കേരളത്തിൽ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് (എയിംസ്) സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട നീക്കങ്ങളിൽ നിർണായക വഴിത്തിരിവ്.
പദ്ധതി നിരസിച്ചുകൊണ്ട് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിൽ നിന്ന് കത്ത് ലഭിച്ച് ദിവസങ്ങൾക്കകം, കോട്ടയം വെള്ളൂരിൽ എയിംസ് പരിഗണിക്കാമെന്നറിയിച്ചുകൊണ്ട് പുതിയ അറിയിപ്പ് പുറത്തുവന്നു. കേന്ദ്ര സർക്കാരിന്റെ ഈ പെട്ടെന്നുള്ള നിലപാട് മാറ്റത്തിന് പിന്നിൽ അടുത്തിടെ സംസ്ഥാനം സന്ദർശിച്ച ഒരു പ്രമുഖ വിവിഐപിയുടെ ഇടപെടലാണെന്നാണ് സൂചനകൾ പുറത്തുവരുന്നത്.
കേരളത്തിലെത്തിയ വിവിഐപി, സംസ്ഥാനത്ത് വൈകാതെ എയിംസ് യാഥാർത്ഥ്യമാകുമെന്നും അടുത്ത കേന്ദ്രം കേരളമായിരിക്കുമെന്നും ഉറപ്പുനൽകിയിരുന്നു. വർഷങ്ങളുടെ ചരിത്രമുള്ള കേരളത്തിന്റെ എയിംസിനായുള്ള ശ്രമങ്ങൾ കഴിഞ്ഞ ദിവസങ്ങളിലാണ് കൂടുതൽ ഊർജിതത്യത്തിലേക്ക് കടന്നത്.
ഇതിന്റെ ഭാഗമായി ഒഗസ്റ്റ് ആദ്യവാരം ഉദ്യോഗസ്ഥ സംഘം കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിൽ നേരിട്ടെത്തി ചർച്ചകൾ നടത്തിയിരുന്നു. സംസ്ഥാനത്തെ 9 വ്യത്യസ്ത സ്ഥലങ്ങൾ എയിംസിനായി അനുയോജ്യമാണെന്ന് കാണിച്ച് സാധ്യതാ പഠന റിപ്പോർട്ടും കേരളം സമർപ്പിച്ചിരുന്നു.
ഇതിന് പിന്നാലെ ലോക്സഭയിൽ എം.പി കെ. ഫ്രാൻസിസ് ജോർജ് ഉന്നയിച്ച ചോദ്യത്തിന് കേന്ദ്ര ആരോഗ്യ മന്ത്രി ജെ.പി.
നഡ്ഡ അനുകൂലമായ ഉറപ്പുകൾ നൽകുകയും ചെയ്തിരുന്നു. എന്നാൽ ഇതിനുപിന്നാലെ സംസ്ഥാന ആരോഗ്യ വകുപ്പിന് ലഭിച്ച ഔദ്യോഗിക കത്ത് വലിയ നിരാശയാണ് സമ്മാനിച്ചത്.
കേരളത്തിന്റെ ശുപാർശ പരിഗണിച്ചെങ്കിലും തൽക്കാലം എയിംസ് അനുവദിക്കാൻ കഴിയില്ലെന്നായിരുന്നു കത്തിലുള്ളത്. പകരം, സംസ്ഥാനത്തെ നാല് സർക്കാർ മെഡിക്കൽ കോളജുകളിലെ ചികിത്സാ സൗകര്യങ്ങൾ മെച്ചപ്പെടുത്താൻ പ്രത്യേക സാമ്പത്തിക സഹായം നൽകാം എന്ന വാഗ്ദാനവും കേന്ദ്രം മുന്നോട്ടുവെച്ചിരുന്നു.
ഇതോടെ തുടർനടപടികൾക്കായി വീണ്ടും ഡൽഹിയിലെത്തി സമ്മർദ്ദം ശക്തമാക്കാൻ അധികൃതർ ആലോചിച്ചെങ്കിലും ചില പ്രതിഷേധങ്ങളെ തുടർന്ന് യാത്ര നീളുകയായിരുന്നു. ഇതിനിടയിലാണ് കോട്ടയം വെള്ളൂരും കൊരട്ടിയും പരിഗണിക്കാമെന്ന നിർദ്ദേശവുമായി കേന്ദ്രത്തിൽ നിന്നും വീണ്ടും കത്തുകളെത്തിയത്.
കഴിഞ്ഞ 28-ാം തീയതി ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണൻ കേരളത്തിലെത്തിയതിനു പിന്നാലെയാണ് കാര്യങ്ങളിൽ പെട്ടെന്ന് മാറ്റമുണ്ടായത്.
തിരുവനന്തപുരത്ത് ശ്രീ ഉത്രാടം തിരുനാൾ ആശുപത്രിയിലെ ചടങ്ങിൽ സംസാരിക്കവെ, കേരളത്തിന് എയിംസ് ഉടൻ ലഭ്യമാക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ഉപരാഷ്ട്രപതി വ്യക്തമാക്കിയിരുന്നു. വള്ളിക്കാവിൽ മാതാ അമൃതാനന്ദമയിയുടെ ജന്മദിനാഘോഷത്തിൽ പങ്കെടുക്കാനാണ് അദ്ദേഹം കേരളത്തിലെത്തിയത്.
ഉപരാഷ്ട്രപതി മടങ്ങി രണ്ടു ദിവസത്തിനകം തന്നെ എയിംസ് പരിഗണനയിലുണ്ടെന്ന ഔദ്യോഗിക അറിയിപ്പും സംസ്ഥാന സർക്കാരിന് ലഭിക്കുകയായിരുന്നു. ആദ്യം കോഴിക്കോട് കിനാലൂർ, കോട്ടയം, എറണാകുളം, തിരുവനന്തപുരം എന്നീ നാല് സ്ഥലങ്ങളാണ് സർക്കാർ കണ്ടെത്തിയിരുന്നതെങ്കിൽ, പിന്നീട് കാസർകോട്, കോഴിക്കോട്, തൃശൂർ, എറണാകുളം, കോട്ടയം, ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം എന്നീ ജില്ലകളിലായി ഒൻപത് സ്ഥലങ്ങളുടെ പട്ടികയാണ് സർക്കാർ കേന്ദ്രത്തിന് കൈമാറിയിരുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

