മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് സിജെപിയും വിവിധ ഇടത് വിദ്യാർത്ഥി സംഘടനകളും സംയുക്തമായി സംഘടിപ്പിച്ച പ്രതിഷേധ മാർച്ചുമായി ബന്ധപ്പെട്ട് ഡൽഹിയിൽ കസ്റ്റഡിയിലെടുത്തവരിൽ ഭൂരിഭാഗം പേരെയും പൊലീസ് വിട്ടയച്ചു. സിജെപി നേതാക്കൾ ഒഴികെ തടങ്കലിൽ കഴിഞ്ഞിരുന്ന മറ്റെല്ലാവരെയും മോചിപ്പിച്ചതായി അധികൃതർ വ്യക്തമാക്കി.
എന്നാൽ, നിയമനടപടികൾ നിലനിൽക്കുന്നതിനാൽ ബന്ധപ്പെട്ട സി.ജെ.പി നേതാക്കൾ തുടർഡെറ്റൻഷനിൽ തന്നെ തുടരുമെന്നാണ് വിവരം.
ഇതിനിടയിൽ, കസ്റ്റഡിയിലുള്ള അഭിജീത് ദീപ്കെയുടെ മുത്തശ്ശി നിര്യാതനായതിനെ തുടർന്ന്, അദ്ദേഹത്തിന് നാട്ടിലേക്കുള്ള മടക്കയാത്രയ്ക്കുള്ള എല്ലാ ക്രമീകരണങ്ങളും ചെയ്തുനൽകുമെന്ന് ഡൽഹി പോലീസ് അറിയിച്ചു. മരണവിവരം കൃത്യസമയത്ത് അറിയിച്ചിരുന്നുവെന്നും ഇതുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന വാർത്തകൾ അടിസ്ഥാനരഹിതമാണെന്നും പോലീസ് ഔദ്യോഗികമായി വിശദീകരിച്ചു.
പ്രതിഷേധങ്ങളെ തുടർന്ന് തലസ്ഥാന നഗരിയിൽ ഏർപ്പെടുത്തിയിരുന്ന കനത്ത ഗതാഗത നിയന്ത്രണങ്ങൾ പൂർണ്ണമായി പിൻവലിച്ചിട്ടുണ്ട്. നാളെ മുതൽ ട്രെയിനുകൾ പതിവുപോലെ സർവീസ് നടത്തുമെന്ന് നോർത്തേൺ റെയിൽവേ അറിയിച്ചു.
സുരക്ഷ മുൻനിർത്തി അടച്ചിട്ടിരുന്ന ഡൽഹി മെട്രോയുടെ 45 സ്റ്റേഷനുകളും പൊതുജനങ്ങൾക്കായി വീണ്ടും തുറന്നുകൊടുത്തതായി ഡൽഹി മെട്രോ റെയിൽ കോർപ്പറേഷൻ വ്യക്തമാക്കി. സമരത്തിനിടയിൽ പ്രതിഷേധക്കാരെയും നേതാക്കളെയും മാധ്യമപ്രവർത്തകരെയും കൂട്ടത്തോടെ കസ്റ്റഡിയിലെടുത്ത നടപടിയിൽ ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ സംഘടന ആശങ്ക പ്രകടിപ്പിച്ചിരുന്നു.
സമാധാനപരമായ രീതിയിൽ ഒത്തുകൂടാനുള്ള അവകാശം സംരക്ഷിക്കപ്പെടണമെന്നും അമിതാധികാര പ്രയോഗങ്ങൾ ഒഴിവാക്കി തടവിലുള്ളവരെ മോചിപ്പിച്ച് ചർച്ചകൾക്ക് തയ്യാറാകണമെന്നും യു.എൻ ആവശ്യപ്പെടുകയുണ്ടായി. എന്നാൽ, യു.എൻ മനുഷ്യാവകാശ കൗൺസിലിന്റെ ഈ പ്രസ്താവന കേന്ദ്രസർക്കാർ തള്ളിക്കളഞ്ഞു.
ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യയിൽ സമാധാനപരമായ പ്രതിഷേധങ്ങൾ സംഘടിപ്പിക്കാൻ പൂർണ്ണ സ്വാതന്ത്ര്യമുണ്ടെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. ക്രമസമാധാനം ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായി ഏത് പരമാധികാര രാജ്യത്തെയും പോലെ ഭരണകൂടത്തിന് ആവശ്യമായ മുൻകരുതൽ നടപടികൾ സ്വീകരിക്കാമെന്നും സർക്കാർ ഓർമ്മിപ്പിച്ചു.
ആഗോളതലത്തിൽ നടക്കുന്ന മറ്റ് ഗുരുതരമായ വിഷയങ്ങളിൽ മൗനം പാലിക്കുന്ന യു.എൻ നിലപാടിനെയും ഇന്ത്യ വിമർശിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

