നിർമ്മാണത്തിലെ ഗുരുതരമായ തകരാറുകൾ മൂലം ചോർന്നൊലിക്കുന്ന പാർപ്പിട സമുച്ചയം എത്രയും പെട്ടെന്ന് സുരക്ഷിതമാക്കണമെന്ന് ആവശ്യപ്പെട്ട് കെഎൽസിഎ കൊച്ചി രൂപതാ സമിതിയുടെ നേതൃത്വത്തിൽ ശക്തമായ പ്രതിഷേധ ധർണ്ണ സംഘടിപ്പിച്ചു.
സമരത്തിന്റെ ഭാഗമായി പ്രതീകാത്മകമായി മെടഞ്ഞ ഓലകൾ കയ്യിലേന്തിയാണ് പ്രതിഷേധക്കാർ എത്തിയത്. സമരം കെഎൽസിഎ കൊച്ചി രൂപത ഡയറക്ടർ റവ.
ഫാ. ആൻറണി കുഴിവേലിൽ ഉദ്ഘാടനം ചെയ്തു.
ചടങ്ങിൽ കെഎൽസിഎ കൊച്ചി രൂപത പ്രസിഡൻറ് ടി.എ.ഡാൽഫിൻ അധ്യക്ഷത വഹിച്ചു. ഫ്ലാറ്റ് നിർമ്മാണത്തിലെ അപാകതകൾ അടിയന്തരമായി പരിഹരിക്കുക, നിർമ്മാണത്തിലെ അഴിമതിയെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്തുക, ഇതിന് പിന്നിൽ പ്രവർത്തിച്ച ഉദ്യോഗസ്ഥർ, കരാറുകാർ, രാഷ്ട്രീയ നേതാക്കൾ എന്നിവരുടെ പങ്കാളിത്തം പുറത്തുകൊണ്ടുവരിക, കുറ്റക്കാരിൽ നിന്ന് നഷ്ടപരിഹാരം ഈടാക്കുക തുടങ്ങിയ ശക്തമായ ആവശ്യങ്ങളാണ് സംഘടന മുന്നോട്ടുവെക്കുന്നത്.
കൂടാതെ, കോളനി നിവാസികൾക്ക് സുരക്ഷിതമായ പുനരധിവാസം ഉറപ്പാക്കുക, ഫ്ലാറ്റിന്റെ അറ്റകുറ്റപ്പണികൾ പൂർണ്ണമായി തീരുന്നതുവരെ താമസക്കാർക്ക് ആവശ്യമായ വീട്ടു വാടക അനുവദിക്കുക തുടങ്ങിയ കാര്യങ്ങളും സംഘടന ആവശ്യപ്പെട്ടു. ധർണ്ണയോടനുബന്ധിച്ച് നടന്ന യോഗത്തിൽ രൂപതാ ജനറൽ സെക്രട്ടറി സെബാസ്റ്റ്യൻ കോയിൽപ്പറമ്പിൽ, ട്രഷറർ ജോബ് പുളിക്കൽ, വൈസ് പ്രസിഡന്റ് സോണി പവേലിൽ, സെക്രട്ടറി ലിനു തോമസ്, ഷാജു ആനന്ദശേരി, ഹെൻസൺ പോത്തംപള്ളി, ബെന്നി കുഴിവേലിൽ, മേഖല പ്രസിഡന്റ് ജോസ് മോൻ ജോസഫ്, സുമിത്ത് എന്നിവർ സംസാരിച്ചു.
ഫ്ലാറ്റ് നിവാസികളെ പ്രതിനിധീകരിച്ച് ധനലക്ഷ്മി യോഗത്തിൽ പങ്കെടുത്തു സംസാരിച്ചു. ഫ്ലാറ്റിലെ താമസക്കാർക്ക് കെഎൽസിഎ രൂപതാ സമിതി ധർണ്ണയിലൂടെ പൂർണ്ണ ഐക്യദാർഢ്യം പ്രഖ്യാപിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

