കോഴിക്കോട് ഇ എം എസ് സ്റ്റേഡിയത്തിൽ നടന്ന ആവേശകരമായ സൂപ്പർ ലീഗ് കേരള മലബാർ ഡെർബിയിൽ കാലിക്കറ്റ് എഫ്സിക്ക് തകർപ്പൻ വിജയം. നിശ്ചിത സമയത്ത് ഇരുടീമുകളും ഓരോ ഗോൾ വീതം നേടി സമനില പാലിച്ചതിനെ തുടർന്ന് വിജയികളെ കണ്ടെത്താൻ ഷൂട്ടൗട്ട് വേണ്ടിവന്നു.
ആവേശകരമായ ഷൂട്ടൗട്ടിൽ 4-3 എന്ന സ്കോറിനാണ് കാലിക്കറ്റ് എഫ്സി വിജയം പിടിച്ചെടുത്തത്. ബ്രസീലിയൻ താരം ലിയോ, അർജന്റൈൻ താരങ്ങളായ ബോസോ, സോസ, കൂടാതെ ലാൽനുല്യുങ്മ എന്നിവരാണ് ഷൂട്ടൗട്ടിൽ കാലിക്കറ്റിനായി ലക്ഷ്യം കണ്ടത്.
മത്സരത്തിൽ മികച്ച മുന്നേറ്റങ്ങൾ നടത്തിയ മലപ്പുറത്തിന്റെ മൊറോക്കൻ താരം എൽഫോർസി, അബിത് എന്നിവരുടെ കിക്ക് ലക്ഷ്യത്തിലെത്തിക്കാൻ സാധിച്ചില്ല. മലപ്പുറത്തിന് വേണ്ടി അബ്ദുൽ സമദ്, നെദിം ഹാസിച്, ഗ്രേസ് അഡിയോ എന്നിവർ പെനാൽറ്റി ലക്ഷ്യത്തിലെത്തിച്ചപ്പോൾ, കാലിക്കറ്റിന്റെ നിരയിൽ അഗസ്റ്റിൻ വില്ലലോബോസ് കിക്ക് പാഴാക്കി.
മത്സരത്തിന്റെ ഔദ്യോഗിക കണക്കുകൾ പ്രകാരം 31,876 ആരാധകരാണ് കളി നേരിട്ട് കാണാൻ സ്റ്റേഡിയത്തിൽ എത്തിയിരുന്നത്. എസ്.എൽ.കെ മലബാർ ഡെർബിയുടെ ചരിത്രത്തിലെ അഞ്ചാം മത്സരമാണിത്.
ഇതുവരെ നടന്ന അഞ്ച് മത്സരങ്ങളിൽ നാലെണ്ണത്തിലും വിജയം സ്വന്തമാക്കിയ കാലിക്കറ്റ് എഫ്സി തങ്ങളുടെ മേധാവിത്വം ഒരിക്കൽ കൂടി ഊട്ടിയുറപ്പിച്ചു. ഒരു മത്സരം സമനിലയിലാണ് അവസാനിച്ചത്.
ആദ്യം മുന്നിലെത്തി മലപ്പുറം മത്സരത്തിന്റെ രണ്ടാം പകുതിയിലാണ് ആദ്യ ഗോൾ പിറന്നത്. 64-ാം മിനുട്ടിൽ മനോഹരമായ ടീം വർക്കിലൂടെ മലപ്പുറം എഫ്സി മുന്നിലെത്തി.
മധ്യഭാഗം പിന്നിട്ട ഉടനെ ബിബിൻ ജയൻ ബോക്സിലേക്ക് നൽകിയ ക്രോസ് ബോൾ മാർക്ക് ചെയ്യപ്പെടാതെ നിന്ന മഷൂർ ഷെരീഫ് ഹെഡ്ഡറിലൂടെ ഡാനിയേലിന് തട്ടിയിട്ടുകൊടുത്തു.
കാലിക്കറ്റ് ഗോളി മിർഷാദിന്റെ മികച്ച സേവുകളെ മറികടന്ന് ഡാനിയേൽ പന്ത് വലയിലെത്തിച്ചു. ഗോൾ മടക്കാനായി കാലിക്കറ്റ് കോച്ച് അഡ്രിയാനോ ഡിമാൽഡെ നടത്തിയ തന്ത്രം ഫലം കണ്ടു.
78-ാം മിനുട്ടിൽ ഇടത് വിങ്ങിൽ നിന്ന് അർജന്റൈൻ പ്ലേമേക്കർ ബോസോ നൽകിയ മനോഹരമായ പാസ് സ്വീകരിച്ച ബ്രസീലിയൻ മുന്നേറ്റ താരം ലിയോ, ഫസ്റ്റ് ടച്ചിലൂടെ പന്ത് ഗോളാക്കി മാറ്റി കാലിക്കറ്റിനെ ഒപ്പമെത്തിച്ചു. ആവേശകരമായ തുടക്കം തുടക്കം മുതൽ തന്നെ ഇരുടീമുകളും മികച്ച പോരാട്ടമാണ് കാഴ്ചവെച്ചത്.
മൂന്നാം മിനുട്ടിൽ മലപ്പുറം ആദ്യ ടാർഗറ്റ് ഷോട്ട് പായിച്ചു. പതിനൊന്നാം മിനുട്ടിൽ ബോസോയെ ഫൗൾ ചെയ്തതിന് കാലിക്കറ്റിന് ഫ്രീകിക്ക് ലഭിച്ചു.
ബോസോയെ പൂട്ടുക എന്ന തന്ത്രമായിരുന്നു മലപ്പുറം പുറത്തെടുത്തത്. തുടർന്ന് ബോസോ പലതവണ ഫൗളുകൾക്ക് ഇരയായി.
പതിനാറാം മിനുട്ടിൽ മലപ്പുറത്തിന്റെ ക്യാപ്റ്റൻ സുകോന തൊടുത്ത ഷോട്ട് ഗോളി മിർഷാദ് അത്ഭുതകരമായി തടഞ്ഞു. ആദ്യ പകുതിയിൽ പലതവണ മലപ്പുറം ഗോൾമുഖം വിറപ്പിച്ചെങ്കിലും കാലിക്കറ്റ് പ്രതിരോധം ഉറച്ചുനിന്നു.
കോഴിക്കോട് ഇ എം എസ് സ്റ്റേഡിയം ഫുട്ബോൾ ആവേശത്തിന്റെ അലയൊലികളിൽ മുഴുകിയ മത്സരമാണ് മലബാറിന്റെ മണ്ണിൽ അരങ്ങേറിയത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

