നീലേശ്വരം: സ്വന്തം പേരിലൊരുതുണ്ട് ഭൂമിക്കായുള്ള അൻപതിലേറെ വർഷത്തെ കാത്തിരിപ്പിനൊടുവിൽ കെ.കുമ്പയ്ക്ക് പട്ടയം ലഭിച്ചു. കിനാനൂർ–കരിന്തളം പഞ്ചായത്തിലെ കിനാനൂർ വില്ലേജിൽ മേലടക്കംകുന്ന് സ്വദേശിനിയാണ് എഴുപത്തിരണ്ടുകാരിയായ കുമ്പ.
തലമുറകളുടെ സ്വപ്ന സാക്ഷാത്കാരമായി മാറിയ ഭൂമിയുടെ അവകാശരേഖ ഇന്നലെ നടന്ന ജില്ലാതല പട്ടയമേളയിൽ വെച്ചാണ് ഔദ്യോഗികമായി കൈമാറിയത്. പട്ടയം ലഭിക്കുന്നതിനായി ദീർഘകാലമായി വിവിധ ഓഫിസുകൾ കയറിയിറങ്ങുകയായിരുന്നു ഈ വയോധിക.
മന്ത്രി കെ.എം.ഷാജിയിൽ നിന്നും പട്ടയം ഏറ്റുവാങ്ങുമ്പോൾ ആ മുഖത്ത് അതിരില്ലാത്ത സന്തോഷം പ്രകടമായിരുന്നു. നാൽപത് വർഷം മുൻപാണ് കുമ്പയുടെ ഭർത്താവ് മരണപ്പെടുന്നത്.
തുടർന്ന് മൂന്ന് പെൺമക്കളടങ്ങുന്ന കുടുംബത്തിന്റെ ഏക ആശ്രയമായി മാറിയ കുമ്പയ്ക്ക് സ്വന്തമായി ഒരിടം എന്നത് ഏറെക്കാലത്തെ ആഗ്രഹമായിരുന്നു. നിലവിൽ ഇളയ മകൾ രജിതയ്ക്കൊപ്പമാണ് കുമ്പ താമസിച്ചു വരുന്നത്.
ജില്ലാതല പട്ടയമേളയിൽ ആകെ 298 പട്ടയങ്ങളാണ് വിതരണം ചെയ്തത്. ഇതിൽ 30 എണ്ണവും കിനാനൂർ വില്ലേജിൽ നിന്നുള്ളവയാണ്.
കിനാനൂർ മുൻ വില്ലേജ് ഓഫിസർ ആർ.മധുസൂദനന്റെ നേതൃത്വത്തിലുള്ള സംഘമാണ് പട്ടയത്തിനായുള്ള അടിയന്തര ശുപാർശകൾ തയാറാക്കി അധികാരികൾക്ക് സമർപ്പിച്ചത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

