പഞ്ചാബിലുണ്ടായ വാഹനാപകടത്തിൽ കടുത്തുരുത്തി സ്വദേശിനിയായ മലയാളി വിദ്യാർത്ഥിനി മരണപ്പെട്ടു. മണാലിയിൽ വിനോദയാത്ര കഴിഞ്ഞ് മടങ്ങുകയായിരുന്ന സംഘം സഞ്ചരിച്ച ടൂറിസ്റ്റ് ബസ് നിയന്ത്രണം വിട്ട് മറിഞ്ഞാണ് ദുരന്തമുണ്ടായത്.
പഞ്ചാബിലെ ഷഹീദ് ഭഗത്സിങ് നഗർ ജില്ലയിലെ ബംഗ ഫ്ലൈഓവറിൽ ഇന്നലെ പുലർച്ചെ 4.30-നാണ് ദാരുണമായ സംഭവം നടന്നത്. അപകടത്തിൽ മലയാളി വിദ്യാർത്ഥിനി ഉൾപ്പെടെ നാല് പേർ ജീവൻ വെടിഞ്ഞു.
കടുത്തുരുത്തി പൂഴിക്കോൽ കുരക്കാലായിൽ റിട്ട. എഎസ്ഐ ജോർജ് കെ.ജോൺ – റിട്ട.
നഴ്സ് സി.എ.സ്വപ്ന ദമ്പതികളുടെ മകളായ ജോസ്ന ജോർജ് (22) ആണ് മരിച്ചത്. പഞ്ചാബിലെ ലൗലി പ്രഫഷനൽ യൂണിവേഴ്സിറ്റിയിലെ (എൽപിയു) രണ്ടാം വർഷ എംബിഎ വിദ്യാർത്ഥിനിയായിരുന്നു മാധ്യമപ്രവർത്തനം ഉൾപ്പെടെയുള്ള മേഖലകളിൽ ശ്രദ്ധേയയായ ജോസ്ന.
ഏകദേശം 40 പേരാണ് അപകടസമയത്ത് ബസിലുണ്ടായിരുന്നത്. ബസ് കണ്ടക്ടറും അപകടത്തിൽ മരണപ്പെട്ടവരിൽ ഉൾപ്പെടുന്നു.
ഞായറാഴ്ച രാത്രിയും ജോസ്ന അമ്മ സ്വപ്നയോടു ഫോണിൽ ഏറെ നേരം സംസാരിച്ചിരുന്നു. ഇന്നലെ പുലർച്ചെ സ്വപ്നയുടെ ഫോണിലേക്കാണ് അപകടവാർത്ത അറിയിക്കാൻ വിളിയെത്തിയത്.
പിന്നീടു പിതാവ് ജോർജ് കോളജ് അധികൃതരുമായി ബന്ധപ്പെട്ടപ്പോഴാണു മരണവാർത്ത അറിയുന്നത്. ജോർജിന്റെയും സ്വപ്നയുടെയും മൂന്നുമക്കളിൽ രണ്ടാമത്തെയാളാണു ജോസ്ന.
പഠനത്തിൽ അതീവ മിടുക്കിയായിരുന്നു ജോസ്ന. പത്താം ക്ലാസ് വരെ വടവാതൂരിൽ നവോദയ സ്കൂളിലായിരുന്നു പഠനം.
രാജഗിരി വിശ്വജ്യോതി കോളജിൽനിന്നു മൂന്നാം റാങ്കോടെയാണു ബികോം പാസായത്. തുടർന്നാണ് എംബിഎ പഠനത്തിനു ചേർന്നത്.
കഴിഞ്ഞ ജൂണിൽ വീട്ടിലെത്തിയിരുന്നു. ഒരുമാസം കൊച്ചിയിൽ ഇന്റേൺഷിപ് ചെയ്തശേഷമാണു മടങ്ങിയത്.
മോൻസ് ജോസഫ് എംഎൽഎ മുൻപു മന്ത്രിയായിരുന്നപ്പോൾ ഗൺമാനായിരുന്നു പിതാവ് ജോർജ്. സഹോദരങ്ങൾ: ജോഫിൻ, ജോസഫിൻ.
അപകടത്തെ തുടർന്ന് നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ജോസ്നയുടെ മൃതദേഹം ഇന്ന് ഉച്ചയ്ക്കു കൊച്ചി വിമാനത്താവളത്തിലെത്തിക്കും. തുടർന്നു മോർച്ചറിയിൽ സൂക്ഷിക്കുന്ന മൃതദേഹം നാളെ രാവിലെ 8-നു വീട്ടിലെത്തിക്കും.
തുടർന്ന് ഔദ്യോഗിക ചടങ്ങുകൾക്ക് ശേഷം സംസ്കാരം ഉച്ചയ്ക്ക് 2-നു പൂഴിക്കോൽ സെന്റ് ആന്റണീസ് പള്ളിയിൽ നടക്കും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

