വേണാട് എക്സ്പ്രസിലെ അമിത ജനത്തിരക്കിന് ശാശ്വത പരിഹാരം കാണുന്നതിന്റെ ഭാഗമായി എറണാകുളം–കോട്ടയം–ചെങ്ങന്നൂർ–കൊല്ലം റൂട്ടിൽ പുതിയ ട്രെയിൻ സർവീസ് ആരംഭിക്കാൻ റെയിൽവേ മന്ത്രാലയത്തിന്റെ അനുമതി ലഭിച്ചു. പുതിയ ട്രെയിനിന്റെ കന്നി സർവീസ് അടുത്ത 10 ദിവസത്തിനകം ഉണ്ടാകുമെന്ന് മാവേലിക്കര എംപി കൊടിക്കുന്നിൽ സുരേഷ് വ്യക്തമാക്കി.
ഡൽഹിയിൽ നേരിട്ടെത്തി കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവിനെ കണ്ടാണ് വേണാട് എക്സ്പ്രസിലെ യാത്രാ ദുരിതങ്ങൾ അധികാരികളെ ബോധ്യപ്പെടുത്തിയത്. ട്രെയിനിലെ തിരക്ക് വ്യക്തമാക്കുന്ന ചിത്രങ്ങളും ദൃശ്യങ്ങളും മന്ത്രിക്ക് കൈമാറിയിരുന്നു.
സ്ത്രീകളും കുട്ടികളും മുതിർന്ന പൗരന്മാരുൾപ്പെടെയുള്ളവർ ഇരിക്കാൻ ഇടമില്ലാതെ ഏറെ ബുദ്ധിമുട്ടിയാണ് ഈ റൂട്ടിൽ യാത്ര ചെയ്യുന്നത്. ഓഫിസ് സമയം കഴിഞ്ഞ് എറണാകുളത്തുനിന്ന് കോട്ടയം, ചങ്ങനാശേരി, ചെങ്ങന്നൂർ, മാവേലിക്കര, കായംകുളം, ശാസ്താംകോട്ട, കൊല്ലം തുടങ്ങിയ വിവിധ പ്രദേശങ്ങളിലേക്ക് മടങ്ങുന്ന നൂറുകണക്കിന് ആളുകളെയാണ് ഈ യാത്രാപ്രശ്നം സാരമായി ബാധിച്ചിരുന്നത്.
വേണാട് എക്സ്പ്രസ് സർവീസിന് തൊട്ടുമുമ്പ് പുതിയൊരു ട്രെയിൻ അനുവദിക്കണമെന്നായിരുന്നു പ്രധാനമായും ഉന്നയിച്ച ആവശ്യം. ഇതിന്റെ അടിസ്ഥാനത്തിൽ റെയിൽവേ മന്ത്രിയുടെ ഓഫിസ് നിർദേശം നൽകുകയും, തുടർന്ന് റെയിൽവേ ബോർഡ് സതേൺ റെയിൽവേ ചീഫ് പാസഞ്ചർ ട്രാൻസ്പോർട്ടേഷൻ മാനേജർക്ക് (CPTM) ഔദ്യോഗിക നിർദേശം കൈമാറുകയും ചെയ്യുകയായിരുന്നു.
വൈകിട്ട് ഏകദേശം 4 മണിയോടെ എറണാകുളം ജംക്ഷനിൽ നിന്ന് വേണാട് എക്സ്പ്രസിന് തൊട്ടുമുമ്പ് പുറപ്പെടുന്ന രീതിയിലാണ് പുതിയ പാസഞ്ചർ സർവീസ് വിഭാവനം ചെയ്തിരിക്കുന്നത്. മെമു അല്ലെങ്കിൽ ഐസിഎഫ് കോച്ചുകൾ ഉപയോഗിക്കുന്ന കാര്യമാണ് റെയിൽവേ അധികൃതർ ഇപ്പോൾ പരിഗണിക്കുന്നത്.
എറണാകുളത്തുനിന്ന് ആരംഭിച്ച് കോട്ടയം, ചെങ്ങന്നൂർ വഴി കൊല്ലം വരെയോ, പിന്നീട് അത് പുനലൂരിലേക്കു നീട്ടുന്നതിനുള്ള സാധ്യതകളോ ആണ് പരിശോധനയിലുള്ളത്. ഈ പുതിയ ട്രെയിൻ സർവീസ് നിലവിൽ വരുന്നതോടെ ദിവസേന ജോലി സ്ഥലങ്ങളിൽ നിന്നും മടങ്ങുന്ന ആയിരക്കണക്കിന് യാത്രികർക്ക് വലിയ ആശ്വാസമായി മാറും.
വേണാട് എക്സ്പ്രസിലെ അസഹനീയമായ തിരക്കിന് തടയിടാനും യാത്രക്കാരുടെ സുരക്ഷിതത്വം ഉറപ്പാക്കാനും ഈ തീരുമാനം ഏറെ സഹായകരമാകും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

