വർഷങ്ങളായി മാനന്തവാടിയിൽ പ്രവർത്തിച്ചു വരുന്നതും എംബിബിഎസ് ക്ലാസുകൾ ഇതിനോടകം ആരംഭിച്ചതുമായ വയനാട് ഗവ. മെഡിക്കൽ കോളജിന്റെ തുടർ വികസനത്തിനായി 25 ഏക്കർ ഭൂമി പാരിസൺസ് ടീ എസ്റ്റേറ്റ് ഉപാധികളോടെ സൗജന്യമായി അനുവദിക്കുമെന്ന് ഉടമ മുഹമ്മദാലി അറിയിച്ചതായി നഗരസഭാധ്യക്ഷൻ ജേക്കബ് സെബാസ്റ്റ്യൻ വ്യക്തമാക്കി.
ഈ നിർദിഷ്ട സ്ഥലത്തോടൊപ്പം ബിഒടി അടിസ്ഥാനത്തിൽ പുതിയ ബസ് സ്റ്റാൻഡും എസ്റ്റേറ്റ് ഉടമകൾ നിർമിച്ചു നൽകും.
ഇതിന്റെ ഭാഗമായി പ്ലാന്റേഷൻ നിയമത്തിൽ ആവശ്യമായ ഇളവുകൾ അനുവദിക്കണമെന്നും ഉടമകളുടെ ഭാഗത്തുനിന്നും ആവശ്യം ഉയർന്നിട്ടുണ്ട്. നഗരസഭാ കാര്യാലയം പുതിയ കെട്ടിടത്തിലേക്ക് മാറിയ ഘട്ടത്തിൽ പഴയ ഓഫിസ് മന്ദിരം മെഡിക്കൽ കോളജിന്റെ പ്രവർത്തന സൗകര്യങ്ങൾക്കായി വിട്ടുനൽകിയിരുന്നു.
മാനന്തവാടിയിൽത്തന്നെ മെഡിക്കൽ കോളജ് നിലനിർത്തുന്നതിന്റെ ഭാഗമായി ആവശ്യമായ സ്ഥലലഭ്യത ഉറപ്പാക്കാൻ മുൻകൂട്ടിത്തന്നെ ഇടപെടലുകൾ നടത്തുമെന്ന് നഗരസഭ വ്യക്തമാക്കിയിരുന്നു. പാരിസൺസ് എസ്റ്റേറ്റിൽ നിന്നും ഭൂമി ലഭ്യമാകുന്നതുമായി ബന്ധപ്പെട്ട
വിശദാംശങ്ങൾ ഉൾപ്പെടുത്തി ഉഷ വിജയൻ എംഎൽഎയുടെ നേതൃത്വത്തിൽ ഔദ്യോഗിക പ്രപ്പോസൽ സമർപ്പിക്കുമെന്ന് നഗരസഭാധ്യക്ഷൻ ജേക്കബ് സെബാസ്റ്റ്യൻ, ഉപാധ്യക്ഷ സിന്ധു സെബാസ്റ്റ്യൻ, സ്ഥിരസമിതി അധ്യക്ഷരായ പി.വി. ജോർജ്, പി.വി.എസ്.മൂസ, ഷിബു കെ.ജോർജ്, ലേഖാ രാജീവൻ, ഷീജാ ഫ്രാൻസിസ്, കൗൺസിലർ പി.ടി.ബിജു, നഗരസഭാ സൂപ്രണ്ട് എ.ആർ.രമ്യ എന്നിവർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
അതേസമയം, അമ്പുകുത്തിയിലെ ഭൂമിക്ക് പ്രഥമ പരിഗണന നൽകണമെന്ന് ആവശ്യപ്പെട്ട് നഗരസഭയിലെ ഇടതു കൗൺസിലർമാരും രംഗത്തെത്തിയിട്ടുണ്ട്. വയനാട് ഗവ.
മെഡിക്കൽ കോളജിനായി അക്കാദമിക ബ്ലോക്ക് നിർമിക്കുന്നതിന് അമ്പുകുത്തിയിലെ ഭൂമി തന്നെ പരിഗണിക്കണമെന്നാണ് അവരുടെ നിലപാട്. ഈ ഭൂമി ലഭ്യമാക്കുന്നതിനായുള്ള പ്രാഥമിക നടപടികൾ മുൻ എൽഡിഎഫ് സർക്കാരിന്റെ കാലത്ത് പരിവേഷ് പോർട്ടൽ വഴി ആരംഭിച്ചതാണെന്നും, മാനന്തവാടിയിലുള്ള കോളജ് മറ്റ് പ്രദേശങ്ങളിലേക്ക് മാറ്റപ്പെടുമോ എന്ന ജനങ്ങളുടെ ആശങ്ക ദൂരികരിക്കാൻ ബന്ധപ്പെട്ട
അധികാരികൾ തയാറാകണമെന്നും അവർ ആവശ്യപ്പെട്ടു. എസ്റ്റേറ്റിൽ നിന്ന് അധികമായി ഏറ്റെടുത്ത ഈ ഭൂമി വനംവകുപ്പിന്റെ സംരക്ഷണത്തിനായി ഏൽപ്പിച്ചതാണെന്നും സമീപ പ്രദേശങ്ങളിലായി മുന്നൂറോളം കുടിയേറ്റ കുടുംബങ്ങൾ താമസിക്കുന്നുണ്ടെന്നും കൗൺസിലർമാർ ചൂണ്ടിക്കാണിച്ചു.
മാനന്തവാടി നഗരത്തോട് ചേർന്നുനിൽക്കുന്ന അമ്പുകുത്തിയിലെ 25 ഏക്കറിലധികം വരുന്ന ഭൂമി റിസർവ് വനമാണെന്നാണ് ആരോഗ്യ മന്ത്രി കെ.മുരളീധരൻ പ്രസ്താവിച്ചിട്ടുള്ളത്. എന്നാൽ എന്തു അടിസ്ഥാനത്തിലാണ് ഈ പ്രസ്താവനയെന്ന് വ്യക്തമല്ലെന്നും, അമ്പുകുത്തി ഭൂമി റിസർവ് ഫോറസ്റ്റാണെന്ന മന്ത്രിയുടെ പ്രസ്താവന പ്രദേശത്തെ കുടുംബങ്ങളിൽ വലിയ ആശങ്ക സൃഷ്ടിച്ചിട്ടുണ്ടെന്നും അവർ കൂട്ടിച്ചേർത്തു.
ഈ ഭൂമിയിൽ മെഡിക്കൽ കോളജ് സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട തടസ്സങ്ങൾ എന്തൊക്കെയാണെന്ന് പൊതുജനങ്ങളെ ബോധ്യപ്പെടുത്തേണ്ട
ഉത്തരവാദിത്വം സർക്കാരിനും, ജനപ്രതിനിധിയായ എംഎൽഎയ്ക്കും, മെഡിക്കൽ എജ്യുക്കേഷൻ ഡയറക്ടർക്കുമുണ്ട്. മെഡിക്കൽ കോളജ് അമ്പുകുത്തിയിൽ തന്നെ ആരംഭിക്കുന്നതിനുള്ള രാഷ്ട്രീയ ഇച്ഛാശക്തി യുഡിഎഫ് നേതൃത്വം പ്രകടിപ്പിക്കണം.
ഭരണസമിതിയുമായി അനാവശ്യമായ തർക്കങ്ങൾക്ക് താത്പര്യമില്ലാത്തതിനാലാണ് പാരിസൺസ് എസ്റ്റേറ്റ് ഭൂമി ഏറ്റെടുക്കാനുള്ള തീരുമാനത്തോടൊപ്പം ഇടതു കൗൺസിലർമാരും നിലകൊള്ളുന്നത്. പാരിസൺസ് എസ്റ്റേറ്റ് 25 ഏക്കർ ഭൂമി കൈമാറുമ്പോൾ അതേ അളവിൽ ഭൂമി തരംമാറ്റി നൽകണമെന്ന വ്യവസ്ഥയാണ് മുന്നോട്ടുവെച്ചിട്ടുള്ളത്.
ഇത് ഭാവിയിൽ നിയമപരമായ സങ്കീർണ്ണതകൾക്കും പ്രശ്നങ്ങൾക്കും കാരണമായേക്കാം. ഭൂമി ഏറ്റെടുക്കുന്ന നടപടികൾ വൈകുകയാണെങ്കിൽ, ഭരണസമിതി സ്വന്തം നിലയിൽ ഫണ്ട് കണ്ടെത്തി ഭൂമി വിലയ്ക്കുവാങ്ങി മെഡിക്കൽ കോളജ് കെട്ടിട
നിർമാണത്തിനുള്ള സാഹചര്യം ഒരുക്കണമെന്നും പി.ടി.ബിജു, വി.ആർ.പ്രവീജ്, കെ.വി. ജുബൈർ, ഉഷാ കേളു, രാജു മൈക്കിൾ, എം.ആർ.രജനീഷ്, ശരണ്യ ശ്രീജിത്ത് തുടങ്ങിയവർ ആവശ്യപ്പെട്ടു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

