ആർഎസ്എസ് നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനവുമായി സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി കെ.കെ. രാഗേഷ് രംഗത്ത്.
ആർഎസ്എസ് വിലാസത്തിൽ ക്ഷേത്രങ്ങളിൽ കയറി എന്തുമാകാമെന്ന് കരുതേണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. കള്ളുകുടിക്കുന്നവരുടെയും കഞ്ചാവ് അടിക്കുന്നവരുടെയും ഇടമല്ല ക്ഷേത്രങ്ങളെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.
കണ്ണൂർ വേങ്ങാട് നടന്ന രാഷ്ട്രീയ വിശദീകരണ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ശ്രീകൃഷ്ണ ജയന്തി ഘോഷയാത്രകളിൽ പങ്കെടുക്കുന്ന കുട്ടികൾ പിന്നീട് ശാഖകളിലേക്ക് ആകർഷിക്കപ്പെടുകയും, തുടർന്ന് അവരുടെ സ്വഭാവം മാറി ചുവന്ന കൊടികൾ നശിപ്പിക്കാൻ തോന്നുന്ന രീതിയിലേക്ക് കാര്യങ്ങൾ എത്തുന്നതായും അദ്ദേഹം ആരോപിച്ചു.
കൃഷ്ണനാകാൻ പോകുന്ന കുട്ടികളെ ആർഎസ്എസ് കംസന്മാരാക്കി മാറ്റുകയാണെന്നും, ആർഎസ്എസ് കൂടുതൽ കളികളുമായി മുന്നോട്ട് വരേണ്ടതില്ലെന്നും കെ.കെ. രാഗേഷ് മുന്നറിയിപ്പ് നൽകി.
സംസ്ഥാനത്തെ പൊലീസ് സേന ആർഎസ്എസിന് ഒത്താശ ചെയ്യുകയാണെന്നും യോഗത്തിൽ ഗുരുതരമായ ആരോപണം ഉയർന്നു. ആയുധങ്ങളുമായി സംഘടിക്കുന്ന ആർഎസ്എസുകാരെ കണ്ടില്ലെന്ന് നടിക്കുന്ന പൊലീസ്, സിപിഎം പ്രതിഷേധ യോഗങ്ങൾക്ക് മൈക്ക് അനുമതി നിഷേധിക്കുകയാണ് ചെയ്യുന്നത്.
ലാത്തിയും തോക്കും വലിച്ചെറിഞ്ഞ് പൊലീസ് വേറെ വല്ല ജോലിക്കും പോകുന്നതാണ് നല്ലതെന്നും, പൊലീസ് സേന അവരുടെ യഥാർത്ഥ കർത്തവ്യം നിർവഹിക്കാൻ തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. തങ്ങളെ ആക്രമിക്കാൻ എത്തുന്നവരോട് സൗമ്യ സമീപനം ഉണ്ടാകില്ലെന്നും അദ്ദേഹം പ്രസംഗത്തിൽ കൂട്ടിച്ചേർത്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

