കുട്ടനാട്ടിലെ വെള്ളപ്പൊക്ക ഭീഷണിയിൽനിന്നു കന്നുകാലികളെ സുരക്ഷിതമായി സംരക്ഷിക്കുന്നതിനായി കോടികൾ ചെലവഴിച്ച് നടപ്പാക്കിയ എലിവേറ്റഡ് കന്നുകാലി ഷെഡ് പദ്ധതി അവതാളത്തിൽ. കുട്ടനാട്ടിൽ വെള്ളം കയറുന്ന ഘട്ടങ്ങളിൽ റോഡുമാർഗം കന്നുകാലികളെ ഈ ഷെഡുകളിലേക്ക് എത്തിക്കാനുള്ള യാതൊരുവിധ സംവിധാനങ്ങളും ഒരുക്കിയിട്ടില്ലാത്തത് കടുത്ത പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്.
ലക്ഷ്യങ്ങൾ പാളിയതോടെ എന്തിനാണ് ഇത്തരം കെട്ടിടങ്ങൾ നിർമിച്ചതെന്ന ചോദ്യമാണ് കർഷകരുടെ ഭാഗത്തുനിന്ന് ഉയരുന്നത്. സംസ്ഥാനത്തെ ആദ്യത്തെ എലിവേറ്റഡ് കന്നുകാലി ഷെഡായ ചെമ്പുംപുറം കെട്ടിടത്തിനായി 1.8 കോടി രൂപയാണ് മുടക്കിയത്.
എന്നാൽ പദ്ധതി യാഥാർത്ഥ്യമായി ഉദ്ഘാടനം കഴിഞ്ഞ് നാലുവർഷം പിന്നിട്ടിട്ടും ഒരു കന്നുകാലിയെപ്പോലും ഇവിടെ പ്രവേശിപ്പിച്ചിട്ടില്ല എന്നത് ഗുരുതരമായ വീഴ്ചയാണ് വെളിച്ചത്തുകൊണ്ടുവരുന്നത്. തുടക്കത്തിൽ ചെമ്പുപുറം, ചമ്പക്കുളം, ചെക്കിടിക്കാട് എന്നിവിടങ്ങളിലായി മൂന്ന് ഷെഡുകൾ നിർമിക്കാനായിരുന്നു ലക്ഷ്യമിട്ടിരുന്നത്.
ഇതിൽ ചെമ്പുംപുറത്തെ നിർമാണം പൂർത്തിയായെങ്കിലും അടിസ്ഥാന സൗകര്യങ്ങൾ പോലും ഇതുവരെ ലഭ്യമാക്കിയിട്ടില്ല. 2022ൽ അന്നത്തെ ക്ഷീരവികസന വകുപ്പ് മന്ത്രിയായിരുന്ന എം.
ചിഞ്ചുറാണിയാണ് മൂന്ന് നിലകളുള്ള ചെമ്പുംപുറം കെട്ടിടത്തിന്റെ ഉദ്ഘാടനം നിർവഹിച്ചത്. നൂറ് കന്നുകാലികളെ പാർപ്പിക്കാൻ ശേഷിയുള്ള ഈ കെട്ടിടത്തിന്റെ ഒന്നാം നിലയിൽ മാത്രമാണ് നിലവിൽ ക്ഷീരകർഷക സംഘത്തിന്റെ ഓഫിസ് പ്രവർത്തിക്കുന്നത്.
എന്നാൽ മുകളിലത്തെ രണ്ട് നിലകളിലും ആവശ്യത്തിന് വൈദ്യുതിയോ കുടിവെള്ളമോ എത്തിച്ചിട്ടില്ല. കൂടാതെ കന്നുകാലികളെ നോക്കുന്നതിനായി ആരേയും ചുമതലപ്പെടുത്തിയിട്ടുമില്ല.
കറവയെടുക്കുന്നതിനോ ചാണകം ശാസ്ത്രീയമായി സംസ്കരിക്കുന്നതിനോ ഉള്ള സംവിധാനങ്ങളും ഇവിടെയില്ല. അതേസമയം, ചമ്പക്കുളം ക്ഷീരസംഘത്തിൽ നിർമാണം പുരോഗമിക്കുന്ന എലിവേറ്റഡ് ക്യാറ്റിൽ ഷെഡിന്റെ പണി ഇതുവരെ പൂർത്തിയായിട്ടില്ല.
നാല് നിലകളിലായി 108 ഉരുക്കളെ വരെ ഉൾക്കൊള്ളാൻ സാധിക്കുന്ന ഈ കെട്ടിടത്തിനായി 2.69 കോടി രൂപയാണ് വകയിരുത്തിയത്. എന്നാൽ ഇവിടെയും അടിസ്ഥാനപരമായ ജലലഭ്യത പോലും ഉറപ്പുവരുത്താൻ അധികൃതർക്കായിട്ടില്ല.
കന്നുകാലികളെ പരിപാലിക്കുന്നതിനോ അവയ്ക്ക് ആവശ്യമായ തീറ്റ നൽകുന്നതിനോ ഉള്ള സജ്ജീകരണങ്ങളും ഈ പദ്ധതിയിലില്ല. മറുഭാഗത്ത്, തകഴി ചെക്കിടിക്കാടിൽ എലിവേറ്റഡ് ക്യാറ്റിൽ ഷെഡ് നിർമിക്കുന്നതിനുള്ള പ്രാഥമിക നടപടികൾ പോലും ഇതുവരെ ആരംഭിച്ചിട്ടില്ല.
നിലവിലുള്ള മറ്റ് രണ്ട് ഷെഡുകളും പൂർണമായും പ്രവർത്തനരഹിതമായി കിടക്കുന്നതിനാൽ മറ്റൊരു കെട്ടിടം കൂടി പണിതിട്ട് കാര്യമില്ലാത്തതിനാലാണ് നിർമാണം വൈകുന്നതെന്നാണ് ആക്ഷേപം ഉയരുന്നത്. കോടികൾ ധൂർത്തടിച്ച് ഇത്തരം ഉപയോഗശൂന്യമായ വലിയ കെട്ടിടങ്ങൾ നിർമിക്കുന്നതിനു പകരം, ആ തുക ഉപയോഗിച്ച് സാധാരണ കർഷകർക്ക് വെള്ളപ്പൊക്കത്തെ അതിജീവിക്കാൻ പാകത്തിൽ ഉയരത്തിൽ തൊഴുത്തുകൾ നിർമിച്ചു നൽകുകയാണ് വേണ്ടിയിരുന്നതെന്നാണ് കർഷകരുടെ പ്രധാന ആവശ്യം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

