പൊതുഗതാഗതം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി സംസ്ഥാനത്ത് ആദ്യമായി കെഎസ്ആർടിസിക്ക് ബസ് വാങ്ങാൻ തുക വകയിരുത്തി കൊയിലാണ്ടി എംഎൽഎ കെ. പ്രവീൺകുമാർ രംഗത്ത്.
ഇതിനായുള്ള ഔദ്യോഗിക നിർദേശപത്രം കോഴിക്കോട് ജില്ലാ കലക്ടർ എം.എസ്. മാധവിക്കുട്ടിക്ക് എംഎൽഎ നേരിട്ട് കൈമാറി.
കലക്ടറുടെ ചേംബറിൽ നടന്ന ലളിതമായ ചടങ്ങിൽ ബസ് സ്വന്തമാക്കുന്നതിനായി 40 ലക്ഷം രൂപയുടെ ഫണ്ടാണ് അനുവദിച്ചത്. ജനപ്രതിനിധികളുമായി കൂടിയാലോചിച്ച ശേഷമാകും പുതിയ ബസിന്റെ സർവീസ് റൂട്ട് അന്തിമമായി തീരുമാനിക്കുകയെന്ന് എംഎൽഎ വ്യക്തമാക്കി.
കൊയിലാണ്ടി നഗരസഭ ചെയർപഴ്സൻ യു.കെ. ചന്ദ്രൻ ഉൾപ്പെടെയുള്ള ജനപ്രതിനിധികൾ ചടങ്ങിൽ സന്നിഹിതരായിരുന്നു.
കെഎസ്ആർടിസിയുടെ സേവനങ്ങൾ നവീകരിക്കുന്നതിനും ഗതാഗത സൗകര്യങ്ങൾ കൂടുതൽ ജനകീയമാക്കുന്നതിനുമായി എംഎൽഎമാരുടെ ആസ്തി വികസന ഫണ്ട് ഉപയോഗിക്കാൻ കഴിഞ്ഞ മാസമാണ് സർക്കാർ പ്രത്യേകാനുമതി നൽകിയത്. 2026-27 സാമ്പത്തിക വർഷത്തെ നിയമസഭ മണ്ഡല ആസ്തി വികസന പദ്ധതിയിൽ ഉൾപ്പെടുത്തി ഒരു എംഎൽഎക്ക് പരമാവധി മൂന്ന് ബസുകൾ വരെ ഇത്തരത്തിൽ വാങ്ങി നൽകാൻ അനുവാദമുണ്ട്.
ബസുകളുടെ സീറ്റുകളുടെ ശേഷി, ഇന്ധന വിഭാഗം തുടങ്ങിയ കാര്യങ്ങൾ കെഎസ്ആർടിസി സിഎംഡിയുമായി ആലോചിച്ചാകും തീരുമാനിക്കുക. താൽപ്പര്യമുള്ള ജനപ്രതിനിധികൾ ഫണ്ട് അനുവദിച്ചുകൊണ്ടുള്ള നിർദേശം ഒക്ടോബർ 15 ന് അകം അതത് ജില്ലാ കലക്ടർമാർക്ക് സമർപ്പിക്കണമെന്നാണ് സർക്കാരിന്റെ ഉത്തരവിൽ നിർദേശിച്ചിട്ടുള്ളത്.
ഓർഡിനറി, ഫാസ്റ്റ് പാസഞ്ചർ ഉൾപ്പെടെയുള്ള ഏത് വിഭാഗത്തിലും ഈ ബസുകൾ സർവീസിനായി ഉപയോഗിക്കാൻ കെഎസ്ആർടിസിക്ക് പൂർണ്ണ അധികാരമുണ്ടായിരിക്കും. ബസിന്റെ ഇന്ധനച്ചെലവ്, ജീവനക്കാരുടെ ശമ്പളം, അറ്റകുറ്റപ്പണികൾ, മറ്റ് പ്രവർത്തനച്ചെലവുകൾ എന്നിവ പൂർണമായും കെഎസ്ആർടിസി തന്നെയാകും നിർവഹിക്കുക.
സർവീസുകളുടെ റൂട്ട് നിശ്ചയിക്കുമ്പോൾ അതത് എംഎൽഎമാരുമായി കൂടിയാലോചിച്ച് മണ്ഡലത്തിലെ യാത്രക്കാരുടെ യാത്രാക്ലേശത്തിന് മുൻഗണന നൽകണമെന്നും ഉത്തരവിലുണ്ട്. പയ്യോളി– മെഡിക്കൽ കോളജ് റൂട്ട് പയ്യോളി നഗരസഭയ്ക്ക് കീഴിലുള്ള കോട്ടയ്ക്കൽ ഇരിങ്ങലിൽ നിന്ന് ആരംഭിച്ച് പയ്യോളി, തിക്കോടി, മൂടാടി, ചെങ്ങോട്ടുകാവ്, പൂക്കാട്, ചേമഞ്ചേരി വഴി കോഴിക്കോട് മെഡിക്കൽ കോളജിലേക്കുളള റൂട്ടാണ് ഈ പദ്ധതിക്കായി മുന്നോട്ടു വച്ചിരിക്കുന്നതെന്ന് കെ.
പ്രവീൺകുമാർ എംഎൽഎ വ്യക്തമാക്കി. കൊയിലാണ്ടി മണ്ഡലത്തിലെ പ്രധാന പ്രദേശങ്ങളെ പരസ്പരം ബന്ധിപ്പിച്ചുകൊണ്ടുള്ള ഈ യാത്രാസൗകര്യം പ്രദേശവാസികൾക്ക് വലിയ ആശ്വാസമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

