പന്ത്രണ്ട് വർഷത്തിലൊരിക്കൽ മാത്രം വിരിയുന്ന നീലക്കുറിഞ്ഞി പൂക്കളുടെ വശ്യഭംഗിയിൽ ആറാടി മൂന്നാർ. പൂക്കാലത്തിന്റെ വരവറിയിച്ച് കുറിഞ്ഞിയാണ്ടവനെ പ്രീതിപ്പെടുത്തുന്ന ആചാരങ്ങളുമായി മുതുവാൻ സമുദായാംഗങ്ങൾ രംഗത്തെത്തി.
മൂന്നാർ ഗവ. കോളജിന്റെ നേതൃത്വത്തിലാണ് സമുദായാംഗങ്ങളെ പങ്കെടുപ്പിച്ച് ചടങ്ങുകൾ സംഘടിപ്പിച്ചത്.
കോളജ് ക്യാമ്പസിന് സമീപത്തായി പൂത്തുനിൽക്കുന്ന കുറിഞ്ഞിച്ചെടികൾക്ക് അരികിലാണ് ഇന്നലെ പ്രത്യേക പൂജകളും പൊങ്കാലയും നടത്തിയത്. പൂക്കാലത്തിന് സമാപ്തി കുറിച്ച് ഉണങ്ങുന്ന കുറിഞ്ഞിച്ചെടികളിലെ അവശേഷിക്കുന്ന അരികളാണ് കുറിഞ്ഞിയാണ്ടവന്റെ ഇഷ്ടഭക്ഷണമെന്നാണ് മുതുവാൻ വിഭാഗത്തിന്റെ നൂറ്റാണ്ടുകൾ പഴക്കമുള്ള വിശ്വാസം.
നീലക്കുറിഞ്ഞി ഗ്രാമങ്ങളിൽ ഐശ്വര്യം നിറയ്ക്കുമെന്നും ഇവർ ഉറച്ചു വിശ്വസിക്കുന്നു. പൂക്കൾ വിരിഞ്ഞുതുടങ്ങുന്ന ഘട്ടത്തിൽ പ്രത്യേക പൂജാരിയെത്തിയാണ് പൊങ്കാല അർപ്പിക്കുന്നത്.
ചടങ്ങിന്റെ ഭാഗമായി പൂജാരി തേനീച്ചകളെ പൂക്കളിൽ നിന്നും തേൻ നുകരുവാൻ പ്രാർത്ഥനയോടെ ക്ഷണിച്ചു. ആദിവാസികൾ പൂക്കാലത്ത് ശേഖരിക്കുന്ന ആദ്യ കുറിഞ്ഞിത്തേൻ, പൂക്കാലത്തിന്റെ സമാപന ചടങ്ങിൽ ആണ്ടവന് സമർപ്പിക്കുന്നതാണ് ഇവിടുത്തെ പ്രധാന ആചാരം.
കോളജ് പരിസരത്ത് നടന്ന ചടങ്ങിൽ പൂജയ്ക്ക് ചീഫ് ഫോറസ്റ്റ് പ്രിൻസിപ്പൽ കൺസർവേറ്റർ ഡോ. പ്രമോദ് കൃഷ്ണൻ ഔദ്യോഗികമായി തുടക്കം കുറിച്ചു.
കോളജ് പ്രിൻസിപ്പൽ ഡോ. പി.ജെ.വിൻസന്റ്, ഡോ.
ജയശങ്കർ, കുമാരി നിരഞ്ജന, സന്തോഷ്, രാജേന്ദ്രൻ സയാർമല തുടങ്ങിയ പ്രമുഖർ ചടങ്ങിൽ സംസാരിച്ചു. കട്ടമുടി മുതുവാൻ കുടിയിലെ പാൽ രാജിന്റെ നേതൃത്വത്തിലുള്ള എട്ടംഗ സംഘമാണ് ഇത്തവണത്തെ കുറിഞ്ഞി പൂജയ്ക്ക് കാർമികത്വം വഹിച്ചത്.
വട്ടവട സ്വാമിയാറക്കുടിയിലെ രാമസ്വാമി, ശാന്തൻപാറ ആടു വിളന്താൻകുടിയിലെ എസ്.പി.വെങ്കിടാചലം, ഇടമലക്കുടിയിലെ പരമശിവം, ചിന്നക്കനാൽ ചെമ്പകത്തൊഴു കുടിയിലെ പാൽ രാജ്, ബൈസൻ വാലി കോമാളിക്കുടിയിലെ രാജേന്ദ്രൻ, വട്ടവട
സ്വാമിയാറളക്കുടിയിലെ രാമ രാജ്, മാങ്കുളം വേലിയംപാറക്കുടിയിലെ രവി ചിന്നത്തമ്പി, ചിന്നക്കനാൽ ചെമ്പകത്തൊഴുകുടിയിലെ എം.മുത്തു രാജ് എന്നിവരാണ് പൂജാകർമങ്ങളിൽ പങ്കെടുത്ത മറ്റ് മുഖ്യ കാർമികർ. പൂജയുടെ ഭാഗമായി കുറിഞ്ഞിയാണ്ടവന് പൂക്കളും പഴങ്ങളും മലരും നിവേദിക്കുകയും തേങ്ങയുടയ്ക്കുകയും വെറ്റിലയും അടയ്ക്കയും തേൻ റാത്തലുകളും സമർപ്പിക്കുകയും ചെയ്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

