സംസ്ഥാനത്ത് യുഡിഎഫ് യോഗം വിളിക്കാതെയും തന്നെ അറിയിക്കാതെയുമാണ് സർക്കാർ പ്രധാന തീരുമാനങ്ങൾ പോലും കൈക്കൊള്ളുന്നതെന്ന മുന്നണി കൺവീനറുടെ പ്രതികരണത്തിൽ കോൺഗ്രസിൽ ഭിന്നത രൂക്ഷമാകുന്നു. പ്രസ്താവനയുമായി രംഗത്തെത്തിയ അടൂർ പ്രകാശിനെ തള്ളി രാജ്മോഹൻ ഉണ്ണിത്താൻ എംപി രംഗത്തെത്തി.
പാർട്ടിയിൽ പറയേണ്ട കാര്യങ്ങൾ പരസ്യമായി വാർത്താസമ്മേളനം വിളിച്ച് പറഞ്ഞാൽ അത് വഹിക്കുന്ന പദവിയുടെ അന്തസ്സിന് നിരക്കുന്നതാണോ എന്ന് അദ്ദേഹം ചോദിച്ചു.
വാർത്താസമ്മേളനം നടത്താൻ തിരഞ്ഞെടുത്ത സമയം ശരിയായ രീതിയിലല്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കേരളത്തിൽ നിലവിൽ പാർട്ടി സംവിധാനമില്ലെന്നും നേതാക്കളെല്ലാം മന്ത്രിമാരായി മാറിയിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
‘‘പല മന്ത്രിമാരേയും തെരുവിൽ തടയുകയാണ്. ഈ വിഷയത്തിലാകും യുഡിഎഫ് കൺവീനർ പത്രസമ്മേളനം വിളിച്ചതെന്നാണ് ഞാൻ കരുതിയത്.
യുഡിഎഫുകാരെ ആക്രമിക്കുമ്പോൾ പ്രതിരോധം തീർക്കേണ്ട, അവർക്കെതിരെ പ്രത്യാക്രമണം നടത്തേണ്ട ആളാണ് യുഡിഎഫ് കൺവീനർ.
എന്നാൽ ആ യുഡിഎഫ് കൺവീനർ ഇന്നലത്തെ ആ ദിവസം പത്രസമ്മേളനം നടത്താൻ തിരഞ്ഞെടുത്തത് പന്തിയുള്ള കാര്യമല്ല. ഇരിക്കുന്ന പദവിക്ക് നിരക്കാത്ത കാര്യമാണ് അദ്ദേഹം ചെയ്തത്.’’ ‘‘പത്രസമ്മേളനത്തിൽ അദ്ദേഹം തന്നെ പറഞ്ഞു അദ്ദേഹത്തെ നിയമിച്ചത് ഹൈക്കമാൻഡ് ആണെന്ന്.
എന്നാൽ ഹൈക്കമാൻഡിനെ പോയി കാര്യം അറിയിച്ചാൽ പോരെ. യുഡിഎഫ് യോഗം വിളിക്കാതെയാണ് കേരളത്തിലെ നേതൃത്വം നീങ്ങുന്നതെങ്കിൽ അത് പാർട്ടിക്കകത്ത് അല്ലെങ്കിൽ പാർട്ടി ഫോറത്തിൽ പറയേണ്ട
കാര്യമാണ്. അത് പത്രസമ്മേളനം വിളിച്ച് പറഞ്ഞാൽ ഇരിക്കുന്ന പദവിയുടെ അന്തസിന് നിരക്കുന്ന കാര്യമാണോ? യുഡിഎഫ് കൺവീനറുടെ വ്യക്തിപരമായ കാര്യമാണോ അതോ യുഡിഎഫിന്റെ പൊതുവായ താൽപര്യമാണോ അദ്ദേഹം പറഞ്ഞത്?’’– രാജ്മോഹൻ ഉണ്ണിത്താൻ വ്യക്തമാക്കി.
കേരളത്തിൽ പാർട്ടിയില്ലെന്നും പ്രധാന നേതാക്കളെല്ലാം മന്ത്രിമാരുടെ ചുമതലയിലാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കെപിസിസി പ്രസിഡന്റ്, യൂത്ത് കോൺഗ്രസ് പ്രസിഡന്റ്, രണ്ട് വർക്കിങ് പ്രസിഡന്റുമാർ എന്നിവരെല്ലാം മന്ത്രിമാരാണ്.
കേരളത്തിൽ ഇതുവരെ പാർട്ടിയുടെ തലപ്പത്തുള്ള ആളുകൾ ഇത്രയധികം ക്യാബിനറ്റിൽ അംഗങ്ങളായി വന്നിട്ടില്ല. കെപിസിസി പുനഃസംഘടിപ്പിക്കണമെന്ന് ആയിരം തവണ ആവശ്യപ്പെട്ടതാണ്.
പുതിയ നേതൃത്വം ചുമതലയേറ്റാൽ പല പ്രശ്നങ്ങളും പരിഹരിക്കാൻ സാധിക്കുമെന്നും കേരളത്തിലെ പതിനാല് ജില്ലകളിലും മാറ്റങ്ങൾ അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു. തന്റെ പരാതികൾ എഐസിസിയെ അറിയിക്കുമെന്ന് അടൂർ പ്രകാശ് വ്യക്തമാക്കിയിരുന്നു.
വിഷയത്തിൽ ഹൈക്കമാൻഡ് ഉചിതമായ തീരുമാനമെടുക്കുമെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് പ്രതികരിച്ചു. അദ്ദേഹം മുതിർന്ന നേതാവാണെന്നും അദ്ദേഹത്തെ നിയമിച്ചത് എഐസിസി ആണെന്നും അതിനാൽ അവർ ഔദ്യോഗിക നിലപാട് അറിയിക്കുമെന്നും സണ്ണി ജോസഫ് വ്യക്തമാക്കി.
മുഖ്യമന്ത്രിയുമായും യുഡിഎഫ് കൺവീനറുമായും മറ്റ് മുതിർന്ന നേതാക്കളുമായും ചർച്ച നടത്തിയ ശേഷമാണ് തീരുമാനങ്ങൾ എടുക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

