വ്യവസായ രംഗത്ത് പുതിയ ചുവടുവെപ്പുമായി കിറ്റെക്സ് ഗാർമെന്റ്സ് രംഗത്ത്. നിക്ഷേപങ്ങൾക്ക് പുറമെ പുതിയൊരു ദൗത്യത്തിനാണ് കമ്പനി ആന്ധ്രപ്രദേശിലേക്ക് ചുവടുവെക്കുന്നത്.
ആന്ധ്ര മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിന്റെ മകനും ഐടി, ഇലക്ട്രോണിക്സ് മന്ത്രിയുമായ നാരാ ലോകേഷ് വിഭാവനം ചെയ്ത ബൃഹദ് പദ്ധതിയുടെ ഭാഗമാകാനാണ് കിറ്റെക്സിന് ഔദ്യോഗിക ക്ഷണം ലഭിച്ചിരിക്കുന്നത്. ഇതിന്റെ ഭാഗമായി ആന്ധ്രയിൽ 2000 ഏക്കർ സ്ഥലത്ത് ലോകത്തിലെ ഏറ്റവും വലിയ ടെക്സ്റ്റൈൽ പാർക്ക് സ്ഥാപിക്കാനാണ് തീരുമാനം.
10000 കോടി രൂപയുടെ കേന്ദ്ര ഫണ്ടിങ്ങോടെ നടപ്പാക്കുന്ന ഈ പദ്ധതിയിലൂടെ രണ്ട് ലക്ഷം പേർക്കാണ് പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നത്. ഇതിൽ 95 ശതമാനത്തോളം പേരും പ്രാഥമിക വിദ്യാഭ്യാസം മാത്രമുള്ള വനിതകളായിരിക്കുമെന്നാണ് കണക്കാക്കുന്നത്.
തെലങ്കാനയിൽ വസ്ത്ര നിർമാണ ഫാക്ടറി വിജയകരമായി നടത്തിവരുന്നതിന്റെ പശ്ചാത്തലത്തിലാണ് കിറ്റെക്സിനെ ആന്ധ്ര സർക്കാർ ഈ ഉദ്യമത്തിനായി ക്ഷണിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം മന്ത്രി നാരാ ലോകേഷ്, വ്യവസായ മന്ത്രി ടി.ജി.ഭരത് എന്നിവരടങ്ങുന്ന ഉന്നത ഉദ്യോഗസ്ഥ സംഘം കിറ്റെക്സ് എംഡി സാബു എം.ജേക്കബുമായാണ് കൂടിക്കാഴ്ച നടത്തിയത്.
ആന്ധ്ര സർക്കാർ ലഭ്യമാക്കുന്ന ഭൂമിയിൽ ടെക്സ്റ്റൈൽ പാർക്കിന്റെ രൂപകൽപന, നിർമാണം, അടിസ്ഥാന സൗകര്യ വികസനം എന്നിവയ്ക്കൊപ്പം മറ്റ് നിക്ഷേപകരെ ആകർഷിക്കുന്നതിനുള്ള ചുമതലയും കിറ്റെക്സിനായിരിക്കും. ഏറ്റവും കൂടുതൽ കോട്ടൺ ഉൽപാദിപ്പിക്കുന്ന സംസ്ഥാനമാണെങ്കിലും ആന്ധ്രയിലെ കോട്ടൺ അധികവും ഗുജറാത്തിലേക്കാണ് കയറ്റി അയക്കപ്പെടുന്നത്.
ഇതിനു മാറ്റം വരുത്തി കോട്ടൺ വസ്ത്ര നിർമാണം സ്വന്തം നാട്ടിൽ തന്നെ യാഥാർത്ഥ്യമാക്കാനാണ് ആന്ധ്ര സർക്കാരിന്റെ പ്രധാന ലക്ഷ്യം. രണ്ട് ലക്ഷം തൊഴിലവസരങ്ങൾ സൃഷ്ടിക്കണമെങ്കിൽ ചുരുങ്ങിയത് 50000 കോടിയുടെ നിക്ഷേപം വേണ്ടി വരുമെന്നാണ് കരുതപ്പെടുന്നതെന്ന് സാബു എം.ജേക്കബ് വ്യക്തമാക്കി.
നിലവിൽ തെലങ്കാനയിലെ വാറങ്കലിലാണ് കിറ്റെക്സിന്റെ ഫാക്ടറി പ്രവർത്തിക്കുന്നത്. ഇതിനുപുറമേ ഹൈദരാബാദിലും പുതിയ ഫാക്ടറിയുടെ നിർമാണ പ്രവർത്തനങ്ങൾ നടന്നു വരുന്നുണ്ട്.
തെലുങ്ക് ദേശം പാർട്ടി നേതാക്കളുടെയും ഉദ്യോഗസ്ഥരുടെയും പ്രത്യേക സംഘം കിറ്റെക്സിന്റെ തെലങ്കാനയിലെ ഫാക്ടറികൾ സന്ദർശിക്കാനെത്തും. കൂടാതെ, നാരാ ലോകേഷിന്റെ മണ്ഡലത്തിൽ കിഴക്കമ്പലത്തുള്ളതു പോലെ 50% വിലക്കിഴിവിൽ ഉൽപ്പന്നങ്ങൾ ലഭ്യമാക്കുന്ന ഭക്ഷ്യ സുരക്ഷാ വിപണി സ്ഥാപിക്കുന്നതും സർക്കാരിന്റെ പരിഗണനയിലുണ്ട്.
‘‘സ്വന്തം നാട്ടിൽ നിന്നു പുറത്താക്കിയതു കൊണ്ടാണ് തെലങ്കാനയിലേക്കു പോകേണ്ടി വന്നത്. അവിടത്തെ ഫാക്ടറി കണ്ടിട്ട് ആന്ധ്രയും ആവശ്യപ്പെടുന്നു.
മറ്റൊരു സംസ്ഥാനത്തു പോയി സ്വന്തം കഴിവുകളും അനുഭവ സമ്പത്തും ഉപയോഗിക്കേണ്ട ഗതികേട് മലയാളി സംരംഭകർക്കു മാത്രമുള്ളതാണ്’’ – സാബു എം.ജേക്കബ് കൂട്ടിച്ചേർത്തു.
ആന്ധ്ര ടെക്സ്റ്റൈൽസ് വകുപ്പ് മന്ത്രി എസ്.സവിത മാസങ്ങൾക്ക് മുൻപ് കൊച്ചിയിലെത്തി സാബു എം. ജേക്കബുമാമായി പ്രാഥമിക ചർച്ചകൾ നടത്തിയിരുന്നുവെന്നും നിക്ഷേപത്തിനായി ഔദ്യോഗികമായി ക്ഷണിച്ചിരുന്നുവെന്നും അദ്ദേഹം അറിയിച്ചു.
എന്നാൽ, ട്രംപിന്റെ താരിഫ് യുദ്ധമുൾപ്പെടെയുള്ള സാഹചര്യങ്ങൾ നിലനിന്നിരുന്നതിനാൽ പുതിയ നിക്ഷേപ പദ്ധതികളിൽ നിന്ന് കിറ്റെക്സ് തൽക്കാലം വിട്ടുനിൽക്കുകയായിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

