ലോകത്തെ തൊഴിലവസരങ്ങൾക്ക് അനുയോജ്യമായി സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പുതിയ കോഴ്സുകൾ ആരംഭിക്കുമെന്ന് മുഖ്യമന്ത്രി വി.ഡി.സതീശൻ വ്യക്തമാക്കി. തിരുവല്ലയിൽ നടന്ന വിവിധ പരിപാടികളിൽ സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.
പുതിയ കോഴ്സുകൾ ആരംഭിക്കുന്നതിന് ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് കൂടുതൽ സ്വാതന്ത്ര്യം നൽകും. അടുത്ത അധ്യയന വർഷത്തിൽ ഏതാനും കോഴ്സുകൾ ആരംഭിക്കും.
അതിനടുത്ത വർഷമാകുമ്പോഴേക്കും കൂടുതൽ കോഴ്സുകളുമായി വിദ്യാഭ്യാസ സ്ഥാപനങ്ങൾ സജ്ജമാകും. കേരളത്തിലെ വിദ്യാർഥികൾക്ക് ഉപരിപഠനത്തിനും അതിനുശേഷം തൊഴിൽലഭ്യതയ്ക്കും അവസരം ഉറപ്പാക്കും.
കേരളത്തിനു പുറത്തുള്ള വിദ്യാർഥികളെക്കൂടി എത്തിക്കുന്ന വിധത്തിലേക്കു വിദ്യാഭ്യാസ ഹബ്ബാക്കി മാറ്റും. വിദേശത്തു ജോലി ചെയ്തു നാട്ടിലേക്കു പണമയയ്ക്കുന്ന രീതി മാറി നാട്ടിൽ പണം നിക്ഷേപിക്കുന്ന രീതിയിലേക്കു മാറണം.
പരദൂഷണം പറയുന്ന സുഖം മറ്റൊന്നിനും കിട്ടില്ലെന്നും വർഷങ്ങൾക്കു ശേഷം പരദൂഷണം വരെ തിരിച്ചറിയുന്ന സാങ്കേതികവിദ്യ വരുമെന്നും മുഖ്യമന്ത്രി പറഞ്ഞു. “ഞാനും വർഗീസ് മാമ്മൻ എംഎൽഎയും അടുത്തടുത്ത് ഇരിക്കുകയാണ്.
തൊട്ടപ്പുറത്തു സംവിധായകൻ ബ്ലെസിയും. ഞാനും വർഗീസ് മാമ്മനും കൂടി ബ്ലെസിയെക്കുറിച്ചു പരദൂഷണം പറഞ്ഞെന്നു കരുതുക.
കുറച്ചുകാലം കഴിഞ്ഞു ബ്ലെസിയുടെ കൊച്ചുമക്കൾ വന്നു ഞങ്ങളുടെ കൊച്ചുമക്കളോടു ചോദിക്കും ‘പണ്ട് ഇങ്ങനെ പരദൂഷണം പറഞ്ഞില്ലേ’യെന്ന്. സംസാരിക്കുമ്പോൾ വായുവിലുണ്ടാകുന്ന തരംഗങ്ങൾ വരെ പിടിച്ചെടുത്തു വായിക്കുന്ന സാങ്കേതികവിദ്യയൊക്കെ അപ്പോഴേക്കും വരും.
അത്ര വേഗമാണു സാങ്കേതികവിദ്യ മാറുന്നത്,” അദ്ദേഹം വ്യക്തമാക്കി. ജനനനിരക്ക് കുറയുന്നതിനൊപ്പം ആയുർദൈർഘ്യം വർധിക്കുന്ന സാഹചര്യത്തിൽ സംസ്ഥാനം പുതിയ സാമൂഹിക-സാമ്പത്തിക ആസൂത്രണം നടത്തേണ്ടതുണ്ട്.
വയോജനങ്ങളെ സംരക്ഷിക്കുന്നതിനൊപ്പം അവരെക്കൂടി പുതിയകാലത്തിനു പ്രയോജനപ്പെടുത്താനാണു വയോജന വകുപ്പ് ആരംഭിച്ചത്. വയോജനങ്ങൾക്കായി ലീഗൽ ഗാരന്റി നൽകാൻ പോകുകയാണ്.
ഗാരന്റി നൽകുന്ന ലോകത്തെ ആദ്യത്തെ സർക്കാരാകും കേരളത്തിലേത്. ആയുർദൈർഘ്യം വർധിച്ചുവരുന്ന സാഹചര്യത്തിൽ ജോലി ചെയ്യുന്ന കാലഘട്ടത്തിൽ തന്നെ വിരമിച്ച ശേഷമുള്ള ജീവിതത്തെക്കുറിച്ച് ആസൂത്രണം ചെയ്യണം.
യുവാക്കൾക്കും ജോലി ചെയ്യുന്നവർക്കും മുതിർന്നവർക്കും ജീവിതത്തിന്റെ വിവിധ ഘട്ടങ്ങളെക്കുറിച്ചു കൃത്യമായ ആസൂത്രണം ആവശ്യമാണ്. ഇപ്പോൾ പത്താം ക്ലാസിൽ പഠിക്കുന്നതിന്റെ പകുതി കുട്ടികൾ മാത്രമേ ഒന്നാം ക്ലാസിലുള്ളൂ.
ദമ്പതികൾ തമ്മിലുള്ള പ്രായവ്യത്യാസം കുറഞ്ഞു. ജോലി ലഭിച്ചിട്ടു മതി വിവാഹമെന്നാണു മിക്കവരുടെയും തീരുമാനം.
കുട്ടികളെ സംബന്ധിച്ചും ആസൂത്രണമുണ്ട്. ജില്ലയിൽ യുവാക്കൾ പുറത്തേക്കു പോകുന്ന പ്രവണത കൂടുതലാണ്.
പഠിച്ചാൽ ഉടൻ ജോലി ലഭിക്കുന്ന കോഴ്സുകൾ വരുന്നതോടെ സ്ഥിതി മാറും. ഭാര്യയും ഭർത്താവും മാത്രമായി എത്രനേരം സംസാരിച്ചിരിക്കും.
കുട്ടികൾ കൂടി ഉണ്ടെങ്കിലേ കുടുംബം പൂർണമാകൂവെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. പത്തനംതിട്ടയിൽ 75 വർഷം മുൻപ് ദീർഘ വീക്ഷണത്തോടെ സ്ഥാപിച്ച കാതോലിക്കേറ്റ് കോളജ് അറിവിന്റെ പ്രകാശ ഗോപുരമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.
കോളജിലെ പ്ലാറ്റിനം ജൂബിലി ആഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എംജി സർവകലാശാല യൂണിയൻ ചെയർമാൻ ആയിരുന്ന കാലം മുതൽ കാതോലിക്കേറ്റ് കോളജുമായി ബന്ധമുണ്ടായിരുന്നു.
പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവ അധ്യക്ഷത വഹിച്ചു. പുതിയ മാറ്റങ്ങൾ ഈ സർക്കാരിലൂടെ കാണുന്നുണ്ടെന്നും പ്രിയദർശിനി, തൂഫാൻ, വയോജന വകുപ്പ് എന്നിവ അതിന്റെ ഉദാഹരണമാണെന്നും കാതോലിക്കാ ബാവ പറഞ്ഞു.
മന്ത്രി റോജി എം.ജോൺ പ്ലാറ്റിനം ജൂബിലി പദ്ധതികൾ ഉദ്ഘാടനം ചെയ്തു. അടുത്ത അധ്യയന വർഷം മുതൽ കാതോലിക്കേറ്റ് കോളജിൽ പുതിയ കോഴ്സുകൾ തുടങ്ങുന്നതിനുള്ള അനുമതി നൽകുമെന്നും മന്ത്രി അറിയിച്ചു.
പരിസ്ഥിതിലോല മേഖലയിൽ ഉൾപ്പെട്ട ജില്ലയിലെ 7 വില്ലേജുകളെ അതിലോല മേഖലയെന്നും ജനവാസ മേഖലയെന്നും രണ്ടായി തിരിച്ചു ജനങ്ങളുടെ ആശങ്കയ്ക്കു പരിഹാരം കാണാൻ സർക്കാർ ശ്രമിക്കണമെന്ന് ഡോ.ഏബ്രഹാം മാർ സെറാഫിം ആവശ്യപ്പെട്ടു.
ആന്റോ ആന്റണി എംപി, എംഎൽഎമാരായ അബിൻ വർക്കി, സി.വി.ശാന്തകുമാർ, കുര്യാക്കോസ് മാർ ക്ലിമ്മീസ് വലിയ മെത്രാപ്പൊലീത്ത, നഗരസഭാധ്യക്ഷ സിന്ധു അനിൽ, അസോസിയേഷൻ സെക്രട്ടറി ബിജു ഉമ്മൻ, ജോൺസൺ കല്ലിട്ടതിൽ കോറെപ്പിസ്കോപ്പ, പ്രിൻസിപ്പൽ ഡോ. റെന്നി പി.വർഗീസ്, പിടിഎ വൈസ് പ്രസിഡന്റ് ഷിബു കെ ഏബ്രഹാം, അലുമ്നി വൈസ്പ്രസിഡന്റ് ഷാജി മഠത്തിലേത്ത്, യൂണിയൻ ചെയർപഴ്സൻ പി.വി.ശ്രീദേവി തുടങ്ങിയവർ ചടങ്ങിൽ പ്രസംഗിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

