പരമ്പരാഗത മോഷണ രീതികളിൽ നിന്ന് വ്യത്യസ്തമായി പുത്തൻ തലമുറ മോഷ്ടാക്കൾ പുതിയ ശൈലിയിലേക്ക് മാറുന്നതായി റിപ്പോർട്ട്. സ്വർണവും വാഹനങ്ങളും വലിയ തുകകളും ലക്ഷ്യമിട്ടിരുന്ന കാലം മാറി, വേഗത്തിൽ വിറ്റഴിക്കാവുന്നതും ചെറിയ അളവിലുള്ളതുമായ മോഷണങ്ങളിലേക്കാണ് പുതിയ തലമുറ തിരിയുന്നത്.
“കാശുണ്ടാക്കാനൊന്നുമല്ല സാറേ… ഇതൊക്കെ ഒരു രസല്ലേ…” എന്ന് ചോദിച്ചുകൊണ്ട് ചെറിയ മോഷണങ്ങൾ നടത്തുന്ന ഒരു വിരുതൻ പിടിയിലായതോടെയാണ് ഈ പുതിയ പ്രവണത പുറത്തുവന്നത്. വലിയ പണമൊന്നും ആവശ്യമില്ലാതെ, അത്യാവശ്യം കാര്യങ്ങൾ നടന്നുപോകുന്ന രീതിയിലാണ് ഇവരുടെ പ്രവർത്തനം.
മോഷണമുതലിന്റെ മൂല്യം വളരെ ചെറുതായതിനാൽ ഉടമകൾ പരാതി നൽകാൻ മടിക്കുന്നത് ഇവർക്ക് അനുകൂലമാകുന്നു. ലഹരി ഉപയോഗത്തിനായി പണം കണ്ടെത്താനും ഇത്തരം ചെറു മോഷണങ്ങൾ നടത്തുന്നവരുണ്ട്.
17 മുതൽ 25 വരെ പ്രായമുള്ളവരാണ് ഇത്തരം കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവരിൽ ഏറെയുമെന്ന് പൊലീസ് വ്യക്തമാക്കുന്നു. നേർച്ചപ്പെട്ടിയിലും ചില്ലറത്തുട്ടുകളിലും കണ്ണുവെക്കുന്ന സംഘം
മൊബൈൽ ഫോണോ മറ്റ് ഇലക്ട്രോണിക് ഉപകരണങ്ങളോ ഉപയോഗിക്കാത്ത ഒരു മോഷ്ടാവ് ആരാധനാലയങ്ങളിലെ ചില്ലറത്തുട്ടുകൾ ലക്ഷ്യമിട്ട് പ്രവർത്തിക്കുന്നുണ്ട്.
ട്രെയിനിൽ സഞ്ചരിച്ച് മോഷണം നടത്തുന്ന ഇയാൾ, കൃത്യം നടത്തിയ അന്നുതന്നെ അടുത്ത സ്ഥലത്തേക്ക് കടന്നുകളയുകയാണ് പതിവ്. 2000 രൂപയിൽ താഴെയുള്ള മോഷണങ്ങളാണ് ഇയാൾ കൂടുതലായി നടത്തുന്നത്.
നേർച്ചപ്പെട്ടികൾ മാത്രം കുത്തിപ്പൊളിക്കുന്ന ഇയാളെ പിടികൂടാനുള്ള തീവ്രശ്രമത്തിലാണ് പൊലീസ്. ലോകകപ്പ് ഫുട്ബോളിലെ രാജ്യാന്തര മോഷണം
പാലാ പൊലീസ് സ്റ്റേഷൻ പരിധിയിൽ ലോകകപ്പ് ഫുട്ബോൾ സംപ്രേഷണാവകാശം വാങ്ങിയ കമ്പനി അധികൃതർ നൽകിയ പരാതി മറ്റൊരു കൗതുകകരമായ ഏടാണ്.
ഒടിടി സബ്സ്ക്രൈബ് ചെയ്ത ഒരു യുവാവ് മത്സരങ്ങളുടെ ദൃശ്യങ്ങൾ പകർത്തി 1,000 പേരുള്ള വാട്സാപ് ഗ്രൂപ്പിലൂടെ പ്രചരിപ്പിക്കുകയായിരുന്നു. ഇത് സംപ്രേഷണാവകാശം മോഷ്ടിക്കലാണെന്ന് ചൂണ്ടിക്കാണിച്ചാണ് കമ്പനി പരാതി നൽകിയത്.
ഗ്രൂപ്പിലെ ഓരോരുത്തരിൽ നിന്നും യുവാവ് 100 രൂപ വീതം കൈപ്പറ്റിയിട്ടുണ്ടെന്ന് അന്വേഷണത്തിൽ വ്യക്തമായി. സംപ്രേഷണാവകാശം ദുരുപയോഗം ചെയ്യുന്നത് കണ്ടെത്താൻ കമ്പനി ചുമതലപ്പെടുത്തിയ ഏജൻസിയാണ് ഈ സാങ്കേതിക മോഷണം പുറത്തുകൊണ്ടുവന്നത്.
ഈ വർഷം കോട്ടയം ജില്ലയിൽ റിപ്പോർട്ട് ചെയ്ത മറ്റ് പ്രധാന മോഷണങ്ങൾ: ∙ മുഖംമൂടി ധരിച്ചെത്തിയ സംഘം മരങ്ങാട്ടുപിള്ളി പൊലീസ് സ്റ്റേഷന് എതിർവശത്തുള്ള പെട്രോൾ പമ്പിൽ നിന്ന് 70,000 രൂപ കവർന്നത് കഴിഞ്ഞ ഡിസംബർ 3നാണ്. ∙ സെപ്റ്റംബർ 23ന് വെന്നിമല ശ്രീരാമലക്ഷ്മണ സ്വാമി ക്ഷേത്രത്തിന്റെ കാണിക്കവഞ്ചി തകർത്ത് 5,000 രൂപ അപഹരിച്ചു.
എന്നാൽ മറ്റ് കാണിക്കവഞ്ചികളോ വിലപിടിപ്പുള്ള സാധനങ്ങളോ നഷ്ടപ്പെട്ടിട്ടില്ല. ∙ ജില്ലാ ആശുപത്രിയുടെ അങ്കണത്തിൽ പാർക്ക് ചെയ്തിരുന്ന കാറിൽ നിന്ന് നാടകത്തിന്റെ തിരക്കഥ മോഷണം പോയത് സെപ്റ്റംബർ 17നാണ്.
ഈ രേഖകൾ ഇതുവരെ കണ്ടെത്താനായിട്ടില്ല. ∙ കുറവിലങ്ങാട് ബെവ്കോ ഔട്ട്ലെറ്റിൽ സെപ്റ്റംബർ 15ന് നടന്ന മോഷണത്തിൽ മദ്യക്കുപ്പികൾക്ക് പുറമെ പണവും നഷ്ടപ്പെട്ടു.
ജൂൺ മാസത്തിലും ഇവിടെ സമാനമായ രീതിയിൽ മോഷണം നടന്നിരുന്നു. ∙ അടുത്ത വീടുകളിൽ ടൈൽ പതിക്കുന്ന ജോലികളുടെ ശബ്ദകോലാഹലങ്ങൾക്കിടയിൽ ഒരു വീട്ടിൽ നിന്ന് 3 ലക്ഷം രൂപ കവർന്നു.
പ്രതി പിടിയിലായപ്പോൾ കൈവശമുണ്ടായിരുന്നത് 48,000 രൂപ മാത്രമായിരുന്നു. ∙ കറുകച്ചാലിൽ സർവീസിങ് പൂർത്തിയാക്കി ഉടമയ്ക്ക് നൽകാനായി കടയ്ക്ക് മുന്നിൽ വെച്ചിരുന്ന എയർകണ്ടീഷണർ മോഷണം പോയി.
മുപ്ലിവണ്ട് ശല്യത്തെ തുടർന്ന് മരുന്ന് അടിച്ച് കടയുടെ മുറ്റത്തേക്ക് ഇറക്കിവെച്ചതായിരുന്നു ഇത്. ∙ മറവൻതുരുത്ത് പഞ്ചായത്തിൽ ഇടവട്ടം വാക്കയിൽ ക്ഷേത്രത്തിന് സമീപം മുല്ലക്കേരിൽ ശ്രേയസ്സിന്റെ വീട്ടിൽ നിന്ന് നഷ്ടപ്പെട്ട
ഓട്ടുപാത്രങ്ങൾ ആക്രിക്കടയിൽ നിന്ന് പൊലീസ് കണ്ടെടുത്തു. 3 നിലവിളക്കുകൾ, 2 ഉരുളികൾ, 5 കിണ്ടികൾ, മൊന്ത എന്നിവയാണ് വീണ്ടെടുത്തത്.
എന്നാൽ നൂറ്റാണ്ടുകൾ പഴക്കമുള്ള വിഗ്രഹങ്ങൾ കണ്ടെത്താനായിട്ടില്ല. ഉരുളിയുമായി നടന്നുപോയ വ്യക്തിയെ നാട്ടുകാർ ചോദ്യം ചെയ്തപ്പോൾ അയാൾ ഉരുളി ഉപേക്ഷിച്ച് ഓടുകയായിരുന്നു.
∙ നിർമാണത്തിനിടയിലുള്ള വീടുകളിൽ നിന്ന് കോപ്പർ വയറുകളും കമ്പികളും വ്യാപകമായി കാണാതാകുന്നത് പതിവ് സംഭവമായി മാറിയിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

