സ്വർണവിലയുമായി ബന്ധപ്പെട്ട് നേരത്തെ പുറത്തുവിട്ട പ്രവചനം അമേരിക്കൻ ബഹുരാഷ്ട്ര നിക്ഷേപ ബാങ്കായ ഗോൾഡ്മാൻ സാക്സ് തിരുത്തി.
റെക്കോർഡുകൾ തകർത്ത് വില സർവകാല ഉയരത്തിലെത്തുമെന്നായിരുന്നു നേരത്തെയുള്ള വിലയിരുത്തൽ. 2026 ഡിസംബറോടെ രാജ്യാന്തരവില ഔൺസിന് 5400 ഡോളർ ഭേദിക്കുമെന്നായിരുന്നു സ്ഥാപനം മുൻപ് വ്യക്തമാക്കിയിരുന്നത്.
എന്നാൽ പുതിയ റിപ്പോർട്ടിൽ ഈ ലക്ഷ്യം 500 ഡോളർ വെട്ടിച്ചുരുക്കി 4900 ഡോളറാക്കി നിശ്ചയിക്കുകയാണുണ്ടായത്. കഴിഞ്ഞ ജനുവരിയിൽ രേഖപ്പെടുത്തിയ 5600 ഡോളറാണ് രാജ്യാന്തര വിപണിയിലെ ഇതുവരെയുള്ള റെക്കോർഡ്.
കേരളത്തിൽ ജനുവരി 29ന് ആയിരുന്നു എക്കാലത്തെയും ഉയർന്ന നിരക്ക് രേഖപ്പെടുത്തിയത്. അന്ന് ഗ്രാമിന് 16,395 രൂപയും പവന് 1,31,160 രൂപയുമായിരുന്നു വില.
എന്നാൽ പിന്നീട് രാജ്യാന്തര വിപണിയിലും സംസ്ഥാനത്തും സ്വർണവില ഇടിയുന്ന കാഴ്ചയാണ് കണ്ടത്. നിലവിൽ കേരളത്തിൽ ഒരു ഗ്രാം സ്വർണത്തിന് 13,675 രൂപയും പവന് 1,09,400 രൂപയുമാണ് വിപണി വില.
രാജ്യാന്തര വിപണിയിൽ വില നിലവിലുള്ളത് 4140 ഡോളറിലാണ്. പശ്ചിമേഷ്യയിലെ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ ക്രൂഡോയിൽ വില ബാരലിന് 110-120 ഡോളർ വരെ ഉയർന്നതും, തുടർന്ന് ആഗോളതലത്തിൽ പണപ്പെരുപ്പ ഭീഷണി രൂക്ഷമായതുമാണ് സ്വർണവില റെക്കോർഡിൽ നിന്നും താഴേക്ക് പതിക്കാൻ പ്രധാന കാരണം.
പല രാജ്യങ്ങളിലും പണപ്പെരുപ്പം പരിധി കടന്നത് അടിസ്ഥാന പലിശനിരക്ക് വർധിക്കുന്നതിന് കാരണമായി. ഇത് യുഎസ് ഡോളറിനെയും സർക്കാർ കടപ്പത്ര യീൽഡിനെയും (ബോണ്ട് യീൽഡ്) ദശാബ്ദങ്ങൾക്കിടയിലെ ഏറ്റവും ഉയർന്ന നിരക്കിലെത്തിച്ചു.
ഇതിന്റെ ഫലമായി ആഭരണമായും നിക്ഷേപമായും ഉള്ള സ്വർണത്തിന്റെ സ്വീകാര്യത കുറയുകയും വില ഇടിയുകയും ചെയ്തു. യുഎസ് കേന്ദ്രബാങ്കായ ഫെഡറൽ റിസർവ് അടിസ്ഥാന പലിശനിരക്ക് ഉയർത്തുന്ന നടപടികളിൽ നിന്നും പെട്ടെന്നൊന്നും പിന്മാറില്ലെന്ന് വ്യക്തമാക്കിയാണ് ഗോൾഡ്മാൻ സാക്സ് സ്വർണവിലയുടെ വളർച്ചാ ലക്ഷ്യം താഴ്ത്തിയത്.
എങ്കിലും, നിലവിലെ വിപണി വിലയുമായി താരതമ്യം ചെയ്യുമ്പോൾ ഡിസംബറോടെ സ്വർണവില വർധിക്കുമെന്നാണ് ബാങ്കിന്റെ വിലയിരുത്തൽ. എങ്കിലും രാജ്യാന്തര വിപണിയിലും കേരളത്തിലും മുൻകാല റെക്കോർഡുകൾ ഭേദിക്കാൻ ഈ മുന്നേറ്റത്തിന് സാധിച്ചേക്കില്ല.
രാജ്യാന്തരവില 4900 ഡോളറിലേക്ക് എത്തുമ്പോൾ കേരളത്തിൽ ഒരു പവൻ സ്വർണത്തിന്റെ വില 1.25 ലക്ഷം രൂപ വരെയായി ഉയരാൻ സാധ്യതയുണ്ട്. കൂടാതെ യുഎസ് ഡോളറിനെതിരെയുള്ള ഇന്ത്യൻ രൂപയുടെ വിനിമയനിരക്കും വില നിർണയത്തിൽ നിർണായക പങ്ക് വഹിക്കും.
സാധാരണയായി യുദ്ധം പോലുള്ള അനിശ്ചിതത്വ ഘട്ടങ്ങളിൽ സ്വർണവില കുത്തനെ ഉയരുന്നതാണ് വിപണിയിലെ പതിവ് രീതി. അത്തരം സന്ദർഭങ്ങളിൽ ഓഹരി, കടപ്പത്രം, കറൻസി വിപണികൾ തകരുന്നതിനാൽ സ്വർണം ‘പ്രതിസന്ധിക്കാലത്തെ സുരക്ഷിത നിക്ഷേപം’ എന്ന നിലയിൽ കരുത്താർജ്ജിക്കുകയും വില വർധിക്കുകയും ചെയ്യും.
എന്നാൽ ഇറാനും അമേരിക്കയും തമ്മിലുള്ള ഇപ്പോഴത്തെ സംഘർഷ വേളയിൽ സ്വർണം ഈ പതിവ് തെറ്റിച്ചു. ക്രൂഡോയിൽ വിലക്കയറ്റവും അതുണ്ടാക്കിയ ഡോളറിന്റെയും ബോണ്ടിന്റെയും കുതിപ്പും, പണപ്പെരുപ്പവും പലിശനിരക്കും കൂടുമെന്ന ആശങ്കയുമാണ് ഇതിന് കാരണമായത്.
അതേസമയം, സ്വർണവില വലിയ തകർച്ചയെ അഭിമുഖീകരിക്കാത്തതിന് പിന്നിലെ പ്രധാന കാരണം ചൈനയിൽ നിന്നുള്ള ശക്തമായ ഡിമാൻഡാണ്. ലോകത്തെ ഏറ്റവും വലിയ സ്വർണ ഇറക്കുമതി രാജ്യങ്ങളിലൊന്നായ ചൈനയുടെ കേന്ദ്രബാങ്കായ പീപ്പിൾസ് ബാങ്ക് ഓഫ് ചൈന കഴിഞ്ഞ ഓഗസ്റ്റിൽ 20.2 ടൺ സ്വർണമാണ് തങ്ങളുടെ കരുതൽ ശേഖരത്തിലേക്ക് വാങ്ങിക്കൂട്ടിയത്.
2023 ഒക്ടോബറിന് ശേഷം പീപ്പിൾസ് ബാങ്ക് ഇത്രയധികം സ്വർണം വാങ്ങുന്നത് ആദ്യമായാണ്. തുടർച്ചയായി 22-ാം മാസമാണ് ഈ കേന്ദ്രബാങ്ക് സ്വർണം ശേഖരിക്കുന്നത് എന്നത് ശ്രദ്ധേയമാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

