സാമൂഹ്യമാധ്യമങ്ങള്‍ വഴി അശ്ലീലഭാഷയില്‍ അപകീര്‍ത്തിപ്പെടുത്തിയ സംഭവത്തില്‍ സൗദി പ്രവാസിയെ വിദേശത്ത് നേരിട്ടെത്തി പൊലീസില്‍ കുടുക്കി കണ്ടന്റ് ക്രിയേറ്റര്‍ മുബീന. പാലക്കാട് സ്വദേശിയായ മുഹമ്മദ് ജലീല്‍ ആണ് സൗദി പൊലീസിന്റെ പിടിയിലായത്.
സൗദി അറേബ്യയിലെ അബഹ കേന്ദ്രീകരിച്ചായിരുന്നു പ്രതിയുടെ സൈബര്‍ അധിക്ഷേപം. സംഭവവുമായി ബന്ധപ്പെട്ട് നാട്ടിലെ പെരുമ്പാവൂര്‍ പൊലീസ് സ്റ്റേഷനില്‍ പരാതി സമര്‍പ്പിച്ചിരുന്നെങ്കിലും, പ്രതി വിദേശത്തായതിനാല്‍ തുടര്‍നടപടികള്‍ വൈകിയിരുന്നു.
ഇത് മനസ്സിലാക്കിയ ജലീല്‍ അധിക്ഷേപ വീഡിയോ സാമൂഹ്യമാധ്യമങ്ങളില്‍ നിന്ന് നീക്കം ചെയ്യുകയുണ്ടായി. എന്നാല്‍ ഇതിനോടകം തന്നെ ദൃശ്യങ്ങള്‍ നിരവധി പേരിലേക്ക് എത്തുകയും വ്യാപകമായി പ്രചരിക്കുകയും ചെയ്തിരുന്നു.
നിയമനടപടികളുമായി മുന്നോട്ട് പോകാന്‍ ഉറച്ച മുബീന സ്വന്തം നിലയില്‍ സൗദിയിലേക്ക് യാത്ര തിരിക്കുകയായിരുന്നു. അബഹയില്‍ എത്തിയ ഉടന്‍ തന്നെ പ്രതിയുടെ തൊഴിലിടം കണ്ടെത്തിയ മുബീന, ജലീല്‍ പ്രചരിപ്പിച്ച അധിക്ഷേപ വീഡിയോകളുടെ അറബിക് വിവര്‍ത്തനത്തോടൊപ്പം പരാതി സൗദി പൊലീസിന് കൈമാറി.
തെളിവുകള്‍ കൃത്യമായി പരിശോധിച്ച ഉദ്യോഗസ്ഥര്‍ സംഭവം ഗൗരവകരമാണെന്ന് കണ്ടെത്തുകയും തുടര്‍ന്ന് മുഹമ്മദ് അബ്ദുല്‍ ജലീലിനെ അബഹ പൊലീസ് കസ്റ്റഡിയിലെടുക്കുകയും ചെയ്തു. നിയമനടപടികള്‍ അതിവേഗം പൂര്‍ത്തിയാക്കാന്‍ സഹായിച്ച സൗദി പൊലീസിന് മുബീന നന്ദി അറിയിച്ചു.
കസ്റ്റഡിയിലെടുത്ത പ്രതിയെ കോടതിയില്‍ ഹാജരാക്കിയ ശേഷം ആദ്യം അഞ്ച് ദിവസത്തേക്കും, തുടര്‍ന്ന് അന്വേഷണം വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി അഞ്ച് ദിവസത്തേക്ക് കൂടി റിമാന്‍ഡ് കാലാവധി നീട്ടിനൽകുകയും ചെയ്തു. തുടര്‍നടപടികളുടെ ഭാഗമായി പൊലീസിന്റെ സാന്നിധ്യത്തില്‍ പ്രതിയും മുബീനയും തമ്മില്‍ മുഖാമുഖം കാണുകയും ചെയ്തു.
ഹിജാബ് ധരിച്ച് സ്ത്രീകൾ നൃത്തം ചെയ്യുന്നതിനെ വിമർശിച്ച് മുബീന പങ്കുവെച്ച വീഡിയോയ്ക്ക് മറുപടിയായാണ് പ്രതി അശ്ലീല പരാമർശങ്ങൾ ഉന്നയിച്ചത്. സൈബര്‍ ഇടങ്ങളില്‍ ഇത്തരം പ്രവണതകള്‍ ആവര്ത്തിക്കുന്നവര് ഏത് രാജ്യത്താണെങ്കിലും നിയമനടപടി നേരിടേണ്ടി വരുമെന്ന് മുബീന വ്യക്തമാക്കി.
ലൈക്കുകള്‍ക്കും കാഴ്ചക്കാര്‍ക്കും വേണ്ടി എന്ത് വിളിച്ചുപറയുന്നതിനുള്ള വേദിയല്ല സാമൂഹ്യമാധ്യമങ്ങളെന്നും പ്രതിയുടെ ഈ അനുഭവം മറ്റുള്ളവര്‍ക്ക് കര്‍ശനമായ പാഠമായിരിക്കണമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. പ്രധാന പ്രതിക്ക് പുറമെ ഇയാളുടെ സുഹൃത്തുക്കളില്‍ നിന്നും തനിക്ക് ഭീഷണിയുണ്ടെന്നും മുബീന വെളിപ്പെടുത്തി.
പ്രവാസലോകത്തിരുന്ന് സാമൂഹ്യമാധ്യമങ്ങളിലൂടെ സ്ത്രീകളെ വ്യക്തിഹത്യ ചെയ്യുന്നവര്‍ക്ക് ശക്തമായ താക്കീതാണ് ഈ സംഭവവികാസങ്ങള്‍.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

