തലസ്ഥാനത്ത് പ്രതിഷേധം ശക്തമാക്കി കോക്ക്റോച്ച് ജനത പാർട്ടി (സിജെപി). മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ രാജിവെക്കണമെന്നാവശ്യപ്പെട്ട് ജന്തർ മന്തറിലേക്ക് സംഘടന വീണ്ടും സമരം പ്രഖ്യാപിച്ചു.
നാളെ രാവിലെ പത്തു മണിക്കാണ് പുതിയ സമരത്തിന് ആഹ്വാനം നൽകിയിരിക്കുന്നത്. അജിങ്ക്യ ഷിൻഡെയാണ് സമരത്തിന് നേതൃത്വം നൽകുന്നത്.
ഇത് പുതിയ പോരാട്ടത്തിന്റെ തുടക്കമാണെന്നും ഗ്യാനേഷ് കുമാറിന്റെ രാജി ലഭിക്കാതെ പിന്മാറില്ലെന്നും സിജെപി നേതാവ് അജിങ്ക്യ ഷിൻഡെ വ്യക്തമാക്കിയിട്ടുണ്ട്. എവിടെ പൊലീസ് തടയുന്നുവോ അവിടെ സമരം നടത്താനാണ് പ്രവർത്തകർക്ക് നൽകിയിരിക്കുന്ന നിർദ്ദേശം.
അതേസമയം, ജന്തർ മന്തറിലേക്ക് കോക്ക്റോച്ച് ജനത പാർട്ടി നടത്തിയ മാർച്ച് സർവ്വ സന്നാഹങ്ങളുമായി ദില്ലി പൊലീസ് ഇന്ന് രാവിലെ തടഞ്ഞിരുന്നു. മാർച്ചിൽ പങ്കെടുക്കാനെത്തിയ സിജെപി നേതാക്കളായ അഭിജീത് ദിപ്കെ, അശുതോഷ് രാൻക, സൗരവ് ദാസ് എന്നിവരെ വിമാനത്തിനുള്ളിൽ നിന്നും നാടകീയമായാണ് കസ്റ്റഡിയിലെടുത്തത്.
ഈ അറസ്റ്റിനെതിരെ സിജെപി കോടതിയെ സമീപിച്ചിട്ടുണ്ട്. ജന്തർമന്തറിലേക്ക് തിരിച്ച ആയിരത്തിലധികം പ്രതിഷേധക്കാരെ പൊലീസ് വിവിധയിടങ്ങളിൽ നിന്നായി കസ്റ്റഡിയിലെടുത്തു.
നിലവിൽ സിജെപി നേതാക്കൾ അജ്ഞാത കേന്ദ്രങ്ങളിൽ കസ്റ്റഡിയിൽ തുടരുകയാണ്. ദില്ലി അന്താരാഷ്ട്ര വിമാനത്താവളത്തിലായിരുന്നു പൊലീസിന്റെ ഭാഗത്തുനിന്നും അപ്രതീക്ഷിത നീക്കമുണ്ടായത്.
രാവിലെ 10.20 ഓടെ മുംബൈ – ദില്ലി എയർ ഇന്ത്യ വിമാനത്തിലേക്ക് ദില്ലി പൊലീസ് ഇരച്ചു കയറുകയായിരുന്നു. കേവലം 15 മിനിറ്റിനകം സിജെപി നേതാക്കാളായ അഭിജീത് ദിപ്കെ, അശുതോഷ് രാൻക, സൗരവ് ദാസ് എന്നിവർ കസ്റ്റഡിയിലായി.
തുടർന്ന് രാവിലെ 11 മണിയോടെ മാധ്യമങ്ങളുടെ കണ്ണുവെട്ടിച്ച് പ്രത്യേക വാഹനത്തിൽ ഇവരെ പുറത്തെത്തിക്കുകയും രഹസ്യ കേന്ദ്രത്തിലേക്ക് മാറ്റുകയും ചെയ്തു. നേതൃനിര ഇല്ലെങ്കിലും പ്രതിഷേധം ശക്തമായി തുടരുമെന്ന് സിജെപി വ്യക്തമാക്കിയിട്ടുണ്ട്.
മുത്തശ്ശി മരിച്ചത് പോലും അഭിജീത് ദീപ്കെയെ അറിയിച്ചില്ലെന്നും നേതാക്കളെ തട്ടികൊണ്ടു പോയെന്നുമാണ് സംഘടനയുടെ ആരോപണം. ഇതിനിടെ, രാവിലെ പ്രശസ്ത യൂട്യൂബർ ദ്രുവ് റാത്തിയെയും സിജെപി അഭിഭാഷക സംഘടന നേതാവ് രത്ന സിംഗ്നെയും പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു.
അറസ്റ്റിനെതിരെ സിജെപി മജിസ്ട്രേറ്റ് കോടതിയെ സമീപിച്ചതിനെ തുടർന്ന് രത്ന സിംഗിനെ വൈകീട്ടോടെ വിട്ടയച്ചതായി പൊലീസ് അറിയിച്ചു. പ്രതിഷേധവുമായി ബന്ധപ്പെട്ട് സുദേശ് എന്ന വനിത ആക്ടിവിസ്റ്റിനെ ജന്തർമന്തർ ഭാഗത്തുനിന്ന് പൊലീസ് അറസ്റ്റ് ചെയ്തു നീക്കി.
പൊലീസിന്റെ കണ്ണു വെട്ടിച്ച് ഇവിടെയെത്തിയ ഇവർ മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെയാണ് പൊലീസ് ബലമായി നീക്കം ചെയ്തത്. സാമൂഹ്യപ്രവർത്തകൻ ഴോങ് ദ്രെ അടക്കം നാലു പേരെയും ജന്തർ മന്തറിലേക്ക് പോകുന്നതിനു മുമ്പ് പൊലീസ് തടഞ്ഞ് കസ്റ്റഡിയിലെടുത്തു.
ഐഷി ഘോഷ്, അപരാജിത രാജ എന്നിവരും നിലവിൽ കസ്റ്റഡിയിലാണ്. ഇതോടെ പൊലീസ് കസ്റ്റഡിയിലായവരുടെ എണ്ണം നാലായിരം കടന്നിരിക്കുകയാണ്.
ജന്തർമന്തറിലേക്ക് ഒരാൾ പോലും എത്താത്ത രീതിയിൽ വൻ സുരക്ഷാ സന്നാഹമാണ് പൊലീസ് ഒരുക്കിയിരിക്കുന്നത്. അശോക റോഡിൽ നിന്ന് ജന്തർമന്തറിലേക്ക് പോകുന്ന റോഡിൽ അഞ്ച് തട്ടുള്ള ബാരിക്കേഡാണ് സ്ഥാപിച്ചിട്ടുള്ളത്.
കൂടാതെ കൊണാട്ട് പ്ളെയിസ്, വിൻഡ്സർ സർക്കിൾ എന്നിവിടങ്ങളിൽ നിന്നുള്ള ജന്തർമന്തറിലേക്കുള്ള പ്രവേശനവും പൂർണ്ണമായി തടഞ്ഞിട്ടുണ്ട്. സൻസദ് മാർഗ്, മണ്ഡി ഹൗസ്, റീഗൽ സിനിമ, മിൻറോ റോഡ് തുടങ്ങിയ ഇടങ്ങളിൽ നിന്നാണ് നിരവധി പേരെ അറസ്റ്റ് ചെയ്തത്.
സിപി ഇന്നർ സർക്കിളിൽ നിന്ന് പ്രതിഷേധക്കാരെ നീക്കിയത് ചെറിയ തോതിൽ സംഘർഷത്തിനും ഇടയാക്കി. പ്രതിഷേധത്തിന് പിന്തുണയുമായി എത്തിയ ഒരുവിഭാഗം അഭിഭാഷകരെയും പൊലീസ് തടഞ്ഞു.
സുപ്രീംകോടതി പരിസരത്തു നിന്നും ജന്തർ മന്തറിലേക്കായിരുന്നു ഇവരുടെ മാർച്ച്. തല്ക്കാലം ദില്ലിയിൽ വൻ സംഘർഷങ്ങൾ ഒഴിവാക്കി ഇന്നത്തെ പ്രതിഷേധം നിയന്ത്രിക്കാൻ പൊലീസിന് കഴിഞ്ഞിട്ടുണ്ട്.
എങ്കിലും വരും ദിവസങ്ങളിലും ജന്തർമന്തറിലേക്കുള്ള പ്രവേശനം വിലക്കിക്കൊണ്ടുള്ള കർശന സുരക്ഷാ സന്നാഹം ദില്ലി പൊലീസിന് തുടരേണ്ടി വരും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

