രാജ്യത്തുടനീളം അതിവേഗ ഇന്റർനെറ്റ് സേവനങ്ങൾ വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി പുതിയ ഉപഗ്രഹ ശൃംഖല പദ്ധതിക്ക് രൂപം നൽകി റിലയൻസ് ജിയോ രംഗത്ത്. പുതിയ വിവരങ്ങൾ അനുസരിച്ച്, രാജ്യത്ത് ഏകദേശം 1,600 ഉപഗ്രഹങ്ങളും 23 ഭൂകേന്ദ്രങ്ങളും ഉൾപ്പെടുന്ന ബൃഹത്തായ ശൃംഖല സ്ഥാപിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്.
ന്യൂഡൽഹിയിൽ നടന്ന ഇന്ത്യ മൊബൈൽ കോൺഗ്രസ് 2026-ലാണ് ജിയോ തങ്ങളുടെ പദ്ധതി ഔദ്യോഗികമായി അവതരിപ്പിച്ചത്. രാജ്യത്തെ വിദൂര ഗ്രാമങ്ങൾ, ദ്വീപുകൾ, അതിർത്തി പ്രദേശങ്ങൾ എന്നിവയുൾപ്പെടെയുള്ള ഇടങ്ങളിലേക്ക് കണക്റ്റിവിറ്റി എത്തിക്കുകയാണ് ഈ നൂതന പദ്ധതിയുടെ പ്രധാന ലക്ഷ്യം.
നിലവിലുള്ള മൊബൈൽ ടവറുകൾക്കും ഫൈബർ ശൃംഖലയ്ക്കും പുറമെയാണ് ഉപഗ്രഹങ്ങൾ ഉപയോഗപ്പെടുത്തി സേവനം വ്യാപിപ്പിക്കുന്നത്. ഭുമിയോട് അടുത്ത ഭ്രമണപഥത്തിലുള്ള ഉപഗ്രഹങ്ങളാണ് ഇതിനായി ഉപയോഗിക്കുന്നത്.
വ്യോമയാനം, സമുദ്രഗതാഗതം, പ്രതിരോധം, ദുരന്തനിവാരണം, വ്യവസായ സ്ഥാപനങ്ങൾ തുടങ്ങിയ വിവിധ മേഖലകളിലും ഈ സംവിധാനം പ്രയോജനപ്പെടുത്താൻ കമ്പനി പദ്ധതിയിടുന്നുണ്ട്. രാജ്യത്തെ 600,000-ത്തിലധികം ഗ്രാമങ്ങളിലേക്ക് ഉൾപ്പെടെ സേവനം എത്തിക്കുകയാണ് ലക്ഷ്യം.
സാങ്കേതികവിദ്യയുടെ രൂപകൽപ്പന മുതൽ പ്രവർത്തനം വരെയുള്ള മുഴുവൻ ശൃംഖലയും ഇന്ത്യയിൽത്തന്നെ നിലനിർത്താനും ജിയോയുടെ പദ്ധതിയിൽ വ്യവസ്ഥയുണ്ട്. അതേസമയം, ഇലോൺ മസ്കിന്റെ നേതൃത്വത്തിലുള്ള സ്റ്റാർലിങ്ക് ഇന്ത്യൻ വിപണിയിൽ പ്രവേശിക്കാനുള്ള അനുമതി നടപടികൾ പൂർത്തിയാക്കാനുള്ള ശ്രമത്തിലാണ്.
സ്റ്റാർലിങ്കിന് ജിഎംപിസിഎസ് ലൈസൻസും ഇൻ-സ്പേസ് അനുമതിയും ലഭിച്ചിട്ടുണ്ട് എങ്കിലും, വാണിജ്യ സേവനങ്ങൾ ആരംഭിക്കാൻ ശേഷിക്കുന്ന നിയന്ത്രണ നടപടികളും സ്പെക്ട്രം അനുവദിക്കലും പൂർത്തിയാക്കേണ്ടതുണ്ട്. ഇന്ത്യയിൽ നൂറുകണക്കിന് ആന്റിനകളുള്ള 20 ഗേറ്റ്വേ കേന്ദ്രങ്ങൾ സ്ഥാപിച്ചതായി സ്പേസ് എക്സ് എക്സിക്യൂട്ടീവ് ലോറൻ ഡ്രെയർ അറിയിച്ചിട്ടുണ്ട്.
ഉപയോക്താക്കളുടെ വിവരങ്ങൾ രാജ്യത്തിനുള്ളിൽത്തന്നെ സുരക്ഷിതമായി സൂക്ഷിക്കുന്നതിനുള്ള സംവിധാനങ്ങളും കമ്പനി ഒരുക്കിയിട്ടുണ്ട്. വിപണിയിലെ അനുമതി നടപടികൾക്കായുള്ള ശ്രമങ്ങൾ തുടരുന്നതിനിടയിലാണ് ജിയോയുടെ പുതിയ പ്രഖ്യാപനം വന്നിരിക്കുന്നത്.
ടെലികോം സേവനങ്ങൾക്ക് ന്യായവും വിവേചനരഹിതവുമായ അനുമതി നടപടികളാണ് ഇന്ത്യ പിന്തുടരുന്നതെന്ന് കേന്ദ്ര വാർത്താവിനിമയ മന്ത്രാലയം നേരത്തെ വ്യക്തമാക്കിയിരുന്നു. സ്റ്റാർലിങ്ക്, ജിയോ സാറ്റലൈറ്റ് കമ്മ്യൂണിക്കേഷൻസ് തുടങ്ങിയ കമ്പനികളുടെ സുരക്ഷാ പരിശോധനകൾ പുരോഗമിക്കുകയാണെന്നും സർക്കാർ അറിയിച്ചിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

