കാസര്കോട് ജില്ലയിലെ നർക്കിലക്കാട് വരക്കാട് ജംക്ഷനിൽ വൻ ദുരന്തം. പുലർച്ചെയുണ്ടായ വാഹനാപകടത്തിൽ ലോറിയിലുണ്ടായിരുന്ന രണ്ട് ഇതര സംസ്ഥാന തൊഴിലാളികൾ ദാരുണമായി കൊല്ലപ്പെട്ടു.
മധ്യപ്രദേശ് സ്വദേശി ദേവേന്ദ്ര (29), ഛത്തീസ്ഗഡ് സ്വദേശി മനാസർ (25) എന്നിവരാണ് സംഭവസ്ഥലത്ത് വെച്ച് മരണമടഞ്ഞത്. ചീർക്കയം ഭാഗത്തുനിന്നും കുഴൽക്കിണർ നിർമ്മാണ ജോലികൾ പൂർത്തിയാക്കി ചെറുപുഴ ഭാഗത്തേക്ക് മടങ്ങുകയായിരുന്ന ലോറിയാണ് അപകടത്തിൽപ്പെട്ടത്.
ഭീമനടി–ചിറ്റാരിക്കാൽ മരാമത്ത് റോഡുമായി ബന്ധിപ്പിക്കുന്ന എളേരിത്തട്ട് റോഡിലെ കുത്തനെയുള്ള ഇറക്കത്തിൽ വെച്ച് വാഹനം നിയന്ത്രണം വിടുകയായിരുന്നു. ഇറക്കമിറങ്ങി പ്രധാന റോഡിലേക്ക് തിരിയേണ്ടിയിരുന്ന വാഹനം നിയന്ത്രണം നഷ്ടപ്പെട്ട് പത്തടി താഴ്ചയിലുള്ള കോൺക്രീറ്റ് വീടിനു മുകളിലേക്ക് പതിക്കുകയായിരുന്നു.
പൂത്തേട്ടുപടവിൽ പോളിന്റെ ഉടമസ്ഥതയിലുള്ളതാണ് ഈ വീട്. നിലവിൽ തെങ്ങുംചേലിൽ ജയ്സണും കുടുംബവുമാണ് ഇവിടെ വാടകയ്ക്ക് താമസിക്കുന്നത്.
അപകടസമയത്ത് വീട്ടുകാരുടെ ജീവൻ രക്ഷിച്ചത് വളർത്തുപൂച്ചയുടെ ഇടപെടലാണെന്നത് കൗതുകകരമായി. കടുത്ത ചൂടnമൂലം ഹാളിൽ കിടന്നുറങ്ങുകയായിരുന്ന ജയ്സനും ഭാര്യ ഏലിയാമ്മയും, പൂച്ച പിടിച്ചുകൊണ്ടുവന്ന എലിയെ തുരത്താനായി പുറത്തേക്ക് ഇറങ്ങിയ തൊമിഷത്തിലാണ് അപകടം സംഭവിക്കുന്നത്.
എലിയുമായെത്തിയ പൂച്ചയുടെ ബഹളം കേട്ടാണ് ഇവർ ഉണർന്നത്. എലിയെ പുറത്തേക്ക് കളഞ്ഞ് അകത്തേക്ക് കയറാൻ ശ്രമിക്കുന്നതിനിടയിലാണ് ഒരു വൈദ്യുതത്തൂൺ തകർത്ത് ലോറി വീടിന്റെ ഹാളിനു മുകളിലേക്ക് ഇടിച്ചിറങ്ങിയത്.
ഹാളിന്റെ ഭിത്തി തകർന്ന് ചെങ്കല്ലുകളും, എൻജിൻ ഓയിലും, വാഹനത്തിന്റെ കമ്പികളും കിടന്നരറിലുടനീളം ചിതറിത്തെറിച്ചു. തൊട്ടടുത്ത മുറികളിലുണ്ടായിരുന്ന മകൻ ജസ്റ്റിനും ഏലിയാമ്മയുടെ സഹോദരി ശാന്തമ്മയും വലിയ ശബ്ദം കേട്ടാണ് ഞെട്ടിയുണർന്നത്.
ഭയപരവശരായി ജയ്സനും ഭാര്യയും നടത്തിയ നിലവിളി ശബ്ദം കേട്ട് ഉടൻതന്നെ നാട്ടുകാർ ഓടിയെത്തി രക്ഷാപ്രവർത്തനം ആരംഭിക്കുകയായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിൽ മരിച്ച ദേവേന്ദ്രയുടെയും മനാസറിന്റെയും മൃതദേഹങ്ങൾ പുറത്തെടുത്ത് ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.
കഴിഞ്ഞ അഞ്ച് വർഷത്തിനുള്ളിൽ ഇതേ പ്രദേശത്ത് നടക്കുന്ന അഞ്ചാമത്തെ വാഹനാപകടമാണിത്. മുൻപത്തെ അപകടങ്ങളിൽ ആളപായം ഒഴിവായിരുന്നെങ്കിലും ഇത്തവണ രണ്ട് ജീവനുകളാണ് പൊലിഞ്ഞത്.
വാഹനം തിരിക്കുന്ന ഭാഗത്തുള്ള ട്രാൻസ്ഫോമർ മാറ്റിസ്ഥാപിക്കണമെന്നും റോഡിന് വീതി കൂട്ടണമെന്നും ആവശ്യപ്പെട്ട് വർഷങ്ങളുടെ പഴക്കമുണ്ടെങ്കിലും അധികാരികളുടെ ഭാഗത്തുനിന്ന് യാതൊരുവിധ നടപടിയും ഉണ്ടായിട്ടില്ലെന്ന് നാട്ടുകാർ ആരോപിക്കുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

