കോഴിക്കോട് നഗരത്തിന്റെ സാങ്കേതിക രംഗത്തിന് പുതിയ ദിശാബോധം പകർന്നുനൽകിക്കൊണ്ട് ഹൈലൈറ്റ് ഗ്രൂപ്പിന്റെ അത്യാധുനിക ഐടി ഹബ്ബായ **ഹൈലൈറ്റ് സൈബർ ടവറിന്** ഔദ്യോഗികമായി തുടക്കമായി. കോഴിക്കോട് സൈബർ പാർക്കിൽ നടന്ന ചടങ്ങിൽ മുഖ്യമന്ത്രി **വി.ഡി.സതീശൻ** പദ്ധതിയുടെ നിർമാണ ഉദ്ഘാടനം നിർവഹിച്ചു.
മലബാറിന്റെ സാങ്കേതിക മേഖലയ്ക്ക് പുതിയ മുഖച്ഛായ നൽകുന്ന ഐടി പദ്ധതിയുടെ തുടക്കമാണ് സൈബർ ടവർ. 2.5 ഏക്കറിൽ 9 ലക്ഷം ചതുരശ്ര അടി വിസ്തീർണമുള്ള ഈ ഗ്രേഡ് എ വാണിജ്യ സമുച്ചയം, വരും വർഷങ്ങളിൽ 12 ദശലക്ഷം ചതുരശ്ര അടി ഓഫിസ് സ്ഥലം വികസിപ്പിക്കാനുള്ള ഹൈലൈറ്റ് ഗ്രൂപ്പിന്റെ പദ്ധതിയുടെ ഭാഗമാണ്.
നൂതന സാങ്കേതിക വിദ്യകൾക്കും പരീക്ഷണങ്ങൾക്കും മുൻഗണന നൽകി കേരളത്തെ പുനർവിഭാവനം ചെയ്യുക (Re-imagining Kerala) എന്നതാണ് സർക്കാരിന്റെ കാഴ്ചപ്പാട് എന്നും, ഈ ദിശയിലുള്ള പ്രചോദനാത്മകമായ മുന്നേറ്റമാണ് ഹൈലൈറ്റ് ഗ്രൂപ്പും **പി.സുലൈമാനും** കാഴ്ചവയ്ക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഹൈലൈറ്റ് നിർമിക്കുന്ന ഐടി സമുച്ചയം ഉൾപ്പെടെ 50 ദശലക്ഷം ചതുരശ്ര അടി വിസ്തൃതിയിൽ പുതിയ വികസന പദ്ധതികൾ 2030ൽ പൂർത്തിയാകുന്നതോടെ കേരളത്തിനുള്ളിൽ രണ്ട് ലക്ഷത്തോളം തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടും.
തിരുവനന്തപുരത്തിനും കൊച്ചിയ്ക്കും ഒപ്പം ഐടി-സാങ്കേതിക രംഗത്ത് ഒപ്പത്തിനൊപ്പം നിൽക്കുന്ന പ്രധാന ‘ഐടി ഡെസ്റ്റിനേഷൻ’ ആയി കോഴിക്കോടിനെ മാറ്റാനാണ് സർക്കാർ ലക്ഷ്യമിടുന്നതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. കേരളത്തിന് അനുയോജ്യമായ ഏറ്റവും കുറഞ്ഞ ചെലവിലുള്ളതും പ്രഗത്ഭവുമായ ‘ടാലന്റ് പൂൾ’ ലോകത്തിന് മുന്നിൽ പ്രദർശിപ്പിക്കാൻ ഹൈലൈറ്റ് സൈബർ ടവർ പോലുള്ള എ-ക്ലാസ്’ ഐടി സംരംഭങ്ങൾക്ക് സാധിക്കും.
നവീകരണത്തിനും വികസനത്തിനും ഊന്നൽ നൽകുന്ന ഇത്തരം പദ്ധതികൾക്ക് സർക്കാരിന്റെ ഭാഗത്തുനിന്ന് പൂർണ പിന്തുണയുണ്ടാകുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കുകയുണ്ടായി. നാടിന്റെ വികസനത്തിനായി മുന്നോട്ടു വരുന്ന നിക്ഷേപകരെയും സംരംഭകരെയും ചേർത്തുനിർത്തുന്ന സമീപനമായിരിക്കും സർക്കാരിന്റേത്.
തിരുവനന്തപുരത്ത് ടെക്നോപാർക്കും കൊച്ചിയിൽ ഇൻഫോപാർക്കും യാഥാർഥ്യമായതുപോലെ കേരളത്തിന്റെ അടുത്ത പ്രമുഖ ഐടി ഡെസ്റ്റിനേഷനായി കോഴിക്കോട് മാറും എന്നതിൽ യാതൊരു സംശയവുമില്ലെന്ന് മന്ത്രി **പി.കെ.കുഞ്ഞാലിക്കുട്ടി** അഭിപ്രായപ്പെട്ടു. ഹൈലൈറ്റ് ഗ്രൂപ്പിന്റെ വളർച്ചയും പ്രവർത്തനശേഷിയും തുടക്കം മുതലേ തനിക്ക് നേരിട്ടറിയാവുന്നതാണ്.
അവർക്കിത് വിജയകരമായി പൂർത്തിയാക്കാൻ സാധിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു. കോഴിക്കോട്ടേക്ക് വലിയ നിക്ഷേപങ്ങളുമായി വരാൻ പ്രോജക്റ്റുകാരും ഡെവലപ്പർമാരും ക്യൂ നിൽക്കുന്ന കാഴ്ചയാണിപ്പോൾ കാണുന്നത്.
വ്യവസായങ്ങൾ വളരുമ്പോൾ മാത്രമേ പുതിയ തലമുറയ്ക്ക് അനുയോജ്യമായ തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടുകയുള്ളൂ. പഴയ വ്യാപാര പാരമ്പര്യമുള്ള കോഴിക്കോടിനെ ആഗോളതലത്തിൽ ശ്രദ്ധേയമായ ഐടി-വ്യവസായ കേന്ദ്രമാക്കി പുനരുജ്ജീവിപ്പിക്കാൻ സാധ്യമായ എല്ലാ പിന്തുണയും മന്ത്രി ഉറപ്പുനൽകി.
600 കോടി രൂപയുടെ നിക്ഷേപത്തിൽ നിർമിക്കുന്ന ഹൈലൈറ്റ് സൈബർ ടവർ, ബഹുരാഷ്ട്ര കമ്പനികൾ, സ്റ്റാർട്ടപ്പുകൾ, ഗവേഷണ-വികസന കേന്ദ്രങ്ങൾ എന്നിവയ്ക്ക് അനുയോജ്യമായി രൂപകൽപന ചെയ്ത അത്യാധുനിക ഐടി ഇൻഫ്രാസ്ട്രക്ചർ ഹബ്ബാണ്. മലബാറിലെ, പ്രത്യേകിച്ച് കോഴിക്കോട്ടെ റിയൽ എസ്റ്റേറ്റ്, സാങ്കേതിക വികസനങ്ങൾക്ക് വേഗത കൂട്ടുന്നതിനൊപ്പം, 10,000-ത്തിലധികം നേരിട്ടുള്ള ഐടി തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും പദ്ധതിയിലൂടെ സാധിക്കും.
തദ്ദേശീയമായ സാമൂഹിക-സാമ്പത്തിക വളർച്ചയെ വേഗത്തിലാക്കാൻ ഈ പദ്ധതി സഹായിക്കുമെന്നും വിലയിരുത്തപ്പെടുന്നു. 2 വർഷം കൊണ്ട് പൂർത്തീകരിക്കുന്ന പദ്ധതി പൂർത്തിയാകുന്നതിന് മുൻപ് തന്നെ പൂർണമായും പ്രീ ലീസ് നൽകാനാകും.
“മികച്ച അവസരങ്ങളും സൗകര്യങ്ങളും വാഗ്ദാനം ചെയ്യുന്നതുകൊണ്ടാണ് ആളുകൾ വലിയ നഗരങ്ങളോ രാജ്യങ്ങളോ തിരഞ്ഞെടുക്കുന്നത്. ജനങ്ങൾക്ക് അവരുടെ ജീവിതവും കരിയറും കെട്ടിപ്പടുക്കാനുള്ള അവസരങ്ങൾ നൽകുന്നതും, ഒപ്പം ലോകമെമ്പാടുമുള്ള പ്രതിഭകളെയും ബിസിനസുകളെയും ആകർഷിക്കുന്നതുമായ ഒരു കേരളം പടുത്തുയർത്തുകയാണ് ഞങ്ങളുടെ ലക്ഷ്യം.
കേരളം നിലവിൽ ഏതെല്ലാം കാര്യങ്ങളാൽ അറിയപ്പെടുന്നു എന്നതിലുപരി, ലോകത്തിന് ഇനിയും എന്തെല്ലാം നൽകാൻ കഴിയുമെന്നതിലൂടെ കൂടി അടയാളപ്പെടുത്തപ്പെടുന്ന കേരളമാണ് നമ്മുടെ ലക്ഷ്യം” എന്ന് ഹൈലൈറ്റ് ഗ്രൂപ്പ് ചെയർമാൻ **പി.സുലൈമാൻ** വ്യക്തമാക്കി. “സാങ്കേതികവിദ്യ നമ്മൾ ജോലി ചെയ്യുന്ന രീതിയെയും ബിസിനസ് കെട്ടിപ്പടുക്കുന്നതിനെയും അവസരങ്ങൾ സൃഷ്ടിക്കുന്നതിനെയും മാറ്റിമറിക്കുകയാണ്.
ആഗോളതലത്തിൽ മത്സരിക്കാനുള്ള കഴിവ് കേരളത്തിനുണ്ട്. അതിനൊപ്പം ബിസിനസുകൾക്ക് വളരാനുള്ള അന്തരീക്ഷം കൂടി നാം ഒരുക്കേണ്ടതുണ്ട്.
ഹൈലൈറ്റ് സൈബർ ടവർ ആ ശ്രമത്തിന്റെ ഭാഗമാണ്. ഞങ്ങളുടെ ഐടി വികസനങ്ങളിലൂടെ ബിസിനസുകൾക്ക് വളരാനും വികസിക്കാനും കേരളത്തിന്റെ ഭാവി കെട്ടിപ്പടുക്കാനും അനുയോജ്യമായ അന്തരീക്ഷം സൃഷ്ടിക്കുകയാണ് ലക്ഷ്യം” എന്ന് ഹൈലൈറ്റ് ഗ്രൂപ്പ് സിഇഒ **അജിൽ മുഹമ്മദ്** പറഞ്ഞു.
കർശനമായ ഹരിത മാനദണ്ഡങ്ങൾ പാലിച്ചാണ് ഈ ഗ്രേഡ് എ കെട്ടിടം രൂപകൽപന ചെയ്തിരിക്കുന്നത്. നൂതനവും സുസ്ഥിരവും ഊർജ്ജക്ഷമതയുമുള്ള അടിസ്ഥാന സൗകര്യങ്ങൾക്ക് മുൻഗണന നൽകി നിർമിക്കുന്ന ഹൈലൈറ്റ് സൈബർ ടവർ, ആഗോള സഹകരണം, നവ ആശയങ്ങൾ, ഡിജിറ്റൽ പരിവർത്തനം എന്നിവയെ പ്രോത്സാഹിപ്പിക്കുന്ന മാറ്റങ്ങൾക്ക് അനുയോജ്യമായ തൊഴിലിടങ്ങളാണ് വാഗ്ദാനം ചെയ്യുന്നത്.
കേരളത്തിലുടനീളം ഹൈലൈറ്റ് ഗ്രൂപ്പ് വ്യാപിപ്പിച്ചു വരുന്ന ഐടി സാന്നിധ്യത്തിന്റെ തുടർച്ചയാണിത്. ഹൈലൈറ്റ് സൈബർ ഹബ്ബിന്റെ നിർമാണം കോഴിക്കോട്ട് പുരോഗമിക്കുമ്പോൾ, തിരുവനന്തപുരം ടെക്നോപാർക്ക് ഫേസ് III-ലെ ആദ്യത്തെ ബ്രാൻഡഡ് ഐടി പാർക്കായ ‘യൂ ഹബ് ട്രിവാൻഡ്രത്തിന്റെ’ തറക്കല്ലിടലും അടുത്തിടെ നടന്നിരുന്നു.
ചടങ്ങിൽ മന്ത്രിമാരായ **പി.കെ.കുഞ്ഞാലിക്കുട്ടി**, **എ.പി.അനിൽ കുമാർ**, **എം.കെ. രാഘവൻ** എംപി, എംഎൽഎമാരായ **ഫൈസൽ ബാബു**, **എം.എ.റസാഖ് മാസ്റ്റർ**, എംഎൽഎയും ഡിസിസി പ്രസിഡന്റുമായ **കെ.
പ്രവീൺ കുമാർ**, എംഎൽഎമാരായ **കെ.ജയന്ത്**, **പി.എം.എ.സമീർ**, ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി വകുപ്പ് സ്പെഷൽ സെക്രട്ടറി **സീറാം സാംബശിവറാവു** ഐഎഎസ്, ഇൻഫോപാർക്കിന്റെയും സൈബർപാർക്ക് കോഴിക്കോടിന്റെയും സിഇഒ **സുശാന്ത് കുറുന്തിൽ**, ഹൈലൈറ്റ് ഗ്രൂപ്പ് ചെയർമാൻ **പി.സുലൈമാൻ**, ഹൈലൈറ്റ് ഗ്രൂപ്പ് സിഇഒ **അജിൽ മുഹമ്മദ്**, സ്ഥപതി ആർക്കിടെക്ട്സ് പ്രിൻസിപ്പൽ ആൻഡ് പാർട്നർ **ടോണി ജോസഫ്**, ഹൈലൈറ്റ് ഗ്രൂപ്പിന്റെ മറ്റ് പ്രതിനിധികളും ജീവനക്കാരും സന്നിഹിതരായിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

