കേരളത്തിൽ എയിംസ് (ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ്) സ്ഥാപിക്കുന്നത് സംബന്ധിച്ച് യാതൊരു സംശയവുമില്ലെന്നും എന്നാൽ സങ്കുചിത രാഷ്ട്രീയ താൽപ്പര്യങ്ങൾക്കായി സംസ്ഥാനത്തിന് അർഹമായ പദ്ധതി നഷ്ടപ്പെടുത്തരുതെന്നും കേന്ദ്രമന്ത്രി സുരേഷ് ഗോപി വ്യക്തമാക്കി. ജുബിലി മിഷൻ മെഡിക്കൽ കോളജിന്റെ ഇളംതുരുത്തിയിലെ പുതിയ ക്യാംപസ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
തയ്യാറാക്കിയ പ്രസംഗം പൂർത്തിയാക്കിയ ശേഷമാണ് അദ്ദേഹം എയിംസ് വിഷയം ഉന്നയിച്ചത്. “5 സ്ഥലങ്ങൾ കണ്ടെത്തിയെന്ന് അവകാശപ്പെടുന്നെങ്കിലും സംസ്ഥാന സർക്കാർ ഇതുവരെ ഭൂമി കൈമാറിയിട്ടില്ല.
ഇനിയും കാലതാമസം ഒഴിവാക്കാൻ മധ്യകേരളത്തിലെ വികസനത്തിന്റെ ശ്വാസംമുട്ടൽ ഇല്ലാത്ത തൃശൂരാണു നല്ലത്. മറ്റുള്ള സംസ്ഥാനങ്ങളിൽനിന്ന് ഓടിയെത്താനും കാസർകോട്ടുകാരനും കളിയിക്കാവിളക്കാരനും തുല്യദൂരമുള്ളതും തൃശൂരാണ്.
സംസ്ഥാന സർക്കാർ പണം മുടക്കാനോ സ്ഥലം വിട്ടുനൽകാനോ ആർജവം കാട്ടിയാൽ തൃശൂരിൽ എയിംസ് വരും. കേരളത്തിൽ നിന്നുള്ള എംപിയെ ബിജെപിക്കും പ്രധാനമന്ത്രിക്കും സമ്മാനിക്കുന്നതിനു തൃശൂരുകാർ വേണ്ടിവന്നെങ്കിൽ എയിംസ് തൃശൂരിനുള്ളതാണ്” – കേന്ദ്രമന്ത്രി പറഞ്ഞു.
കമ്മ്യൂണിസം പോലുള്ള രാഷ്ട്രീയ സാഹചര്യങ്ങൾ കാരണം പിന്നോക്കം പോയ ആലപ്പുഴ ജില്ലയ്ക്കും എയിംസിന് അർഹതയുണ്ടെന്ന് അദ്ദേഹം പറഞ്ഞു. “കമ്യൂണിസം എന്ന ദുരന്തത്താൽ തുലഞ്ഞുപോയ പ്രദേശമാണ് ആലപ്പുഴ.
വളരെ സമ്പുഷ്ടിയിൽ നിന്നിരുന്ന ആലപ്പുഴ ഇന്നു കൂപ്പുകുത്തിയ അവസ്ഥയിലാണ്. ആ കൂപ്പുകുത്തലിൽ നിന്നുള്ള ഉയിർപ്പിന് അവകാശമുണ്ടെന്നു ചിന്തിച്ചാൽ എയിംസിന് ആലപ്പുഴയ്ക്കും അർഹതയുണ്ട്.
ആലപ്പുഴയിൽ എയിംസ് വന്നാൽ കൃഷിയിടങ്ങൾക്ക് ഉന്നമനമുണ്ടാകും. ടൂറിസത്തിനു വളർച്ചയുണ്ടാകും.
ആലപ്പുഴയിലെ മക്കളും നമ്മുടെ സഹോദരങ്ങളാണെന്ന വിചാരം തൃശൂരുകാരനുണ്ടാകണം” – അദ്ദേഹം കൂട്ടിച്ചേർത്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

