ആസൂത്രണ ബോർഡ് പരീക്ഷയിലെ മൂല്യനിർണയ ക്രമക്കേടുമായി ബന്ധപ്പെട്ട് കേരള പബ്ലിക് സർവീസ് കമ്മിഷനെതിരെ ഹൈക്കോടതിയുടെ ഭാഗത്തുനിന്ന് കർശന വിമർശനമാണ് ഉണ്ടായിരിക്കുന്നത്. വിജിലൻസ് അന്വേഷണത്തെ ചോദ്യം ചെയ്തുകൊണ്ട് പിഎസ്സി സമർപ്പിച്ച ഹർജി പരിഗണിക്കുന്ന വേളയിലാണ് കോടതി നിർണായകമായ നിരീക്ഷണങ്ങൾ മുന്നോട്ടുവെച്ചത്.
പ്രഥമദൃഷ്ട്യാ ഇത് ഗുരുതരമായ അഴിമതിയാണെന്ന് ചൂണ്ടിക്കാണിച്ച ജസ്റ്റിസ് എ.ബദറുദീൻ, ക്രമക്കേട് ആരോപണം ഗുരുതരമല്ലേ എന്നും കോടിക്കണക്കിന് ഉദ്യോഗാർഥികളുടെ പ്രതീക്ഷയല്ലേ പിഎസ്സി എന്നും ഹർജി പരിഗണിക്കവെ ആരാഞ്ഞു. ഇതുപോലെയുള്ള സംഭവങ്ങളിൽ ക്രമക്കേടുകൾ നടന്നിട്ടുണ്ടെങ്കിൽ സമഗ്രമായ അന്വേഷണം അനിവാര്യമാണെന്ന് കോടതി വ്യക്തമാക്കി.
അന്വേഷണം പൂർത്തിയാകുന്നതിന് മുൻപായി അതിനെ എതിർക്കുന്നതിൽ എന്ത് യുക്തിയാണുള്ളതെന്നും, അന്വേഷണം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഹർജി നൽകാൻ പിഎസ്സിക്ക് എന്താണ് അധികാരമെന്നും കോടതി ചോദ്യം ഉന്നയിച്ചു. അന്വേഷണ നടപടികളോട് പിഎസ്സി സഹകരിക്കുന്നില്ലെങ്കിൽ സർക്കാരിന് തുടർ നടപടികളിലേക്ക് കടക്കാമല്ലോ എന്നും കോടതി സർക്കാരിനോട് ചോദിച്ചു.
മൂല്യനിർണയ ഘട്ടത്തിൽ നിശ്ചിത മാനദണ്ഡങ്ങൾ ലംഘിക്കപ്പെട്ടിട്ടുണ്ടോ എന്നതാണ് ഈ കേസിൽ പരിശോധിക്കപ്പെടേണ്ട പ്രധാന വിഷയം.
വലിയ തോതിലുള്ള അഴിമതി ആരോപണങ്ങളാണ് ഈ വിഷയത്തിൽ ഉയർന്നു വന്നിട്ടുള്ളത്. ലക്ഷക്കണക്കിന് ഉദ്യോഗാർഥികളുടെ ഭാവിയാണ് ഇതിൽ അടങ്ങിയിരിക്കുന്നത് എന്നതിനാൽ അവരുടെ താൽപര്യങ്ങൾ എന്തുവിലകൊടുത്തും സംരക്ഷിക്കപ്പെടേണ്ടതുണ്ടെന്നും കോടതി കൂട്ടിച്ചേർത്തു.
ഈ പരീക്ഷയുമായി ബന്ധപ്പെട്ട് ആകെ 180 പരാതികൾ ലഭിച്ചിട്ടുണ്ടെന്നും അന്വേഷണത്തിന്റെ ഭാഗമായി നോട്ടിസ് അയച്ചിട്ടുണ്ടെന്നും സർക്കാർ കോടതിയെ ധരിപ്പിച്ചു. നിലവിലുള്ള ആരോപണങ്ങളിൽ കൃത്യമായ അന്വേഷണം മുന്നോട്ടുപോകുന്നതിന് പിഎസ്സി പൂർണമായി സഹകരിക്കുകയാണ് വേണ്ടതെന്ന നിരീക്ഷണവും കോടതിയുടെ ഭാഗത്തുനിന്നുണ്ടായി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

