സംസ്ഥാനത്ത് കെഎസ്ആർടിസിയുടെ കാലാവധി കഴിഞ്ഞ വർക്ഷോപ് വാനുകൾക്ക് പകരമായി 35 പ്രിയദർശിനി ബസുകൾ വർക്ഷോപ് വാനുകളായി മാറ്റുന്നു. 20 വർഷം പൂർത്തിയായതിനെ തുടർന്ന് ഒട്ടുമിക്ക ഡിപ്പോകളിലെയും പഴയ വാനുകൾ പൊളിക്കാനായി സെൻട്രൽ, റീജനൽ വർക്ഷോപ്പുകളിലേക്ക് മാറ്റിയ സാഹചര്യത്തിലാണ് പുതിയ തീരുമാനം.
കേന്ദ്ര സർക്കാരിന്റെ വാഹന സ്ക്രാപ്പിങ് നയം അനുസരിച്ച് 15 വർഷം കഴിഞ്ഞ പൊതുമേഖലാ വാഹനങ്ങൾ പൊളിച്ചുമാറ്റേണ്ടതാണ്. എന്നാൽ കടുത്ത സാമ്പത്തിക പ്രതിസന്ധിയും ബസ് ക്ഷാമവും കാരണം കെഎസ്ആർടിസിയുടെ കാലാവധി 20 വർഷമായി നിജപ്പെടുത്തിയിരുന്നു.
ഇതിന്റെ ഭാഗമായി, കഴിഞ്ഞ ദിവസം 20 വർഷം പൂർത്തിയാക്കിയ വാനുകൾക്ക് പകരമായി 16 വർഷം പഴക്കമുള്ളതും ഫിറ്റ്നസ് പരിശോധനയ്ക്ക് 6 മാസത്തിൽ കൂടുതൽ കാലാവധിയുള്ളതുമായ പ്രിയദർശിനി ബസുകളാണ് തിരഞ്ഞെടുത്തത്. പത്തനംതിട്ട ഡിപ്പോയുടെ ഒരു പ്രിയദർശിനി ബസും ഇക്കൂട്ടത്തിൽ ഉൾപ്പെടുന്നുണ്ട്.
വാനുകളാക്കാൻ നിശ്ചയിച്ച ബസുകൾ സെൻട്രൽ, റീജനൽ വർക്ഷോപ്പുകളിലേക്ക് ഇതിനോടകം അയച്ചിട്ടുണ്ട്. ഇവയുടെ സീറ്റുകൾ പൂർണ്ണമായി ഇളക്കിമാറ്റി, ടയറും സ്പെയർ പാർട്സും സുരക്ഷിതമായി ശേഖരിക്കാൻ കഴിയുന്ന രീതിയിൽ ഉൾവശത്ത് ആവശ്യമായ രൂപമാറ്റം വരുത്തി വീണ്ടും ഡിപ്പോകൾക്ക് കൈമാറും.
ദേശീയ–സംസ്ഥാന പാതകളിലും മലയോരങ്ങളിലെ ഇടവഴികളിലും കെഎസ്ആർടിസി ബസുകൾക്ക് സാങ്കേതിക തകരാറുകൾ ഉണ്ടായാൽ ആവശ്യമായ ടൂൾകിറ്റും മെക്കാനിക്കുമായി ഈ പുതിയ വാനുകൾ സേവനത്തിനായി കുതിച്ചെത്തും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

