തൃപ്പൂണിത്തുറ എരൂരിൽ മൂന്ന് ജീവനുകൾ വലിയൊരു ദുരന്തത്തിൽ നിന്നും രക്ഷപ്പെട്ടത് അയൽവാസികളുടെ അസാധാരണമായ ധൈര്യവും സമയോചിത ഇടപെടലും കൊണ്ടുമാത്രം. എരൂർ ഇല്ലിക്കപ്പടിയിൽ കഴിഞ്ഞ ബുധനാഴ്ച രാത്രിയാണ് നാടിനെ നടുക്കിയ സംഭവമുണ്ടായത്.
നഗരസഭയിലെ താൽക്കാലിക ജീവനക്കാരനായ ദിലീപ്, മദ്യലഹരിയിൽ വാക്കത്തിയുമായി എത്തി ഭാര്യയെയും മാതാപിതാക്കളെയും വെട്ടിക്കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു. ഈ സമയം അപായസൂചന മനസ്സിലാക്കി അയൽവാസികളായ ഹൈക്കോടതി ജീവനക്കാരി ശ്രീസുഖയും റെയിൽവേ ജീവനക്കാരനായ സന്തോഷ്കുമാറും സംഭവസ്ഥലത്തേക്ക് ഓടിയെത്തുകയായിരുന്നു.
സാഹചര്യം തിരിച്ചറിഞ്ഞ സന്തോഷ്, പ്രതിയുടെ കയ്യിൽനിന്നു വാക്കത്തി പിടിച്ചെടുത്ത് ഉടൻതന്നെ ശ്രീസുഖയ്ക്കു കൈമാറി. കൂടുതൽ അക്രമാസക്തനായി മാറിയ ദിലീപിനെ ശ്രീസുഖ ശക്തമായി ചവിട്ടി നിലത്തിടുകയും, എഴുന്നേൽക്കാൻ പോലും അനുവദിക്കാതെ അമർത്തിപ്പിടിക്കുകയും ചെയ്തു.
ഇതിനിടയിലാണ് ദിലീപിന്റെ ഭാര്യാമാതാവായ പുഷ്പ ഗുരുതരമായി വെട്ടേറ്റു ചോരയിൽ കുളിച്ചു നിൽക്കുന്നത് ഇരുവരുടെയും ശ്രദ്ധയിൽപെടുന്നത്. പുഷ്പയുടെ ഭർത്താവ് രാമചന്ദ്രന്റെ കയ്യിലും സാരമായ പരിക്കുകളുണ്ടായിരുന്നു.
ഉടൻതന്നെ പരിക്കേറ്റ രാമചന്ദ്രനെ തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിലും, ഗുരുതരമായി പരിക്കേറ്റ പുഷ്പയെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ദേഹത്ത് 12-ഓളം വെട്ടേറ്റ പുഷ്പയുടെ തലയോട്ടി പൊട്ടിയ നിലയിലായതിനാൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.
സംഭവത്തിൽ പ്രതിയായ ദിലീപിനെ പിന്നീട് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

