തിരുവനന്തപുരം ഡിവിഷന് കീഴിൽ വനിതകൾക്കായി സംവരണം ചെയ്ത ട്രെയിൻ കോച്ചുകളിലും കാത്തിരിപ്പുമുറികളിലും അനധികൃതമായി പ്രവേശിച്ച പുരുഷ യാത്രക്കാരിൽ നിന്നും കഴിഞ്ഞ മൂന്നു വർഷത്തിനിടയിൽ 3.45 ലക്ഷം രൂപ പിഴ ഈടക്കിയതായി കണക്കുകൾ. 2024 മുതൽ 2026 ഓഗസ്റ്റ് വരെയുള്ള കാലയളവിൽ ആകെ 1,637 കേസുകളാണ് ഇത്തരത്തിൽ രജിസ്റ്റർ ചെയ്തിട്ടുള്ളത്.
റെയിൽ സുരക്ഷാ സേന (ആർപിഎഫ്) വിവരാവകാശ നിയമപ്രകാരം നൽകിയ മറുപടിയിലാണ് ഈ കണക്കുകൾ വ്യക്തമാക്കുന്നത്. തിരുവനന്തപുരം ഡിവിഷനിൽ വനിതാ കോച്ചുകളിൽ അതിക്രമിച്ചു കയറുന്ന പുരുഷന്മാരുടെ എണ്ണം വർഷം തോറും വർധിച്ചുവരുന്ന പ്രവണതയാണ് ഉള്ളത്.
കണക്കുകൾ പ്രകാരം 2024-ൽ 467 കേസുകൾ രജിസ്റ്റർ ചെയ്ത സ്ഥാനത്ത് 2025-ൽ അത് 802 ആയി ഉയർന്നു. തുടർന്ന് 2026 ഓഗസ്റ്റ് വരെ 368 കേസുകളുമാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്.
പിഴയിനത്തിലുള്ള തുകയിലും വലിയ വർദ്ധനവാണ് ഉണ്ടായിട്ടുള്ളത്. 2024-ൽ 16,630 രൂപ പിഴ ഈടാക്കിയപ്പോൾ, 2025-ൽ ഇത് 72,100 രൂപയായി വർദ്ധിച്ചു.
എന്നാൽ 2026 ഓഗസ്റ്റ് വരെ മാത്രം 2.56 ലക്ഷം രൂപയാണ് പുരുഷന്മാരിൽ നിന്നും പിഴയായി ഈടാക്കിയത്. ദക്ഷിണ റെയിൽവേയുടെ മറ്റ് ഡിവിഷനുകളിലെ കണക്കുകൾ പരിശോധിക്കുമ്പോൾ ഏറ്റവും കൂടുതൽ നടപടി സ്വീകരിച്ചിട്ടുള്ളത് ചെന്നൈ ഡിവിഷനിലാണ്.
2024 മുതൽ 2026 ഓഗസ്റ്റ് വരെ 4,395 കേസുകളിലായി 11 ലക്ഷം രൂപയാണ് ചെന്നൈ ഡിവിഷൻ പിഴ ഈടാക്കിയത്. മധുര ഡിവിഷനിൽ മൂന്നു വർഷത്തിനിടെ 187 കേസുകളിൽ നിന്നായി 58,700 രൂപയും, സേലം ഡിവിഷനിൽ 2024 മുതൽ 2026 ജൂലൈ വരെ 285 കേസുകളിലായി 1,35,600 രൂപയും പിഴ ഈടാക്കിയിട്ടുണ്ട്.
വനിതകൾക്കായി മാറ്റിവെച്ച സ്ഥലങ്ങളിൽ അനുവാദമില്ലാതെ പ്രവേശിക്കുന്ന പുരുഷന്മാർക്കെതിരെ റെയിൽവേ ആക്ട് 162 പ്രകാരമാണ് നടപടി സ്വീകരിക്കുന്നത്. മുൻപ് ഇതിനുള്ള പിഴ 500 രൂപയായിരുന്നെങ്കിലും, 2026-ൽ നിയമ ഭേദഗതി വരുത്തി ഇത് 2,500 രൂപയായി ഉയർത്തിയിട്ടുണ്ട്.
പിഴയടയ്ക്കാൻ തയ്യാറാകാത്ത പക്ഷം കോടതി മുഖേന 5,000 രൂപ വരെ പിഴ ഈടാക്കാനും, നിയമലംഘകരെ ട്രെയിനിൽ നിന്നു പുറത്താക്കാനും അധികാരികൾക്ക് അധികാരമുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

