സംസ്ഥാന സർക്കാരിന്റെ നൂറുദിന കർമപരിപാടിയുടെ ഭാഗമായി വിനോദസഞ്ചാര വകുപ്പ് ആവിഷ്കരിച്ച ബ്രാൻഡ് വയനാട് പദ്ധതിയും ഉത്തരവാദിത്ത ടൂറിസം മിഷന്റെ പുതിയ ലൈഫ് എക്സ്പീരിയൻസ് ട്രെയിലുകളും ടൂറിസം മന്ത്രി പി.സി. വിഷ്ണുനാഥ് ഉദ്ഘാടനം ചെയ്തു.
കൽപറ്റയിൽ നടന്ന ചടങ്ങിലാണ് മന്ത്രി പദ്ധതികളുടെ ഔദ്യോഗിക ഉദ്ഘാടനം നിർവഹിച്ചത്. തിരുനെല്ലി സർക്യൂട്ട്, ചേകാടി ഫാം സന്ദർശനം, കാപ്പി എക്സ്പീരിയൻസ് എന്നിവ ഉൾപ്പെടുന്ന ഗൈഡഡ് സഞ്ചാര പരിപാടിക്കാണ് ഇതോടെ തുടക്കമായത്.
ജില്ലയുടെ പ്രകൃതിഭംഗിയും കാർഷിക-പൈതൃക സവിശേഷതകളും സംസ്കാരവും ലോകത്തിന് മുന്നിൽ അവതരിപ്പിക്കുകയാണ് ഈ പദ്ധതിയുടെ പ്രധാന ലക്ഷ്യം. സമീപകാലത്തുണ്ടായ പ്രകൃതിദുരന്തം മേപ്പാടി പഞ്ചായത്തിലെ രണ്ട് വാർഡുകളെ (മുണ്ടക്കൈ, ചൂരൽമല) മാത്രമാണ് ബാധിച്ചതെന്നും ജില്ല മൊത്തത്തിൽ അപകടത്തിലാണെന്ന തരത്തിൽ തെറ്റായ പ്രചാരണങ്ങൾ നടത്തരുതെന്നും മന്ത്രി വ്യക്തമാക്കുകയുണ്ടായി.
രാജ്യത്തെ മറ്റ് വിനോദസഞ്ചാര കേന്ദ്രങ്ങളുമായി മത്സരിക്കുന്നതിന് പകരം സഹകരിച്ചു പ്രവർത്തിക്കുക എന്ന നയമാണ് സർക്കാർ സ്വീകരിക്കുന്നത്. ഇതിന്റെ ഭാഗമായി കൂർഗ്, മൈസൂരു, ശ്രീലങ്ക തുടങ്ങിയ സമാന സാഹചര്യമുള്ള പ്രദേശങ്ങളെ ഉൾപ്പെടുത്തി കൂടുതൽ ടൂറിസം സർക്യൂട്ടുകൾ പരിഗണനയിലുണ്ട്.
കേരള ടൂറിസത്തിന്റെ പ്രചാരണത്തിന്റെ ഭാഗമായി ഈ വർഷത്തെ മൈസൂർ ദസറയിൽ കേരളത്തിന്റെ തനത് കലാരൂപങ്ങളും നിശ്ചലദൃശ്യങ്ങളും അണിനിരക്കുമെന്ന് മന്ത്രി അറിയിച്ചു. അടുത്ത കൊല്ലം മുതൽ ഓണാഘോഷ പരിപാടികൾ മൈസൂർ ദസറയ്ക്ക് സമാനമായ പകിട്ടോട് കൂടി സംഘടിപ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ദീർഘകാലമായിട്ടുള്ള ആവശ്യമായ ടൂറിസത്തിന് വ്യവസായ പദവി നൽകുന്നതിനുള്ള കരട് നയം മന്ത്രിസഭയുടെ അംഗീകാരത്തിനായി സമർപ്പിച്ചിട്ടുണ്ട്. സംസ്ഥാനത്തെ ഹോംസ്റ്റേ ഉടമകളെ മൂന്ന് ക്ലസ്റ്ററുകളായി തിരിച്ച് പ്രത്യേക പരിശീലനം നൽകും.
സഞ്ചാരികളുടെ താമസദിവസങ്ങൾ വർധിപ്പിക്കുക, മലബാർ ടൂറിസത്തെ മുഖ്യധാരയിലെത്തിക്കുക, കെ.ടി.ഡി.സി സ്ഥാപനങ്ങളെ ലാഭകരമാക്കുക എന്നിവ സർക്കാരിന്റെ മുൻഗണനാ വിഷയങ്ങളാണെന്നും മന്ത്രി കൂട്ടിച്ചേർത്തു. ബ്രാൻഡ് വയനാട് എന്നത് വലിയ ലക്ഷ്യത്തോടെയുള്ള ലളിതമായൊരു ആശയമാണെന്ന് കേരള ടൂറിസം ഡയറക്ടർ എം.
അഞ്ജന പറഞ്ഞു. ഏക സ്വത്വമുള്ള വിനോദസഞ്ചാര കേന്ദ്രമായി ലോകം വയനാടിനെ കാണണമെന്നാണ് ആഗ്രഹിക്കുന്നത്.
ടൂറിസത്തിലൂടെ ഇവിടെ ലഭിക്കുന്ന ഓരോ രൂപയും കർഷകനെയും കരകൗശല വിദഗ്ധനെയും ഗോത്ര കുടുംബങ്ങളെയും വയനാടിനെ സ്വന്തം ഭവനമായി കാണുന്ന യുവ സംരംഭകരെയും ശാക്തീകരിക്കണമെന്ന ലക്ഷ്യമാണിതിനുള്ളതെന്ന് അവർ ചൂണ്ടിക്കാണിച്ചു. മാനന്തവാടി എംഎൽഎ ഉഷാ വിജയൻ, കേരള ടൂറിസം അഡീഷനൽ ഡയറക്ടർ (ജനറൽ) സുമിത് കുമാർ താക്കൂർ, വൈത്തിരി പഞ്ചായത്ത് പ്രസിഡന്റ് സി.വി.
രാജൻ, വൈസ് പ്രസിഡന്റ് വത്സല സദാനന്ദൻ, വാർഡ് അംഗം സിനി ജോജി തുടങ്ങിയവർ ഉദ്ഘാടന ചടങ്ങിൽ സന്നിഹിതരായിരുന്നു. പരിപാടിയുടെ ഭാഗമായി വിവിധ വിഷയങ്ങളിൽ വിദഗ്ധർ നയിച്ച പ്രഭാഷണങ്ങളും നടന്നു.
‘പ്രകൃതിയും വന്യജീവി വൈവിധ്യവും’ എന്ന വിഷയത്തിൽ എം.എസ്. സ്വാമിനാഥൻ റിസർച് ഫൗണ്ടേഷൻ ബയോഡൈവേഴ്സിറ്റി ലീഡ് സി.എസ്.
സനീഷ്, ‘സംസ്കാരം’ എന്ന വിഷയത്തിൽ സാഹിത്യ അക്കാദമി പ്രസിഡന്റ് കൽപറ്റ നാരായണൻ, ‘കരകൗശലം’ എന്ന വിഷയത്തിൽ ഉറവ് ഇൻഡിജിനസ് സയൻസ് ആൻഡ് ടെക്നോളജി സ്റ്റഡി സെന്റർ സാമൂഹിക പ്രവർത്തകൻ ടി. ശിവരാജ് എന്നിവർ സംസാരിച്ചു.
വയനാടിനെ സുരക്ഷിതവും സുസ്ഥിരവുമായ ആഗോള വിനോദസഞ്ചാര കേന്ദ്രമായി മാറ്റുന്നതിനുള്ള ഉത്തരവാദിത്ത ടൂറിസം നയങ്ങളും ഹോംസ്റ്റേ നവീകരണവും പദ്ധതി ഉറപ്പാക്കും. വയനാട് കോഫി, സുഗന്ധവ്യഞ്ജനങ്ങൾ, പരമ്പരാഗത നെല്ലിനങ്ങൾ, തേൻ തുടങ്ങിയ ഉൽപ്പന്നങ്ങൾക്കൊപ്പം പ്രാദേശിക പാചക രീതികൾ, കാർഷിക ജീവിതം, ഗോത്ര പൈതൃകം, ഗ്രാമീണ അനുഭവങ്ങൾ എന്നിവയും ടൂറിസവുമായി ബന്ധിപ്പിക്കും.
ഭൗമസൂചികാ പദവിയുള്ള ‘വയനാട് റോബസ്റ്റ കോഫി’യെ ‘ഫാം ടു കപ്പ്’ മാതൃകയിൽ ആഗോള വിപണിയിൽ പ്രീമിയം ബ്രാൻഡായി അവതരിപ്പിക്കാനും ലക്ഷ്യമിടുന്നുണ്ട്. തനത് ഗോത്ര സംസ്കാര സംരക്ഷണത്തിനായി ‘എൻ ഊര്’ പൈതൃക ഗ്രാമം വിപുലീകരിക്കുന്നതിനൊപ്പം 50 കോടി രൂപ ചെലവിൽ ട്രൈബൽ സർവകലാശാലയും പൈതൃക വിജ്ഞാന മേഖലയും സ്ഥാപിക്കും.
ഇതോടൊപ്പം കോർപറേറ്റ് പങ്കാളിത്തം ഉറപ്പാക്കുന്ന ‘വയനാട് സിഎസ്ആർ എക്സ്ചേഞ്ച്’ (ഭൂമി പോർട്ടൽ), പരിസ്ഥിതി സംരക്ഷണത്തിനായുള്ള ‘ഇ-മാലിന്യ മുക്ത ഡ്രൈവ്’ എന്നിവയും ബ്രാൻഡ് വയനാടിന്റെ ഭാഗമായി നടപ്പിലാക്കിവരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

