വടക്കൻ കേരളത്തിലെ ഭൂമിക്കടിയിലെ ധാതുനിക്ഷേപ സാധ്യതകൾ വിലയിരുത്തുന്നതിന്റെ ഭാഗമായി ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ (ജിഎസ്ഐ) രണ്ട് ചെറുവിമാനങ്ങൾ കണ്ണൂർ വിമാനത്താവളത്തിൽ എത്തിച്ചേർന്നു. വിടിഎഎസ്യു, വിടിഐഐസി എന്നീ വിമാനങ്ങൾക്കാണ് ഇവിടെ എത്തിയിട്ടുള്ളത്.
വിമാനങ്ങൾ പാർക്ക് ചെയ്യുന്നതിനായി 15 ദിവസത്തെ അനുമതിയാണ് അധികാരികളിൽ നിന്നും ലഭ്യമാക്കിയിട്ടുള്ളത്. ഈമാസം 15 വരെയാണ് ഈ വിമാനങ്ങൾ സർവേ പ്രവർത്തനങ്ങൾക്കായി ഉപയോഗിക്കുന്നത്.
ഭൂനിരപ്പിൽനിന്ന് 80–120 മീറ്റർ മാത്രം ഉയരത്തിൽ, മണിക്കൂറിൽ 200 കിലോമീറ്റർ വേഗതയിലായിരിക്കും വിമാനങ്ങളുടെ പറക്കൽ. തോറിയം, യുറേനിയം, മഗ്നീഷ്യം തുടങ്ങിയ വിവിധ മൂല്യവത്തായ ധാതുക്കളുടെ സാന്നിധ്യം കണ്ടെത്താൻ സാധ്യതയുള്ള മേഖലകൾ അടയാളപ്പെടുത്തുകയാണ് ഈ ദൗത്യത്തിലൂടെ ലക്ഷ്യമിടുന്നത്.
വിമാനങ്ങളിൽ ഘടിപ്പിച്ചിട്ടുള്ള റേഡിയോ സ്പെക്ട്രോ മെട്രിക് സെൻസറുകൾ വഴി കാന്തിക, റേഡിയോ മെട്രിക് വിവരങ്ങൾ ശേഖരിക്കും. ഇതിന്റെ അടിസ്ഥാനത്തിൽ ധാതുസാധ്യതയുള്ള പ്രദേശങ്ങളുടെ ഭൂപടം തയാറാക്കിയ ശേഷം, തുടർഘട്ടമായി ഭൂതല പരിശോധനയും വിശദമായ പര്യവേഷണവും സംഘടിപ്പിക്കും.
ബെംഗളൂരു ആസ്ഥാനമായി പ്രവർത്തിക്കുന്ന ജിഎസ്ഐയുടെ റിമോട്ട് സെൻസിങ് ആൻഡ് ഏരിയൽ സർവേസ് വിഭാഗമാണ് ഈ ദൗത്യത്തിന് നേതൃത്വം നൽകുന്നത്. പൈലറ്റുമാരും സാങ്കേതിക വിദഗ്ധരുമടങ്ങുന്ന സംഘം ഇതിനോടകം കണ്ണൂരിൽ എത്തിച്ചേർന്നിട്ടുണ്ട്.
സർവേ പരിധിയിൽ വരുന്ന പ്രധാന പ്രദേശങ്ങൾ:
• കാസർകോട് ജില്ല: കാഞ്ഞങ്ങാട്, നീലേശ്വരം, ബേക്കൽ, പനത്തടി, രാജപുരം, കുറ്റിക്കോൽ, ബെള്ളൂർ, ബദിയടുക്ക.
• കണ്ണൂർ: തളിപ്പറമ്പ്, ഇരിക്കൂർ, ശ്രീകണ്ഠാപുരം, ഇരിട്ടി, പയ്യാവൂർ, ഉളിക്കൽ, പേരാവൂർ.
• വയനാട്: അതിർത്തിയോടു ചേർന്ന വളരെ ചെറിയ ഭാഗം.
• കോഴിക്കോട്: വടകര, നാദാപുരം, കുറ്റ്യാടി, പേരാമ്പ്ര, താമരശ്ശേരി.
• കർണാടക: ദക്ഷിണ കന്നഡ, മടിക്കേരി, കുടക്, പുത്തൂർ, മംഗളൂരു. കാസർകോട്, കണ്ണൂർ, വയനാട്, കോഴിക്കോട് ജില്ലകൾക്ക് പുറമെ കർണാടകയിലെ മടിക്കേരി, ദക്ഷിണ കന്നഡ എന്നീ പ്രദേശങ്ങളിലും സർവേയുടെ ഭാഗമായി നിരീക്ഷണം നടക്കും.
രാവിലെ 9 മുതൽ വൈകിട്ട് 5.30 വരെയാണ് സർവേയുടെ പ്രവർത്തന സമയം. കഴിഞ്ഞവർഷം ഡിസംബറിൽ സർവേയ്ക്കായി വിമാനങ്ങൾ കണ്ണൂരിൽ എത്തിയിരുന്നെങ്കിലും, പ്രതികൂല കാലാവസ്ഥ മൂലം പ്രവർത്തനങ്ങൾ ഉപേക്ഷിക്കേണ്ടി വന്നിരുന്നു.
നിലവിൽ വടക്കൻ കേരളത്തിലാണ് സർവേ പുരോഗമിക്കുന്നതെങ്കിലും, തെക്കൻ കേരളത്തിലും സമാനമായ രീതിയിൽ സർവേ നടത്തുന്നതിനുള്ള ടെൻഡർ നടപടികൾ അന്തിമഘട്ടത്തിലാണ്. രാജ്യത്തെ 21 ബ്ലോക്കുകളിൽ നടപ്പിലാക്കാൻ നിശ്ചയിച്ച ഈ സർവേ 2017-ലാണ് ആരംഭിച്ചത്.
ഇതിൽ 7 ബ്ലോക്കുകളിലെ പ്രവർത്തനങ്ങൾ ഇതിനോടകം പൂർത്തിയായിട്ടുണ്ട്. ഒരു ബ്ലോക്കിലെ സർവേ പൂർത്തിയാക്കി കൃത്യമായ മാപ്പിങ് തയാറാക്കാൻ ചുരുങ്ങിയത് രണ്ട് വർഷമെങ്കിലും വേണ്ടിവരും.
ധാതുനിക്ഷേപ സാധ്യതാപഠനം പൂർണതോതിൽ യാഥാർത്ഥ്യമാകാൻ ഇനിയും കാത്തിരിപ്പ് തുടരേണ്ടി വരും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

