മധ്യപ്രദേശിലെ ഛിന്ദ്വാര ജില്ലയിൽ അങ്കണവാടി കേന്ദ്രത്തിൽ നിന്നും ചിത്രീകരിച്ചതെന്ന് അവകാശപ്പെട്ട ഒരു വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായതിനെ തുടർന്ന് വലിയ ചർച്ചകൾക്ക് വഴിയൊരുങ്ങിയിരിക്കുകയാണ്.
ജീവനക്കാരുടെ പെരുമാറ്റത്തെ ചോദ്യം ചെയ്ത് നിരവധി പേരാണ് രംഗത്തെത്തിയിട്ടുള്ളത്. പരാസിയയിലെ ചന്ദമേട്ട, ചാച്ചാ മൊഹല്ലയിലെ വാർഡ് 12 -ലെ അങ്കണവാടി കേന്ദ്രത്തിലാണ് ഈ സംഭവം അരങ്ങേറിയതെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.
വൈറലായി മാറിയ ദൃശ്യങ്ങളിൽ, അങ്കണവാടിയിൽ സഹായിയായി ജോലി ചെയ്യുന്നുവെന്ന് പറയപ്പെടുന്ന സ്ത്രീ നിലത്ത് വിരിച്ച പായയിൽ കിടക്കുന്നത് വ്യക്തമാണ്. ഇവരുടെ കാലിൽ കയറി നിന്ന് ഒരു പെൺകുട്ടി തന്റെ കാലുപയോഗിച്ച് ചവിട്ടി മസാജ് ചെയ്യുന്നതാണ് ദൃശ്യങ്ങളിലുള്ളത്.
എവിടെയാണ് അമർത്തി ചവിട്ടേണ്ടതെന്നും കാലുകൾ എവിടേക്ക് നീക്കണമെന്നും ജീവനക്കാരി കുട്ടിയോട് നിർദേശിക്കുന്നതും വീഡിയോയിൽ വ്യക്തമായി കേൾക്കാം. കുട്ടികളോട് വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ജീവനക്കാർ എങ്ങനെ പെരുമാറണമെന്നതിനെക്കുറിച്ച് സമൂഹ മാധ്യമങ്ങളിൽ കടുത്ത വിമർശനങ്ങളാണ് ഉയരുന്നത്.
കുട്ടികളെ ഇത്തരം വ്യക്തിഗത സേവനങ്ങൾക്ക് ഉപയോഗിക്കുന്നത് ഉചിതമാണോയെന്ന ചോദ്യവും ചിലർ ഇതിനോടകം ഉന്നയിച്ചിട്ടുണ്ട്. എന്നാൽ, ഈ സംഭവത്തിൽ ഇതുവരെയായും ഔദ്യോഗിക അന്വേഷണമോ വിശദീകരണോ അധികൃതരുടെ ഭാഗത്തുനിന്നും പുറത്ത് വന്നിട്ടില്ല.
മധ്യപ്രദേശിൽ സമാനമായ രീതിയിൽ കുട്ടികളെക്കൊണ്ട് അധ്യാപകരുടെയോ ജീവനക്കാരുടെയോ വ്യക്തിപരമായ ആവശ്യങ്ങൾ ചെയ്യിക്കുന്നതായി ആരോപണമുയരുന്ന സംഭവങ്ങൾ നേരത്തെയും പുറത്തുവന്നിട്ടുണ്ട്. ഭോപ്പാലിലെ ഒരു സർക്കാർ സ്കൂളിൽ വിദ്യാർഥിനി അധ്യാപികയുടെ കാലിൽ മസാജ് ചെയ്യുന്ന വീഡിയോയും അടുത്തിടെ വലിയ വിവാദങ്ങൾക്ക് കാരണമായിരുന്നു.
അധ്യാപികയുടെ കാലിന് പരിക്കേറ്റതിനാൽ വേദന കുറയ്ക്കാൻ വിദ്യാർഥിനി സഹായിക്കുകയായിരുന്നുവെന്നാണ് ആ സംഭവത്തിൽ പിന്നീട് വിശദീകരണം വന്നത്. ഇതിനുപുറമെ, മധ്യപ്രദേശിലെ ഛത്തർപൂരിൽ നിന്നും വൈറലായ മറ്റൊരു വീഡിയോയിൽ സ്കൂൾ അധ്യാപകൻ വിദ്യാർത്ഥിയെ മദ്യം വാങ്ങാൻ പറഞ്ഞയച്ചതായും ആരോപണമുയർന്നിരുന്നു.
അധ്യാപകന് വേണ്ടി വാങ്ങിയ മദ്യം, കുട്ടി കീശയിൽ നിന്നും ഉയർത്തി കാണിക്കുന്നതും ദൃശ്യങ്ങളിൽ ഉണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് ഛിന്ദ്വാരയിൽ നിന്നും ഇപ്പോൾ പുതിയ വീഡിയോ പുറത്തുവന്നിരിക്കുന്നത്.
ഇത് അങ്കണവാടി കേന്ദ്രങ്ങളിലെ കുട്ടികളുടെ സുരക്ഷയെക്കുറിച്ചും ജീവനക്കാരുടെ പെരുമാറ്റത്തെക്കുറിച്ചും വീണ്ടുമൊരു ഗൗരവമേറിയ ചർച്ചയ്ക്ക് തുടക്കം കുറിച്ചിരിക്കുകയാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

