തമിഴ്നാട്ടിലെ സർക്കാർ ആശുപത്രികളിൽ ഹിന്ദി ഭാഷയിലുള്ള ഗുളിക കവറുകൾ ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട വിവാദത്തിൽ അടിയന്തര നടപടിയുമായി സർക്കാർ.
കോയമ്പത്തൂർ, കരൂർ എന്നീ ജില്ലകളിലെ സർക്കാർ ആശുപത്രികളിൽ ഹിന്ദിയിൽ എഴുത്തുള്ള മരുന്ന് കവറുകളുടെ ഉപയോഗം പൂർണ്ണമായും നിർത്തിവെച്ചതായി ആരോഗ്യ മന്ത്രി കെ ജി അരുൺരാജ് ഔദ്യോഗികമായി അറിയിച്ചു. ആശുപത്രികളിൽ തമിഴ്, ഇംഗ്ലീഷ്, ഹിന്ദി എന്നീ മൂന്ന് ഭാഷകളിൽ വിവരങ്ങൾ രേഖപ്പെടുത്തിയ ഗുളിക കവറുകൾ വിതരണം ചെയ്യുന്നത് ചൂണ്ടിക്കാട്ടി ഡിഎംകെ നേതാവും മുൻ മന്ത്രിയുമായ ടി ആർ ബി രാജാ രംഗത്ത് വന്നിരുന്നു.
മരുന്ന് കവറുകളുടെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവിട്ട അദ്ദേഹം, സർക്കാർ ആശുപത്രികളിൽ പുതിയതായി ത്രിഭാഷാ നയം നടപ്പിലാക്കാൻ തുടങ്ങിയോ എന്ന് ചോദ്യമുന്നയിച്ചു.
കരൂരിലെ ആശുപത്രിക്ക് പിന്നാലെ കോയമ്പത്തൂരിലും സമാനമായ രീതിയിൽ ഹിന്ദി ഉൾപ്പെടുത്തിയ കവറുകളാണ് ഉപയോഗിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തിയിരുന്നു. എന്നാൽ ഈ വിമർശനങ്ങൾക്ക് ശക്തമായ മറുപടിയുമായി ആരോഗ്യ മന്ത്രി കെ ജി അരുൺരാജ് രംഗത്തെത്തി.
പ്രതിപക്ഷമായ ഡിഎംകെയുടെ ഭരണകാലത്ത് അച്ചടിച്ച് നൽകിയ കവറുകളാണ് ഇപ്പോൾ ഉപയോഗത്തിലുള്ളതെന്നും, നിലവിലെ സർക്കാർ ഇവയുടെ രൂപകൽപ്പനയിലോ ഭാഷയിലോ യാതൊരുവിധ മാറ്റങ്ങളും വരുത്തിയിട്ടില്ലെന്നും മന്ത്രി വ്യക്തമാക്കി. മുൻകാലങ്ങളിൽ ഇത്തരം കവറുകൾ വിതരണം ചെയ്തപ്പോൾ പ്രതികരിക്കാത്തവർ, ഇപ്പോൾ പെട്ടെന്ന് ഭാഷാ സമര സേനാനികളെ പോലെ അഭിനയിക്കുന്നത് എന്തിനാണെന്നും അദ്ദേഹം ചോദിച്ചു.
ഹിന്ദി അടിച്ചേൽപ്പിക്കാൻ കളമൊരുക്കിയ ശേഷം ഇപ്പോൾ രാഷ്ട്രീയ നേട്ടത്തിനായി വലിയ വിവാദങ്ങൾ സൃഷ്ടിക്കുന്നത് വഞ്ചനാപരമാണെന്നും മന്ത്രി വിമർശിച്ചു. വിഷയം സർക്കാരിന്റെ ശ്രദ്ധയിൽ പെട്ടയുടൻ തന്നെ കരൂർ, കോയമ്പത്തൂർ എന്നിവിടങ്ങളിലെ ആശുപത്രികളിൽ ഹിന്ദി ഉൾപ്പെടുത്തിയ കവറുകളുടെ ഉപയോഗം തടഞ്ഞതായി മന്ത്രി ഉറപ്പുനൽകി.
ഭാവിയിൽ ഇത്തരം കവറുകൾ ഒഴിവാക്കി തമിഴ് ഭാഷയിൽ മാത്രം വിവരങ്ങൾ മുദ്രണം ചെയ്ത കവറുകൾ രോഗികൾക്ക് നൽകുന്നത് കർശനമായി ഉറപ്പുവരുത്തിയിട്ടുണ്ടെന്നും ആരോഗ്യ മന്ത്രി കെ ജി അരുൺരാജ് കൂട്ടിച്ചേർത്തു. നേരത്തെ സംസ്ഥാന ഹൈവേയിലെ സൈൻബോർഡിൽ ഹിന്ദി ഉൾപ്പെടുത്തിയ സംഭവം വലിയ വിവാദങ്ങൾക്ക് വഴിവെച്ച പശ്ചാത്തലത്തിൽ രണ്ട് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്യുകയും അവിടെ നിന്നും ഹിന്ദി ഒഴിവാക്കുകയും ചെയ്തിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

