തൃശൂർ ജില്ലയിലെ ചെമ്പൂക്കാവിൽ റിട്ടയേർഡ് ഡോക്ടറും ഭാര്യയും ചേർന്ന് ഒരുക്കിയ വ്യത്യസ്തമായ കൃഷിത്തോട്ടം ശ്രദ്ധേയമാകുന്നു. എല്ലുരോഗ വിദഗ്ധനായ ഡോ.
ഇ.ജെ. തോമസും ഭാര്യ റോസിലിയുമാണ് തങ്ങളുടെ വീട്ടു വളപ്പിലെ പത്ത് സെന്റ് സ്ഥലത്ത് അപൂർവയിനം ഫലവൃക്ഷങ്ങൾ നട്ടുപിടിപ്പിച്ച് മാതൃകയാകുന്നത്.
കഴിഞ്ഞ ഒരു വർഷമായി ഇവർ പരിപാലിച്ചു വരുന്ന കംബോഡിയൻ മുന്തിരിത്തോട്ടത്തിൽ ഇപ്പോൾ നിറയെ വിളവെടുപ്പിന് പാകമായ കുലകളാണുള്ളത്. പ്രായത്തെ വെല്ലുന്ന ഉന്മേഷത്തോടെ രാവിലെയും വൈകിട്ടും തോട്ടത്തിലെത്തുന്ന ഈ ദമ്പതികൾ കൃഷിയിലൂടെ ശാരീരിക വ്യായാമവും മാനസിക ഉല്ലാസവുമാണ് കണ്ടെത്തുന്നത്.
കംബോഡിയൻ മുന്തിരിക്ക് പുറമെ ഒരു ലക്ഷത്തോളം രൂപ വിലമതിക്കുന്ന മിയാസാക്കി മാവ് ഉൾപ്പെടെയുള്ള അപൂർവ ഫലവൃക്ഷങ്ങളും ഇവിടെ വളർത്തുന്നുണ്ട്. ബനാനാ മാങ്കോ, ഹിമവസന്ത്, ആർ2ഇ2, കലാപാഡി, കാൻഡിമോൺ, ചൗസ തുടങ്ങിയ അപൂർവ മാവിനങ്ങളും ജബോട്ടിക്ക, സ്റ്റാർ ഫ്രൂട്ട്, ജപ്പാൻ പേര, മൾബറി, സ്വീറ്റ് ലൂവി, റംബുട്ടാൻ, മാങ്കോസ്റ്റിൻ, നാരകം എന്നിവയും ഈ തോട്ടത്തിലുണ്ട്.
മികച്ച സൂര്യപ്രകാശവും കൃത്യമായ നനയും നൽകിയാണ് കംബോഡിയൻ മുന്തിരി കൃഷി ചെയ്യുന്നത്. നാല് കിലോഗ്രാമിലധികം ഭാരമുള്ള മുന്തിരിക്കുലകളാണ് ഇവിടെ ഉണ്ടാകുന്നത്.
പുളി കലർന്ന മധുരമാണ് ഇതിന്റെ രുചി. തൃശൂർ, കണ്ണൂർ, കോഴിക്കോട് ജില്ലകളിലെ ജനറൽ ആശുപത്രികളിലും സൗദി അറേബ്യയിലും സേവനം അനുഷ്ഠിച്ചിട്ടുള്ള വ്യക്തിയാണ് ഡോ.
തോമസ്. ഔദ്യോഗിക ജീവിതത്തിന് പുറമെ സ്വയം എൻജിനീയറിങ് പഠിച്ച് തൃശൂർ ദയ ഹോസ്പിറ്റൽ ഉൾപ്പെടെ 13 ഓളം ആശുപത്രി കെട്ടിടങ്ങൾ അദ്ദേഹം രൂപകൽപ്പന ചെയ്ത് നിർമ്മിച്ചിട്ടുണ്ട്.
നിലവിൽ തൃശൂർ ചെമ്പൂക്കാവിൽ ഇവർ താമസിക്കുന്ന വീടും ഡോ. തോമസ് തന്നെയാണ് നിർമിച്ചത്.
ദയ ഹോസ്പിറ്റൽ സൂപ്രണ്ടായി എട്ട് വർഷം സേവനം അനുഷ്ഠിച്ച ശേഷം 66-ാം വയസ്സിലാണ് അദ്ദേഹം ഔദ്യോഗിക ജീവിതത്തിൽ നിന്നും വിരമിച്ചത്. ഇരിങ്ങാലക്കുട
എടപ്പുളളി കുടുംബാംഗമാണ് അദ്ദേഹം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

