക്കുന്നതിനൊപ്പം രൂപയുടെ വിനിമയ നിരപ്പും വീണ്ടും ഇടിയും.
കമ്പനികളുടെ പ്രവർത്തന ചെലവ് കൂടുന്നതോടെ ഇവരുടെ സാമ്പത്തിക പ്രകടനത്തെയും ഇത് സാരമായി ബാധിക്കും. അതിനിടെ, ഹോർമുസിൽ ഇറാനും യുഎസും തമ്മിലുള്ള കപ്പൽ പോര് തുടരുകയാണ്.
ഒരു മാസത്തിനിടെ ഇരുപതിലധികം വാണിജ്യ കപ്പലുകൾക്ക് നേരെ ഇറാൻ ആക്രമണം നടത്തിയെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. ഇറാനുമായി ബന്ധമുള്ള കപ്പലുകൾക്ക് ജൂലൈ 14 മുതൽ യുഎസ് ഉപരോധവും നിലനിൽക്കുന്നുണ്ട്.
ഇതിനോടകം 135 കപ്പലുകളെ തിരിച്ചയച്ചെന്നും 4 എണ്ണത്തെ നിർവീര്യമാക്കിയെന്നും യുഎസ് സെൻട്രൽ കമാൻഡ് അറിയിച്ചു. ഇറാൻ സൈന്യവുമായി ബന്ധമുള്ള 10 എണ്ണ ടാങ്കറുകളെ തകർത്തതായും റിപ്പോർട്ടുകളുണ്ട്.
രൂപയെ രക്ഷിക്കാൻ ആർബിഐയുടെ ഇടപെടൽ
അമേരിക്കൻ ഡോളറിനെതിരെ റെക്കോർഡ് താഴ്ചയിലേക്ക് കുതിക്കുന്ന രൂപയുടെ വിനിമയ നിരക്ക് പിടിച്ചു നിർത്താൻ ശക്തമായ നടപടികളുമായി റിസർവ് ബാങ്ക് രംഗത്തെത്തി. പൊതുമേഖല എണ്ണക്കമ്പനികൾ സ്പോട്ട് വിപണിയിൽ നിന്ന് ഡോളർ വാങ്ങുന്നത് വിലക്കിയ ആർബിഐ ഹെഡ്ജിങ് നിയമങ്ങളും കർശനമാക്കി.
പകരം എണ്ണക്കമ്പനികൾക്ക് ആർബിഐ വിദേശനാണ്യ ശേഖരത്തിൽ നിന്ന് നേരിട്ട് ഡോളർ നൽകും. ഇന്ത്യൻ രൂപ വലിയ തിരിച്ചടി നേരിടുന്ന സമയങ്ങളിൽ പ്രയോഗിക്കുന്ന ഈ സൗകര്യം തിങ്കളാഴ്ച മുതൽ ഹിന്ദുസ്ഥാൻ പെട്രോളിയം, ഇന്ത്യൻ ഓയിൽ, ഭാരത് പെട്രോളിയം എന്നീ കമ്പനികൾക്ക് ലഭ്യമാകും.
ഇതോടെ സ്പോട്ട് വിപണിയിൽ ഡോളറിന്റെ ഡിമാൻഡ് വലിയ തോതിൽ കുറയുമെന്നാണ് ആർബിഐ പ്രതീക്ഷിക്കുന്നത്. രാജ്യാന്തര തലത്തിൽ ക്രൂഡോയിൽ വിലയും ബോണ്ട് യീൽഡും വർധിച്ചതോടെ ഡോളറിനെതിരെ രൂപയുടെ വിനിമയ നിരക്ക് വലിയ തോതിൽ കുറഞ്ഞിട്ടുണ്ട്.
രാജ്യത്തിന്റെ വിദേശനാണ്യ ശേഖരവും തുടർച്ചയായ ആഴ്ചകളിൽ കുറയുന്ന പശ്ചാത്തലത്തിലാണ് ആർബിഐയുടെ അടിയന്തര ഇടപെടൽ. വഴി അറിയാതെ സ്വർണവിപണി
സ്വർണവില പ്രവചനാതീതമായി ചാഞ്ചാടുന്നതോടെ എപ്പോൾ വാങ്ങണമെന്നും വിൽക്കണമെന്നും അറിയാത്ത ആശങ്കയിലാണ് നിക്ഷേപകർ.
2026ൽ മാത്രം രാജ്യാന്തര വില 6% ഇടിഞ്ഞു. കഴിഞ്ഞ 6 മാസത്തിനിടെ 13.6 ശതമാനത്തിന്റെ കുറവാണ് രേഖപ്പെടുത്തിയത്.
നിലവിൽ ഔൺസിന് 4194.65 ഡോളറെന്ന നിലയിലാണ് സ്വർണം വ്യാപാരം തുടരുന്നത്. ∙ അമേരിക്കൻ ബോണ്ട് യീൽഡ് ഉയരുന്നതാണ് സ്വർണവില ഇടിയാനുള്ള പ്രധാന കാരണം.
പലിശ വരുമാനം ലഭിക്കാത്ത നിക്ഷേപമാണ് സ്വർണം. എന്നാൽ ഉയർന്ന നേട്ടം ലഭിക്കാനുള്ള സാധ്യത തെളിയുന്നത് നിക്ഷേപകരെ അമേരിക്കൻ ബോണ്ടുകളിലേക്ക് ആകർഷിക്കുന്നു.
ഇത് സ്വർണത്തിന്റെ ഡിമാൻഡും വിലയും കുറയ്ക്കുന്നു. ∙ അമേരിക്കൻ ഡോളറിന്റെ വിനിമയ നിരക്ക് കൂടുന്നതാണ് മറ്റൊരു കാരണം.
അമേരിക്കൻ ഫെഡറൽ റിസർവ് ഇനിയും അടിസ്ഥാന പലിശ നിരക്ക് ഉയർത്തിയേക്കുമെന്ന ആശങ്ക ശക്തമായതോടെ ഈ വർഷം മൂന്നു ശതമാനമാണ് ഡോളർ സൂചിക ഉയർന്നത്. ആറു പ്രധാന കറൻസികൾക്കെതിരെ ഡോളറിന്റെ വിനിമയ നിരക്ക് കണക്കാക്കുന്ന സൂചികയാണിത്.
ഇതോടെ മറ്റ് കറൻസികളിൽ സ്വർണം വാങ്ങുന്നതിനുള്ള ചെലവും വർധിച്ചു. ∙ ഇറാൻ യുദ്ധത്തിനു പിന്നാലെ ക്രൂഡോയിൽ വില ഉയർന്നത് രാജ്യാന്തര തലത്തിൽ പണപ്പെരുപ്പ ഭീഷണി വർധിപ്പിച്ചിട്ടുണ്ട്.
ഇതോടെ നിക്ഷേപകർ ലാഭമെടുപ്പ് വർധിപ്പിച്ചതും കേന്ദ്രബാങ്കുകൾ പലിശ നിരക്ക് ഉയർത്തിയതും സ്വർണവിലയെ സാരമായി ബാധിച്ചു. ∙ എന്നാൽ സ്വർണത്തിലെ ഡിമാൻഡ് ഇപ്പോഴും കുറഞ്ഞിട്ടില്ലെന്നും വില ഇനിയും കുതിക്കാനുള്ള സാധ്യതയുണ്ടെന്നുമാണ് വിദഗ്ധരുടെ വാദം.
2026ൽ കേന്ദ്രബാങ്കുകൾക്ക് 700 ടൺ സ്വർണം ആവശ്യമുണ്ട്. മുൻവർഷങ്ങളിൽ ഇത് ശരാശരി 470 ടൺ മാത്രമായിരുന്നു.
എമേർജിങ് വിപണികൾ അമേരിക്കൻ ഡോളറിനെ ആശ്രയിക്കുന്നത് കുറച്ച് സ്വർണത്തിലേക്ക് മാറുന്നതും നിർണായകമാണ്. ഭൗമരാഷ്ട്രീയ സാഹചര്യങ്ങൾ മോശമായതും സർക്കാരുകളുടെ കടവും മറ്റൊരു ഘടകമാണ്.
ഇന്ത്യയിൽ ഉൽസവകാലത്ത് ഡിമാൻഡ് വർധിക്കുന്നതും വിലയെ സ്വാധീനിക്കുമെന്ന് വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു. വിപണിയിൽ തിരിച്ചുവരവിന്റെ ലക്ഷണങ്ങൾ
ഇന്ത്യൻ ഓഹരി വിപണി തുടർച്ചയായ 8 ആഴ്ചയിലെ നഷ്ടത്തിനു ശേഷം നേട്ടത്തിലേക്ക് മാറിയ ആഴ്ച കൂടിയാണ് കടന്നുപോയത്.
ക്രൂഡോയിൽ വില കുറഞ്ഞതും അവസാന ദിവസങ്ങളിൽ ഐടി ഓഹരികൾ മികച്ച നേട്ടമുണ്ടാക്കിയതുമാണ് വിപണിക്ക് കരുത്തായത്. ∙ അവസാന വ്യാപാര ദിവസമായ വെള്ളിയാഴ്ച നിഫ്റ്റി 1.3% ഉയർന്ന് 22,540.45 ലെത്തി.
1.23% മുന്നേറിയ സെൻസെക്സ് 72,472.33 ലും ക്ലോസ് ചെയ്തു. ബാങ്ക് നിഫ്റ്റി 1.36% മുന്നേറ്റം നടത്തി.
ഓയിൽ ആൻഡ് ഗ്യാസ് ഒഴികെയുള്ള എല്ലാ മേഖലകളും നേട്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. ∙ ഗിഫ്റ്റ് നിഫ്റ്റിയിലെ വ്യാപാരം കഴിഞ്ഞ ദിവസം നഷ്ടത്തിലാണ് അവസാനിച്ചത്.
ഇന്ത്യൻ ഓഹരി വിപണി നഷ്ടത്തോടെയോ കാര്യമായ നേട്ടമുണ്ടാക്കാതെയോ വ്യാപാരം ആരംഭിക്കുമെന്നാണ് ഇതു നൽകുന്ന സൂചന. ∙ എന്നാൽ വിപണി തിരിച്ചുവരവിന്റെ ലക്ഷണങ്ങൾ കാണിക്കുന്നുണ്ടെന്നും അടുത്ത ദിവസങ്ങളിലെ വ്യാപാരത്തോടെ ഇത് വ്യക്തമാകുമെന്നും വിദഗ്ധർ അഭിപ്രായപ്പെടുന്നു.
∙ അടുത്ത ദിവസങ്ങളിൽ കൂടുതൽ കമ്പനികൾ രണ്ടാം പാട ഫലങ്ങൾ പുറത്തുവിടുന്നതും അമേരിക്കയിൽ നിന്നുള്ള തൊഴിൽ, പണപ്പെരുപ്പ കണക്കുകളുമാണ് ഇനി നിക്ഷേപകർ ഉറ്റുനോക്കുന്നത്.
ക്രൂഡോയിൽ, അമേരിക്കൻ ബോണ്ട് യീൽഡ് എന്നിവയിലെ ഏറ്റക്കുറച്ചിലുകളും വിപണിയിൽ നിർണായകമാകും. ∙ പ്രാരംഭ ഓഹരി വിൽപ്പനയ്ക്ക് (ഐപിഒ) ശേഷമുള്ള ലോക്ക് ഇൻ പീരിയഡ് കഴിയുന്നതോടെ 22 ലധികം കമ്പനികളുടെ ഓഹരികൾ കൂടി അടുത്ത ദിവസങ്ങളിൽ വ്യാപാരത്തിനെത്തും.
വീഗാലാൻഡ് ഡവലപ്പേഴ്സ്, ഹീറോ മോട്ടോഴ്സ്, എൻഎസ്ഇ, മണിവ്യൂ തുടങ്ങിയ പ്രമുഖ കമ്പനികളുടെ ഓഹരികളാണ് ഒക്ടോബർ 15 മുതൽ 30 വരെ വിപണിയിലെത്തുക. (Disclaimer: ഈ ലേഖനം ഓഹരി/കടപ്പത്രം/മ്യൂച്വൽഫണ്ട്/ക്രിപ്റ്റോകറൻസി/ഐപിഒ/സ്വർണം മുതലായവ വാങ്ങാനോ വില്ക്കാനോ ഉള്ള നിര്ദേശമോ ഉപദേശമോ അല്ല.
ഓഹരി/കടപ്പത്രം/മ്യൂച്വൽഫണ്ട് മുതലായ നിക്ഷേപങ്ങൾ വിപണിയിലെ റിസ്കുകൾക്ക് വിധേയമാണ്. നിക്ഷേപം നടത്തുന്നതിന് മുമ്പ് നിങ്ങള് സ്വയം പഠനങ്ങൾ നടത്തുകയോ ഒരു വിദഗ്ധന്റെ ഉപദേശം തേടുകയോ ചെയ്യുക)
Disclaimer: ഈ വാർത്തയ്ക്കൊപ്പം ഉപയോഗിച്ചിരിക്കുന്ന ചിത്രം മലയാള മനോരമയുടേതല്ല.
ഇത് ANDREW CABALLERO-REYNOLDS / AFPൽ നിന്ന് എടുത്തിട്ടുള്ളതാണ്. ഈ വാർത്ത കൂടുതൽ വ്യക്തവും സമഗ്രവുമാക്കുന്നതിനാണ് ഈ ചിത്രം ഉപയോഗിച്ചിരിക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

